മഥുര - അനന്തമായ പ്രണയത്തിന്റെ തീരം

ഹോം » സ്ഥലങ്ങൾ » മഥുര » ഓവര്‍വ്യൂ

ബ്രജ് ഭൂമി, അതുമല്ലെങ്കില്‍ അനന്തമായ പ്രണയത്തിന്റെ തീരം എന്നാണ് മഥുരയെ അന്നും ഇന്നും ആദരവോടെ ആളുകള്‍ വിളിക്കാന്‍ ഇഷ്ടപ്പെടുന്നത്. ഹൈന്ദവകലാരൂപങ്ങളില്‍ പലതും ഇവിടെനിന്നാണ് ഉത്ഭൂതമായത്. കൃഷ്ണഭഗവാന്റെ ശൈശവവും യൌവ്വനവും ഉള്‍പുളകത്തോടെയാണ് ഇന്നും ഈ മണ്ണ് അയവിറക്കുന്നത്.

ഗോപികമാരൊത്തുള്ള അദ്ദേഹത്തിന്റെ രാസലീല ഹിന്ദുവിന്റെ പ്രാണനിലെന്ന പോലെ ക്ഷേത്രചുമരുകളിലും ഭജനകളിലും കലകളിലും ഛായാചിത്രങ്ങളിലും സ്ഥിരപ്രതിഷ്ഠ നേടിയതാണ്. പതിനാറാം നൂറ്റാണ്ടില്‍ മഥുര ഉള്‍കൊള്ളുന്ന ഭൂപ്രദേശത്ത് നിന്ന് ഈ സംസ്ക്കാരത്തിന്റെ തെളിവുകള്‍ ഭൂഗര്‍ഭങ്ങളില്‍ നിന്ന് കണ്ട്കിട്ടിയതോടെയാണ് ഇതൊരു കെട്ട്കഥയല്ല എന്ന് ലോകത്തിന് ബോദ്ധ്യമായത്.

ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

ഹിന്ദു മതത്തിന് വീഥിയൊരുക്കും മുമ്പ് എട്ടാം നൂറ്റാണ്ടിലെ പ്രമുഖ ബുദ്ധമത കേന്ദ്രമായിരുന്നു ഈ പട്ടണം. മൂവായിരത്തോളം ബുദ്ധസന്യാസിമാരെ ഉള്‍കൊള്ളുന്ന ഒരുപാട് ആശ്രമങ്ങള്‍ ഇവിടെ നിറഞ്ഞുനിന്നിരുന്നു. അഫ് ഗാനിലെ മഹ് മൂദ് ഗസ്നിയെന്ന യുദ്ധവെറിയന്‍  അവയെല്ലാം ഇടിച്ചുനിരപ്പാക്കി.

പിന്നീട് ഇവിടെ വേരോടിയ ഹിന്ദുമതത്തിന്റെ സാംസ്ക്കാരിക കേന്ദ്രങ്ങളും വിധ്വംസകരായ അധിനിവേശകരില്‍ നിന്ന് സുരക്ഷിതമായിരുന്നില്ല. പതിനാറാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബ്, കേശവദേവ് ക്ഷേത്രം ഉള്‍പ്പെടെയുള്ള പലപ്രമുഖ മന്ദിരങ്ങളും നിലംപരിശാക്കി. ക്ഷേത്രസ്ഥാനത്ത് ഒരു പള്ളിയും പണിതു.

മഥുര ഇന്ന് എണ്ണമറ്റ ക്ഷേത്രങ്ങളുടെ പെരുമ പേറുന്ന പുണ്യഭൂമിയാണ്. ഇവിടത്തെ മണ്ണിലും മനസ്സിലും തൂണിലും പുല്‍ക്കൊടിയിലും വരെ നിറഞ്ഞുനില്ക്കുന്ന ആത്മീയദേവനായ കൃഷ്ണനെയും പ്രിയസഖി രാധയെയും നെഞ്ചിലേറ്റുന്ന തീര്‍ത്ഥാടക പ്രാധാന്യമുള്ള ഒട്ടനവധി ദേവാലയങ്ങള്‍ ഇന്നിവിടെയുണ്ട്.

വര്‍ണ്ണപ്പകിട്ടുകളുടെ നിറമേളയായ ഹോളിയും കാര്‍വര്‍ണ്ണന്റെ ജന്മദിനമായ കൃഷ്ണജന്മാഷ്ടമിയുമാണ് ഇവിടത്തെ പ്രധാന ആഘോഷങ്ങള്‍. വര്‍ഷംമുഴുവന്‍  അണമുറിയാതെ ഒഴുകിയെത്തുന്ന തീര്‍ത്ഥാടക സഹസ്രങ്ങളെ നിറഞ്ഞ ആവേശത്തോടെയാണ് ഈ നഗരം വരവേല്‍ക്കുന്നത്. പ്രത്യേകിച്ച് ഉത്സവനാളുകളില്‍. ശ്രാവണമാസത്തിന്റെ അവസാന നാളുകളിലാണ് ജന്മാഷ്ടമി കൊണ്ടാടുന്നത്. ഇംഗ്ളീഷ് മാസം ആഗസ്റ്റിലോ സെപ്തംബറിലോ ആയിരിക്കും ഇത്.

മഥുരയ്ക്കകത്തും ചുറ്റുവട്ടത്തുമുള്ള സഞ്ചാരകേന്ദ്രങ്ങള്‍

ശാന്തിയുടെയും ആത്മജ്ഞാനത്തിന്റെയും പൊരുളുകള്‍ തേടി അലൌകിക പ്രഭാവമുള്ള ഇന്ത്യയിലെ അമ്പലങ്ങളും ആശ്രമങ്ങളും കയറിയിറങ്ങുന്ന തീര്‍ത്ഥാടകര്‍ ഒരുപാടുണ്ട്. ഇന്ത്യന്‍  പരിഷ്കൃതിയുടെയും നാഗരികതയുടെയും കളിത്തൊട്ടിലായാണ് യമുനാനദിക്കരയിലെ ഈ പട്ടണത്തെ ചരിത്രകാരന്മാര്‍ മനസ്സിലാക്കുന്നത്. ഹിന്ദുക്കള്‍ക്കെന്ന പോലെ ബുദ്ധ, ജൈന വിശ്വാസികള്‍ക്കും മഥുര പവിത്ര നഗരമാണ്.

മഥുരയിലെ ഏത് കാഴ്ചക്കെട്ടുകള്‍ക്കും ശ്രീകൃഷ്ണനുമായി ഏതെങ്കിലും വിധത്തിലുള്ള ബന്ധം കാണും. കല്‍തുറുങ്കില്‍ പിറവിയെടുത്ത ജഗന്നാഥന്റെ ജന്മസ്ഥാനത്ത് ഇന്നൊരു ക്ഷേത്രമാണുള്ളത്, ശ്രീകൃഷ്ണ ജന്മഭൂമിക്ഷേത്രം. നിഷ്ഠൂരനും തന്റെ മാതൃസഹോദരനുമായ കംസനെ വകവരുത്തിയതിന് ശേഷം അല്പസമയം വിശ്രമിക്കാന്‍  തിരഞ്ഞെടുത്ത സ്ഥലം എന്ന നിലയില്‍ പ്രസിദ്ധമാണ് വിശ്രംഘട്ട്.

ഹോളി, ജന്മാഷ്ടമി ഉത്സവനാളുകളില്‍ ദ്വാരകാധീശ ക്ഷേത്രം കാണേണ്ടത് തന്നെയാണ്. മുമ്പെങ്ങുമില്ലാത്ത തലയെടുപ്പോടെ, അലങ്കാര പ്രൌഢികളോടെ ക്ഷേത്രമന്ന് അണിഞ്ഞൊരുങ്ങും. ഈ പട്ടണത്തിന്റെ പുറംമേച്ചിലുള്ള ഗീതാമന്ദിരം, ക്ഷേത്രകലകളായ കൊത്തുപണികളും മനോഹരമായ ഛായാചിത്രങ്ങളും കൊണ്ട് ആളുകളെ വിസ്മയിപ്പിക്കും. സഹോദര സമുദായമായ മുസ്ലിം വിഭാഗത്തിനും ഇവിടെ പ്രാതിനിധ്യമുണ്ട്. 1661 ഏ.ഡി.യില്‍ പണിത ജുമാ മസ്ജിദ് അതിന് തെളിവാണ്.

മഥുരയുടെ ചരിത്രവും പൌരാണികതയും വ്യക്തമാക്കുന്ന ഗവണ്മെന്റ് മ്യൂസിയം ഇവിടെ അടുത്ത് ഡാബിയര്‍ പാര്‍ക്കിലാണ്. ഗുപ്ത, കുഷാന രാജവംശങ്ങളുടേതടക്കം 400 ബി.സി.മുതല്‍ 1200 ഏ.ഡി.വരെയുള്ള മഥുരയുടെ ചരിത്ര പശ്ചാതലത്തെ അനാവരണം ചെയ്യുന്ന പുരാവസ്തുക്കളുടെ അനര്‍ഘശേഖരം ഇവിടെ കാണാം. കംസന്റെ കോട്ടയായ കംസ് ഖില, പൊത്താര കുണ്ഡ്, ആത്മീയപ്രാധാന്യമുള്ള മഥുരയിലെ മലഞ്ചെരിവുകള്‍ അഥവാ ഘട്ടുകള്‍ എന്നിങ്ങനെ വേറെയുമുണ്ട് ഇവിടത്തെ കാഴ്ചകള്‍. തൊട്ടടുത്തുള്ള വൃന്ദാവനത്തിലെത്തി മുരളീരവത്തിന് കാതോര്‍ത്തിരിക്കുമ്പോഴാണ് മഥുര സന്ദര്‍ശനം പൂര്‍ണ്ണമാകുന്നത്.

Please Wait while comments are loading...