ഫെബ്രുവരിയെന്നാൽ പ്രണയിക്കുന്നവരുടെ മാസമാണ്. തങ്ങളുടെ സ്നേഹം പങ്കുവയ്ക്കുന്ന ദിവസങ്ങൾ. പരസ്പരം കാണാനും യാത്രകൾ പോകാനും ഒക്കെയായി പലരും ഈ ദിവസം ഉപയോഗിക്കുന്നു. ചിലരാവട്ടെ, കാത്തിരുന്ന് തങ്ങളുടെ പ്രണയം വെളിപ്പെടുത്തുന്ന ദിവസം കൂടിയാണിത്. എന്തൊക്കെയായാലും യാത്രകൾ ഇല്ലാതെ വാലന്‍റൈൻസ് ദിനം പൂർത്തിയാകില്ല. അപ്പോൾ അടുത്ത സംശയമെത്തും, എവിടേക്ക് പോകും?
ഈ വാലന്‍റൈൻസ് ദിനത്തിൽ കെഎസ്ആർടിസിക്ക് ഒപ്പം യാത്ര ചെയ്താലോ? നിങ്ങളുടെ പ്രിയപ്പെട്ടവർക്കൊപ്പം ഇടുക്കിയുടെ കുളിരിലേക്ക് രണ്ടു ദിവസത്തെ ഒരു യാത്ര. പോക്കറ്റ് കാലിയാക്കാതെ, നിങ്ങളുടെ പ്രിയപ്പെട്ടവർക്കൊപ്പം പ്രണയദിനം ആഘോഷിക്കാൻ പോകാൻ പറ്റിയ ഒരു പാക്കേജ് പരിചയപ്പെട്ടാലോ..

വാലന്‍റൈൻസ് ദിനത്തിന് വേണ്ടി പ്രത്യേകം നടത്തുന്ന യാത്രയല്ലെങ്കിലും പ്രണയദിനത്തിൽ യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് തിരഞ്ഞെടുക്കാൻ പറ്റിയ ഒരു യാത്രയാണ് കെഎസ്ആർടിസി മലപ്പുറം ബജറ്റ് ടൂറിസം സെല്ലിന്‍റെ വാഗമൺ- ചെറുതോണി- ഇടുക്കി പാക്കേജ്. പ്രിയപ്പെട്ടവർക്കൊപ്പം ഇടുക്കിയുടെ കുളിരിലേക്ക്, അതിമനോഹരമായ കാഴ്ചകളിലേക്ക് രണ്ടു ദിവസത്തെ യാത്രയാണിത്.
വാലന്‍റൈൻസ് ദിനമായ ഫെബ്രുവരി 14 ന് വെള്ളിയാഴ്ച രാത്രി 9.00 മണിക്ക് മലപ്പുറം ഡിപ്പോയിൽ നിന്ന് യാത ആരംഭിക്കും. പിറ്റേന്ന് പുലർച്ചെ വാഗമണ്ണിൽ എത്തും. ഏഷ്യയുടെ സ്കോട്ലൻഡ് ആയ വാഗമണ്ണിലെ പ്രധാന കാഴ്ചകളെല്ലാം ഈ പാക്കേജിൽ സന്ദർശിക്കുന്നു.
സ്ഥിരം യാത്രകളിൽ കാണാൻ പറ്റാത്ത വാഗമണ്ണിന്‌റെ മറ്റൊരു മുഖം ഇവിടെ സാഹസിക ഓഫ്റോഡ് ജീപ്പ് സഫാരിയിലൂടെ ആസ്വദിക്കാം. മൊട്ടക്കുന്ന്, പൈൻവാലി എന്നിവ കൂടാതെ, വാഗമണ്ണിൽ ഒഴിച്ചുകൂടാൻ പറ്റാത്ത അഡ്വഞ്ചർ പാർക്കും ഇവിടെ സന്ദർശിക്കുന്നു. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കാൻഡിലിവർ ചില്ലുപാലവും ഈ പാർക്കിലാണുള്ളത്.

അഡ്വഞ്ചർ പാർക്കിലേക്കുള്ള പ്രവേശന നിരക്ക് കെഎസ്ആർടിസി പാക്കേജിലുൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതിനുള്ളിലെ റൈഡുകളിലും ചില്ലുപാലത്തിലും കയറണണമെങ്കിൽ യാത്രക്കാർ നിരക്ക് സ്വയം വഹിക്കേണ്ടതാണ്. ചില്ലുപാലത്തിൽ കയറുവാൻ ഒരാൾക്ക് 250 രൂപയാണ് ടിക്കറ്റ് നിരക്ക്. രാവിലെ 9.00 മണി മുതൽ വൈകിട്ട് 5.30 വരെ മാത്രമാണ് ചില്ലുപാലത്തിൽ പ്രവേശനം. ഒരു സമയം പരമാവധി 15 പേർക്ക് മാത്രമേ പാലത്തിൽ പ്രവേശനം അനുവദിക്കുകയുള്ളൂ. മുണ്ടക്കയം, കൂട്ടിക്കൽ, കൊക്കയാർ തുടങ്ങിയ സ്ഥലങ്ങളുടെ കാഴ്ച ഇവിടുന്ന് കാണാം.
തീർന്നില്ല, വാഗമണ്ണിലെ തണുപ്പു നിറഞ്ഞ കാലാവസ്ഥയിൽ ഒരു രാത്രി കൂടി ആസ്വദിക്കാം. അതും ക്യാംപ് ഫയറോട് കൂടി ആഘോഷിക്കാം. നിങ്ങളുടെ വാലന്‍റൈൻസ് ദിനം ഏറ്റവും പ്രിയപ്പെട്ട ആൾക്കൊപ്പം ഇതിലും മനോഹരമായി എങ്ങനെ ചെലവഴിക്കാൻ പറ്റുമല്ലേ..
പിറ്റേന്ന് രാവിലെ ചെറുതോണി ഡാം കാണാനായി പോകും. ഇടുക്കിയുടെ മനോഹരമായ ഭൂപ്രകൃതിയും കാഴ്ചകളും കണ്ടുള്ള ഈ യാത്രയും ഒട്ടും നിരാശപ്പെടുത്തില്ല. ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ഡബിൾ കർവേച്ചർ ആർച്ച് ഡാമായ ചെറുതോണി ഡാം കണ്ടിരിക്കേണ്ട കാഴ്ച തന്നെയാണ്. പിന്നെ ഇടുക്കിയിലെ ചില കാഴ്ചകൾ കൂടി കണ്ട് വൈകുന്നേരത്തോടെ അവിടുന്ന് മലപ്പുറത്തേയ്ക്കുള്ള മടക്ക യാത്ര ആരംഭിക്കും.
ഫെബ്രുവരി 16 ഞാറാഴ്ച രാത്രി രണ്ടു മണിയോടെ യാത്ര തിരികെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു നേരത്തെ പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം , രാത്രി ഭക്ഷണം,ജീപ്പ് സഫാരി, ക്യാംപ് ഫയർ എന്നിവ ഉൾപ്പെടെ 2780 രൂപയാണ് ഒരാൾക്കുള്ള നിരക്ക്. ഫാസ്റ്റ് പാസഞ്ചർ ബസിലാണ് യാത്ര. ബുക്കിങ് മറ്റു വിവരങ്ങൾ എന്നിവയറിയാൻ ഫോൺ- 9400128856, 8547109115, 9447386308
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












