കരൗലി - രാജസ്ഥാന്റെ പുണ്യഭൂമി

ഹോം » സ്ഥലങ്ങൾ » കരൗലി » ഓവര്‍വ്യൂ

ക്ഷേത്രങ്ങളുടെയും കൊട്ടാരങ്ങളുടെയും നഗരമെന്ന് ഒറ്റവാക്കില്‍ പറയാം. 300 ലധികം ക്ഷേത്രങ്ങളുടെ നിര യാത്രികരെ വരവേല്‍ക്കുന്ന രാജസ്ഥാനിലെ പരിപാവന നഗരം. തീരത്ഥാടകരും സഞ്ചാരികളും ഒരുപോലെ ഒഴുകിയെത്തുന്നു കരൗലിയിലേക്ക്. ഉത്സവ കാഴ്ചകള്‍ കാണാനും അനുഗ്രം തേടാനും നമുക്കും പോകാം ഇവിടേയ്ക്ക്,ഈ വിശുദ്ധിയുടെ പുണ്യതീരത്തിലേക്ക്.

രാജസ്ഥാനിലെ ജയ്പൂരില്‍ നിന്നും 160 കിലോമീറ്റര്‍ അകലെയായി കരൗലി ജില്ല സ്ഥിതി ചെയ്യുന്നു. 5530 ചതുരശ്ര കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന ഈ പുണ്യ ഭൂമി പണ്ട് കാലത്ത് കല്യാണ്‍ പുരി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇവിടുത്തുകാരുടെ ഇഷ്ടദേവനായ കല്യാണ്‍ജിയില്‍ നിന്നാണ് ആ പേര് കിട്ടിയത്.

മധ്യകാലത്ത് നിരന്തരം ആക്രമണങ്ങളെ നേരിടേണ്ടി വന്ന ചരിത്രമുണ്ട് കരൗലിക്ക്. അവയില്‍ നിന്നൊക്കെ രക്ഷ നേടാനെന്നോണം വളരെ ശക്തമായ പ്രതിരോധ സംവിധാനങ്ങളുള്ള ഒരു കോട്ട പോലെയാണിവിടം നിര്‍മ്മിച്ചിരിക്കുന്നത്. ഈ പ്രദേശത്തിന് ചുറ്റുമായി ചെമ്മണ്‍ കല്ലുകളാല്‍ ഒരു കൂറ്റന്‍ വന്‍മതില്‍ തീര്‍ത്തിരിക്കുന്നു. കാലക്രമേണ അങ്ങിങ്ങ് പൊട്ടും പോറലുമൊക്കെ പറ്റിയിട്ടുണ്ടെങ്കിലും ഇന്നും ശക്തമായി തന്നെ നിലകൊള്ളുന്നു കരൗലിയുടെ ഈ സംരക്ഷണഭിത്തി. മതിലിന്റെ പലഭാഗത്തായി മൊത്തം 6 പ്രവേശന കവാടങ്ങളും രക്ഷാകേന്ദ്രങ്ങളും കൂടി നിര്‍മ്മിച്ചിട്ടുണ്ട്.

ആകാശം തൊട്ടുരുമ്മി നില്‍ക്കുന്ന കുന്നുകളും മലയിടുക്കുകളും കൊണ്ട് നിബിഡമാണ് സമുദ്ര നിരപ്പില്‍ നിന്ന് 902 അടിയോളം ഉയരത്തിലുള്ള ഈ പ്രദേശം. കരൗലിയിലെ ഏറ്റവും ഉയരത്തിലുള്ള കൊടുമുടിക്ക് തന്നെ ഏകദേശം 1400 അടിയോളം ഉയരം വരും. എ ഡി 995 ല്‍ കൃഷ്ണഭഗവാന്റെ 88 ആം പിന്തുടര്‍ച്ചക്കാരനായ രാജാ ബിജായ് പാല്‍ ജോടോണാണ് കരൗലി ദേശം നിര്‍മ്മിച്ചതെന്ന് പല ഐതിഹ്യങ്ങളുമുണ്ട്. എന്നാല്‍ ശരിക്കും ആധികാരികമായി പറഞ്ഞാല്‍ എ ഡി 1348 ല്‍ യദുവന്‍ഷി രജ്പൂത് രാജാ അര്‍ജുന്‍ പാലാണ് ഇവിടം ഇപ്രകാരം പണി കഴിപ്പിച്ചത്.

ചെമ്മണ്‍ കല്ലുകള്‍ കൊണ്ടുള്ള നിര്‍മ്മിതകള്‍ക്ക് വളരെയേറെ പ്രശസ്തമാണ് കരൗലി പ്രദേശം. സഞ്ചാരികള്‍ക്ക്‌ കണ്ടു രസിക്കാനായി നയനമനോഹരവും അതേസമയം വളരെയേറെ ചരിത്ര പ്രാധാന്യമുള്ളതുമായ ഒത്തിരിയധികം സ്ഥലങ്ങളുണ്ടിവിടെ. തിമന്‍ഗര്‍ഹ് ഫോര്‍ട്ട്‌,കൈല ദേവി ക്ഷേത്രം,സിറ്റി പാലസ്,മദന്‍ മോഹന്‍ജി ക്ഷേത്രം,ശ്രീ മഹാവീര്‍ ജി ക്ഷേത്രം എന്നിങ്ങനെ പോകുന്നു അവയുടെ നിര. കരൗലിയുടെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമെന്നോണം ഇവിടുത്തെ പൈതൃക സമ്പത്തായ സിറ്റി പാലസ് യാത്രികര്‍ക്ക് ആതിഥ്യമരുളി വരവേല്‍ക്കുന്നു.  

ഉത്സവക്കാഴ്ചകള്‍

ഉത്തരേന്ത്യയിലെ മേളകളുടെ സംഗമസ്ഥാനമാണിവിടം. ചൈത്ര മാസത്തില്‍(മാര്‍ച്ച്‌-ഏപ്രില്‍ )കൈല ദേവി ക്ഷേത്രത്തിലെ മേള കാണാന്‍ ദൂരദേശങ്ങളില്‍ നിന്ന് പോലും നിരവധി പേര്‍ എത്തുന്നുണ്ട്. മധ്യപ്രദേശ്,ഉത്തര്‍ പ്രദേശ്,പഞ്ചാബ്,ഡല്‍ഹി,ഹരിയാന തുടങ്ങി പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം തന്നെ സഞ്ചാരികളുടെ വന്‍തിരക്കാണ് ആ സമയത്തിവിടെ അനുഭവപ്പെടാറുള്ളത്.

കരകൗശല വസ്തുക്കളുടെ നിര്‍മ്മാണമാണ് ഇവിടുത്തുകാരുടെ പ്രധാന തൊഴില്‍. ഇവിടെയെത്തുന്ന സഞ്ചാരികളേറെയും വാങ്ങി കൂട്ടുന്നത്‌ ഇത്തരം അലങ്കാര വസ്തുക്കളാണ്.

എങ്ങനെ എത്തിച്ചേരും

സംഗാനീര്‍ എയര്‍പോര്‍ട്ട് ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. കൂടാതെ ഗംഗാപൂര്‍ റെയില്‍വേ സ്റ്റേഷനും സമീപത്തായുണ്ട്. റോഡുമാര്‍ഗവും യാത്രികര്‍ക്ക് വളരെയെളുപ്പം കരൗലിയിലേക്ക് എത്തിച്ചേരാം. സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള സീസണാണ് കരൗലി സന്ദര്‍ശിക്കാന്‍ ഏറ്റവും പറ്റിയ സമയം.

Please Wait while comments are loading...