ജോവൈയുടെ കിഴക്ക് ഭാഗത്ത് 60 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ലംഷ്നോങ് ഗ്രാമത്തിലാണ് ഉംലാവന്‍ ഗുഹ കാണപ്പെടുന്നത്. സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികളെ ഉംലാവന്‍ ഗുഹ ആവേശഭരിതരാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അടുത്തകാലം വരെ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുകയായിരുന്നു ഈ ഗുഹ. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും നീളമുള്ളതും ആഴമുള്ളതുമായ ഗുഹയാണ് ഉംലാവന്‍.
ഉംസ്കോര്, കോട്-സാറ്റി എന്നീ രണ്ട് ഗുഹകള്‍ ചേര്‍ന്നാണ് ഉംലാവന്‍ ഗുഹ ഉണ്ടായിരിക്കുന്നത്. ഏതാണ്ട് 21 കിലോമീറ്ററാണ് ഇതിന്റെ ആകെ നീളം. ഈ ഗുഹയ്ക്ക് 60 കിലോമീറ്റര്‍ ചുറ്റളവില്‍ ഇതുപോലുള്ള നിരവധി ഗുഹകളുണ്ട്. ഇവയില്‍ വിരലില്‍ എണ്ണാവുന്നവ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. സാഹസികത കൈമുതലായുള്ള സഞ്ചാരികള്‍ക്ക് ഇത്തരം ഗുഹകള്‍ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്താവുന്നതാണ്.
മഴക്കാലത്ത് തുണി അലക്കുന്നതിനായാണ് ഗ്രാമവാസികള്‍ ഈ ഗുഹ ഉപയോഗിക്കുന്നത്. ഈ സമയത്ത് ഗുഹയില്‍ വെള്ളം നിറയും. പിന്നീട് നീന്തി മാത്രമേ ഗുഹയിലേക്ക് പ്രവേശിക്കാന്‍ കഴിയൂ. പാറയില്‍ നിന്ന് ഒലിച്ചുവരുന്ന ചുണ്ണാമ്പുകല്‍ രൂപങ്ങള്‍ കൊണ്ട് അലങ്കൃതമാണ് ഉംലാവന്‍ ഗുഹ. ഇവിടേയ്ക്കുള്ള യാത്ര ടാക്സിയില്‍ ആക്കുന്നതാണ് ഉത്തമം. ഷില്ലോംഗില്‍ നിന്ന് ടാക്സികള്‍ ലഭിക്കും.