മടിക്കേരി നഗരത്തില്‍ നിന്നും 78കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അബ്ബി വെള്ളച്ചാട്ടമായി. കൂര്‍ഗില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തുന്ന ഒരു സ്ഥലമാണ് ഈ വെള്ളച്ചാട്ടം. സഞ്ചാരികളെപ്പോലെതന്നെ സിനിമ ചിത്രീകരണസംഘങ്ങളുടെ സ്ഥിരം താവളം കൂടിയാണിത്. വെള്ളച്ചാട്ടവും സമീപത്തെ പച്ചപ്പുമെല്ലാം ചേര്‍ന്ന് നിര്‍വ്വചിക്കാനാവാത്ത ഒരു ഭാവം നമ്മുടെ ഉള്ളിലുണ്ടാക്കും. ആദ്യകാലത്ത് ഇതിനെ ജെസ്സി ഫാള്‍സ് എന്നാണ്രേത വിളിച്ചിരുന്നത്.
മടിക്കേരിയിലെ ആദ്യത്തെ ബ്രിട്ടീഷ് ക്യാപ്റ്റന്റെ മകളുടെ പേരായിരുന്നു ഇത്. പിന്നീട് ഇത് അബ്ബെ ഫാള്‍സ് എന്നും അബ്ബി ഫാള്‍സ് എന്നുമെല്ലാം അറിയപ്പെടാന്‍ തുടങ്ങി. കൂര്‍ഗി ഭാഷയിലുള്ള അബ്ബെ, അബ്ബി എന്നീ വാക്കുകളുടെ അര്‍ത്ഥം വെള്ളച്ചാട്ടം എന്നുതന്നെയാണ്. പശ്ചിമഘട്ടനിരയിലാണ് ഈ വെള്ളച്ചാട്ടം. മലഞ്ചെരിവിലൂടെ ഏറെ നദികള്‍ ഒരുമിച്ചൊഴുകി പാറകള്‍ക്ക് മുകളിലൂടെ താഴേയ്ക്ക് പതിക്കുകയാണ്.
മഴക്കാലത്ത് വെള്ളച്ചാട്ടത്തിന് ശക്തികൂടുകയും ഇവിടം വെള്ളംവീഴുന്ന ശബ്ദത്താല്‍ മുഖരിതമാവുകയും ചെയ്യും. വെള്ളച്ചാട്ടത്തിന്റെ എതിര്‍വശത്തായി ഒരു തൂക്കപാലമുണ്ട്. ഇതില്‍ കയറിനിന്നാല്‍ ഇവിടുത്തെ ദൃശ്യം നന്നായി ആസ്വദിക്കാം. പാലത്തിന്റെ മറുഭാഗത്ത് കാളി മാതാ ക്ഷേത്രമാണ്. വെള്ളച്ചാട്ടം കാണുന്നതിനൊപ്പം ക്ഷേത്രവും കാണാം.