ദില്ലിയിലെ പ്രധാനപ്പെട്ട ആകര്‍ഷണകേന്ദ്രമാണ് ഇന്ത്യ ഗേറ്റ്. ദില്ല നഗരഹൃദയത്തില്‍ത്തന്നെ സ്ഥിതിചെയ്യുന്ന ഇതിനെ ഇന്ത്യയുടെ ദേശീയ സ്മാരകമായിട്ടാണ് കരുതിപ്പോരുന്നത്. 42 മീറ്റര്‍ ഉയരമുള്ള ഈ കെട്ടിടം പാരീസിലെ ആര്‍ക്ക് ഡി ട്രയംഫിന്റെ മാതൃകയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഓള്‍ ഇന്ത്യ വാര്‍ മെമ്മോറിയല്‍ എന്നാണ് ഇതിന്റെ യഥാര്‍ത്ഥത്തിലുള്ള പേര്. ഒന്നാം ലോകമഹായുദ്ധത്തിലും മൂന്നാം ആംഗ്ലോ-അഫ്ഗാന്‍ യുദ്ധത്തിലും ബ്രിട്ടീഷ് സൈന്യത്തിനുവേണ്ടി പോരാടിമരിച്ച എഴുപതിനായിരത്തോളം സേനാനികളുടെ സ്മരണയാണ് ഈ കെട്ടിടത്തിന് പിന്നിലുള്ളത്.
ലോകത്തിലെ ഏറ്റവും വലിയ യുദ്ധസ്മാരകങ്ങളില്‍ ഒന്നാണിത്. ഇന്ത്യ സ്വതന്ത്രമായതിന്‌ശേഷം ഇന്ത്യന്‍ സേനയുടെ ഒരു യുദ്ധസ്മാരകം ഇതിനുള്ളില്‍ സ്ഥാപിച്ചിട്ടുണ്ട്, അമര്‍ ജവാന്‍ ജ്യോതി എന്നാണ് ഇത് അറിയപ്പെടുന്നത്. എഡ്വിന്‍ ല്യൂട്ടന്‍സ് ആണ് ഇതിന്റെ ശില്‍പി. 1921 ഫെബ്രുവരി 10നാണ് ഇതിന് ശിലാസ്ഥാപനം നടത്തിയത്. 1931ല്‍ പണി പൂര്‍ത്തിയായി. യുദ്ധത്തില്‍ മരിച്ച സൈനികരുടെ പേരുകള്‍ ഇതിന് മുകളില്‍ കൊത്തിവച്ചിട്ടുണ്ട്. ഇന്ത്യ ഗേറ്റിന്റെ ചുറ്റുവട്ടത്തുനിന്നാണ് ദില്ലിയിലെ പ്രധാന പാതകളെല്ലാം തുടങ്ങുന്നത്. വളരെ മനോഹരമായി സംരക്ഷിക്കപ്പെടുന്ന ഒരു സ്മാരകമാണിത്. രാത്രികാലത്ത് ഗേറ്റ് ദീപങ്ങള്‍കൊണ്ട് അലങ്കരിക്കാറുണ്ട്.