എട്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണ് കലിക മാതാ ക്ഷേത്രം. ചിറ്റോര്‍ഗഡിലെ ഏറ്റവും പഴക്കംചെന്ന ക്ഷേത്രങ്ങളിലൊന്നാണിത്. സിസോദിയ രാജകുടുംബത്തിലെ കിങ് ബപ്പ റാവലാണ് സൂര്യ ക്ഷേത്രമായ ഇത് പണിതത്. പതിനാലാം നൂറ്റാണ്ടില്‍ മറ്റൊരു രാജാവായ മഹാറാണ ഹമീര്‍ സിങ് ഈ ക്ഷേത്രത്തില്‍ കലിക മാതായുടെ പ്രതിഷ്ഠയും നടത്തി.
പിന്നീടങ്ങോട്ട് ഇത് കലികമാതാ ക്ഷേത്രമെന്നാണ് അറിയപ്പെടുന്നത്. ചിറ്റോര്‍ഗഡിന്റെ രക്ഷകയായിട്ടാണ് ശക്തിസ്വരൂപിണിയായ കലിക ദേവിയെ കരുതുന്നത്. കൊത്തുപണികളാല്‍ മനോഹരമാണ് ഈ ക്ഷേത്രം. എല്ലാവര്‍ഷവും ക്ഷേത്രത്തില്‍ ഉത്സവം നടക്കാറുണ്ട്.