വെണ്‍മേഘങ്ങളെ ചുമലിലേറ്റി നീലാകാശത്തെ തൊട്ട് നില്‍ക്കുന്ന പര്‍വ്വതങ്ങളും ഇടതൂര്‍ന്ന കാടുകളും അതിലെ സമൃദ്ധമായ ജൈവസമ്പത്തും പാരിതോഷികമായി ലഭിച്ച ബെല്‍ഘര്‍ , പ്രാകൃതനിവാസികളായ ‘കുടിയഖണ്ഡ’എന്ന മലയോര ഗോത്രക്കാര്‍ പാര്‍ക്കുന്ന മേഖലയാണ്. വെള്ളക്കൊമ്പനാനകള്‍ പോലെയുള്ള അപൂര്‍വ്വവും ഭൂമുഖത്ത് നിന്ന് ക്രമേണ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നതുമായ സസ്യജന്തുജാലങ്ങളടക്കം വലിയൊരു ജൈവ വൈവിധ്യത്തെ ഉള്‍കൊള്ളുന്നതാണ് ബെല്‍ഘര്‍ സാങ്ച്വറി. വനംവകുപ്പിന് കീഴിലുള്ള ഇന്‍സ്പെക്ഷന്‍ ബംഗ്ലാവ് കാണേണ്ടത് തന്നെയാണ്. മരപ്പലകകള്‍ കൊണ്ട് നിര്‍മ്മിച്ച ഈ ഭവനത്തിലെ വൈദ്യുതോപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നത് സൌരോര്‍ജ്ജം കൊണ്ടാണ്.
മയിലുകളുടെ വലിയൊരു സഞ്ചയം തന്നെ ഇതിനടുത്തുള്ള ഉഷബാലി താഴ്വരയില്‍ കാണാം. വര്‍ണ്ണപീലികള്‍ വിരിച്ചുനില്‍ക്കുന്ന മയിലുകളും മോഹനമായ താഴ്വരയും ബെല്‍ഘറിന്റെ സൌന്ദര്യത്തിന് അധികചാരുത പകരുന്നുണ്ട്. കാഴ്ചയില്‍ അപരിഷ്കൃതരായ ഗോത്രജാതിക്കാര്‍ മെനയുന്ന കരവിരുതുകള്‍ പട്ടണത്തില്‍ നിന്നുള്ള പരിഷ്കൃതര്‍ക്ക് സാകൂതം നോക്കിനില്‍ക്കാനേ കഴിയൂ. ബെല്‍ഘറിനോട് ചേര്‍ന്ന് തന്നെയാണ് കൊതാഘര്‍ സാങ്ച്വറി വിലയിക്കുന്നത്. വന്യവൈവിധ്യത്തിന്റെ ഒരു വിപുല ശേഖരം തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്. കടുവ, കാട്ട്പോത്ത്, കലമാന്‍ , പുള്ളിമാന്‍ , ആന, മയിലുകള്‍ , പൂവന്‍കോഴികള്‍ , നാനാജാതി ഉരഗങ്ങള്‍ എന്നിങ്ങനെ നിത്യ കൌതുകങ്ങളായ ജീവജാലങ്ങളെ സന്ദര്‍ശകര്‍ക്ക് ഇവിടെ കാണാം.



Click it and Unblock the Notifications