ചിക്കമഗളൂരിലെത്തുന്ന യാത്രികര്‍ തീര്‍ച്ചായായും സന്ദര്‍ശിച്ചിരിക്കേണ്ട ഒരിടമാണ് ഭദ്ര വന്യജീവി സങ്കേതം. കര്‍ണാടക സംസ്ഥാനത്തിലെ ചിക്കമഗളൂരു ജില്ലയിലെ ഒരു പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണിത്. ഭദ്ര നദിയുടെ പേരില്‍നിന്നാണ് വന്യജീവി സങ്കേതത്തിന് ഈ പേര് ലഭിച്ചത്. 490 സ്‌ക്വയര്‍ കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്നു ഭദ്ര വന്യജീവിസങ്കേതം. ജാഗര വാലി ഗെയിം റിസര്‍വ് പ്രദേശത്ത് 1951 ലാണ് ഭദ്ര വന്യജീവി സങ്കേതം ആരംഭിച്ചത്. ആദ്യം വന്യജീവി സങ്കേതമായിരുന്ന പ്രദേശത്തിന് ഭദ്ര വന്യജീവി സങ്കേതമെന്ന് പേരിട്ടത് 1974 ലാണ്. ഭദ്ര വന്യജീവി സങ്കേതം ടൈഗര്‍ പ്രൊട്ടക്ഷന്‍ പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കടുവ സംരക്ഷണ മേഖലയാണ്.
മുത്തോടി ഫോറസ്റ്റ്, താനിഗെബിലു, ലക്കാവല്ലി, ഹെബ്ബീ എന്നീ വനപ്രദേശങ്ങളടങ്ങിയതാണ് ഭദ്ര വന്യജീവി സങ്കേതം. നാനാജാതി പക്ഷി മൃഗാദികളുടെ ആവാസകേന്ദ്രമാണ് ഭദ്ര വന്യജീവി സങ്കേതം. വിവിധതരം സസ്യവര്‍ഗ്ഗങ്ങളും മരങ്ങളും ഇവിടെ കാണാം. തേക്ക്, വീട്ടി, പ്ലാവ്, മുള എന്നിങ്ങനെ 120 ലധികം മരങ്ങള്‍ ഇവിടെയുണ്ട്. പുളളിപ്പുലി, കടുവ, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളെയും വിവിധതരം മാനുകളെയും ആനകളെയും ഇവിടെ കാണാന്‍ സാധിക്കും.
കീരി, കാട്ടുപൂച്ച, നീര്‍നായ എന്നിവയും ഇവിടെ സുലഭമാണ്. തത്ത, മൈന, പ്രാവ്, കുളക്കോഴി, മാടപ്രാവ്, കാട, മരംകൊത്തി എന്നിങ്ങനെ 250 ലധികും പക്ഷികളും ഇവിടെയുണ്ട്. മുതലകളും രാജവെമ്പാലയടക്കമുള്ള പാമ്പുവര്‍ഗ്ഗങ്ങളും ഇവിടെ സുലഭമാണ്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ചിത്രശലഭങ്ങളുടെയും കേന്ദ്രമാണിവിടം.



Click it and Unblock the Notifications