ജയ്പൂര്‍ രാജാവായിരുന്ന സാവായ് ജയ് സിങ് നിര്‍മ്മിച്ചതാണ് ഈ കോട്ട. 1734ലാണ് കോട്ടയുടെ നിര്‍മ്മാണം പൂര്‍ത്തിയായത്. കോട്ടയുടെ ഉയര്‍ന്ന ചുവരുകളും കൊത്തളങ്ങളുമെല്ലാം 1880ല്‍ മഹാരാജ സവായ് മധോ സിങ് പുനരുദ്ധരിച്ചിരുന്നു. ആരവല്ലി മലനിരകളിലാണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്. ഇന്തോ-യൂറോപ്യന്‍ ശൈലിയിലാണ് ഇത് പണിതിരിക്കുന്നത്.
ജയ്പൂരിലെ രാജകുമാരനായിരുന്ന നഹര്‍ സിങിന്റെ പേരാണ് കോട്ടയ്ക്ക് ഇട്ടിരിക്കുന്നത്. കോട്ടയുടെ പണികള്‍ നടക്കുന്നതിനിടെ രാജകുമാരന്റെ ആത്മാവ് ജോലികള്‍ തടസ്സപ്പെടുത്തുക പതിവായിരുന്നുവത്രേ, ആത്മാവിന്റെ പ്രീതിപ്പെടുത്താനായി ഒരു ക്ഷേത്രം പണിതതിന് ശേഷമാണത്രേ കോട്ടയുടെ ജോലികള്‍ തടസ്സമില്ലാതെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. പണിപൂര്‍ത്തിയായപ്പോള്‍ രാജകുമാരന്റെ പേര് ചേര്‍ത്ത് നഹര്‍ഗഡ് എന്ന് പേരിടുകയായിരുന്നു. കടുവകളുടെ താവളമെന്നാണ് നഹര്‍ഗഡ് എന്ന പേരിന്റെ അര്‍ത്ഥം.
കോട്ടയ്ക്കുള്ളില്‍ രാജാക്കന്മാരും രാജകുടുംബാംഗങ്ങളും വേനല്‍ക്കാല വസതിയായി ഉപയോഗിച്ചിരുന്ന മാധവേന്ദ്ര ഭവന്‍ എന്നൊരു കെട്ടിടമുണ്ട്. ഇപ്പോള്‍ ഈ സ്ഥലം പ്രമുഖ പിക്‌നിക് കേന്ദ്രങ്ങളില്‍ ഒന്നാണ്. കോട്ടയുടെ പരിസരത്ത് ഭക്ഷണശാലയും മറ്റും പ്രവര്‍ത്തിക്കുന്നുണ്ട്.



Click it and Unblock the Notifications