യെലഗിരിയില്‍ എത്തുന്നവര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച വിനോദമാണ് ട്രെക്കിംഗ്. ഇവിടെ പ്രധാനമായും ഏഴ് ട്രെക്കിംഗ് പാതകളാണുള്ളത്. സംരക്ഷിത വനമേഖലകളിലൂടെ കടന്നുപോകുന്ന ഈ പാതകളിലൂടെയുള്ള യാത്രയ്ക്കിടെ വെള്ളച്ചാട്ടങ്ങള്‍, കൊടുമുടികള്‍ എന്നിവ കാണാന്‍ കഴിയും. പുംഗാനൂര്‍ തടാകം മുതല്‍ നിലവൂര്‍ ജലഗാമ്പരൈ വരെ നീളുന്ന പാതയാണ് എറ്റവും നീളമുള്ള ട്രെക്കിംഗ് പാത. പതിന്നാല് കിലോമീറ്ററാണ് ഈ പാതയുടെ നീളം. ആറു കിലോമീറ്റര്‍ നീളമുള്ള പുംഗാനൂര്‍ തടാകം- സ്വാമിമലൈ പാതയും ഇവിടുത്തെ പ്രധാനപ്പെട്ട ട്രെക്കിംഗ് പാതയാണ്.
ഈ പാത അവസാനിക്കുന്ന കുന്നിന് മുകളില്‍ നിന്നാല്‍ ഈ മലനിരയുടെ മനോഹാരിത പൂര്‍ണ്ണമായും ആസ്വദിക്കാന്‍ കഴിയും. ഇത് തന്നെയാണ് ഈ പാതയെ സഞ്ചാരികളുടെ പ്രിയപ്പെട്ട ട്രെക്കിംഗ് പാതയാക്കുന്നതും. മംഗളം- സ്വാമിമലൈ, ഇന്‍ഫൊര്‍മേഷന്‍ സെന്റര്‍- കൂസി കുട്ടൈ, പുത്തൂര്‍- പെരുമാട് വെള്ളച്ചാട്ടം, ബോട്ട്ഹൗസ്- പുലിച്ചകുട്ടൈ, നിലവൂര്‍- കാര്ഡിമുനൈ എന്നിവയാണ് മറ്റു പ്രധാന ട്രെക്കിംഗ് പാതകള്‍. ഈ പാതകളുടെ ദൂരം യഥാക്രമം രണ്ട് കിലോമീറ്റര്‍, 1.5 കിലോമീറ്റര്‍, മൂന്ന് കിലോമീറ്റര്‍, മൂന്ന് കിലോമീറ്റര്‍, 1.5 കിലോമീറ്റര്‍ എന്നിവയാണ്.