കാപ്പിത്തോട്ടങ്ങളുടെയും രാജവെമ്പാലകളുടെയും സകലേശ്പൂര്‍

നഗരജീവിതത്തിലെ തിരക്കുകളില്‍നിന്നും ഒരുദിവസത്തെ രക്ഷപ്പെടലാണ് മനസ്സിലെങ്കില്‍ സകലേശ്പൂരിലേക്ക് ഒരുയാത്രയാകാം. പശ്ചിമഘട്ടത്തിന്റെ മടക്കുകളില്‍ സമുദ്രനിരപ്പില്‍ നിന്നും 949 മീറ്റര്‍ ഉയരത്തിലായാണ് സകലേശ്പൂരിന്റെ കിടപ്പ്. ബാംഗ്ലൂര്‍ - മൈസൂര്‍ ഹെവേയ്ക്ക് സമീപത്തായത്തായതിനാല്‍ ഇവിടേക്ക് എത്തിച്ചേരാനും എളുപ്പമാണ്. ഹാസ്സന്‍ ജില്ലയുടെ ഭാഗമായ സകലേശ്പൂര്‍ ഇന്ത്യയിലെ കാപ്പി, ഏലം ഉദ്പ്പാദനത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന സ്ഥലമാണ്.

മൈസൂര്‍ രാജാക്കന്മാരായിരുന്നു സകലേശ്പൂര്‍ ഭരിച്ചിരുന്നത്. അതിനുമുന്‍പ് ഹോയ്‌സാലരുടെയും ചാലൂക്യരുടെയും അധീനതയിലായിരുന്നു സകലേശ്പൂര്‍. ഹോയ്‌സാലരുടെ ഭരണകാലത്താണ് സകലേശ്പൂരിന് ഈ പേര് ലഭിക്കുന്നത്. ഹോയ്‌സാലര്‍ ഇവിടെയെത്തിയ കാലത്ത് ഒരു തകര്‍ന്ന ശിവലിംഗം ഇവിടെനിന്ന് കണ്ടെത്തിയെന്നും അതേത്തുടര്‍ന്നാണ് ഈസ്ഥത്തിന് സകലേശ്പൂര്‍ എന്ന് പേരിട്ടതെന്നുമാണ് വിശ്വാസം. കാര്‍ഷികോല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ ഏറെ സമ്പന്നമായതിനാലാണ് സകലേശ്പൂരെന്ന പേര് ലഭിച്ചത് എന്ന് കരുതുന്നവരും പ്രദേശവാസികളില്‍ കുറവല്ല.

ട്രക്കിംഗിനായെത്തുന്നവരുടെ സ്വപ്നകേന്ദ്രമാണ് ജൈവവൈവിദ്ധ്യത്തിന് പേരുകേട്ട സകലേശ്പൂര്‍. ബൈസല്‍ റിസര്‍വ്വ് ഫോറസ്റ്റും കുമാരപര്‍വ്വരതവുമാണ് ഇവിടെ യാത്രികര്‍ക്ക് പ്രിയപ്പെട്ട ട്രക്കിംഗ് കേന്ദ്രങ്ങള്‍. ഇനി ട്രക്കിംഗിന് താല്‍പ്പര്യമില്ലെന്നുവെയ്ക്കുക, മനോഹരമായ ഒരു ചിത്രം വരച്ചതുപോലെ കിടക്കുന്ന സകലേശ്പൂരിലൂടെ ഒരു നടത്തംതന്നെ ഊര്‍ജ്ജദായകമാണ്. 35 കിലോമീറ്റര്‍ അകലത്താണ് സമീപ റെയില്‍വേസ്റ്റേഷനായ ഹാസ്സന്‍. മംഗലാപുരമാണ് സകലേശ്പൂരിനടുത്തുള്ള വിമാനത്താവളം.

Please Wait while comments are loading...