ഭരത്പൂറിലെ കിയോലഡിയോ ഖാന പക്ഷി സങ്കേതത്തിനും സവായ് മധോപൂറിലെ രന്തംബോര്‍ കടുവാ സാങ്കേതത്തിനും ഇടയില്‍ സപോതര പ്രദേശത്താണ് രമത്ര ഫോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. 15 കിലോമീറ്റര്‍ അകലെ കേല ദേവി വന്യജീവി സങ്കേതവുമുണ്ട്. കായലോര കാഴ്ചകളോടൊപ്പം തന്നെ മിഴിവാര്‍ന്ന ഗ്രാമത്തിന്റെ ചിത്രവും ഇവിടെ നിന്നും ഒപ്പിയെടുക്കാം.
1965 ല്‍ താക്കൂര്‍ ഭോജ് പാലിന് കരൗലിയിലെ മഹാരാജാവായ അദ്ദേഹത്തിന്റെ പിതാവ് സമ്മാനിച്ച കോട്ടയാണിത്. താക്കൂര്‍ ബ്രിജേന്ദ്ര രാജ്പാലും അദ്ദേഹത്തിന്റെ കുടുംബവുമാണ് ഇപ്പോള്‍ ഇവിടം നോക്കി നടത്തുന്നത്.
കോട്ടയ്ക്കകത്ത് തന്നെ ഒരു ഗണേശ ക്ഷേത്രവും ഒരു ശിവ ക്ഷേത്രവുമുണ്ട്. പതിനെട്ടാം നുറ്റാണ്ടിലെ ശില്പ ചാരുത വിളിച്ചോതുന്ന മാര്‍ബിളില്‍ തീര്‍ത്ത ഒരു ശിവ വിഗ്രഹം ഇവിടെയുണ്ട്.
സഞ്ചാരികള്‍ക്ക് ധാരാളം സമയം ചെലവഴിക്കാവുന്ന രീതിയില്‍ ഒട്ടേറെ കാഴ്ച്ചകളുണ്ടിവിടെ. ദാന്ഗ് പീഠഭൂമിയിലെ കൃഷിയിടങ്ങള്‍,കുറ്റിചെടികളും പിന്നെ കലിസില് തടാകവും കനാലുകള്‍ തുടങ്ങി ഭരത്പ്പോര് പക്ഷി സങ്കേതത്തില്‍ നിന്നും പറന്നെത്തുന്ന പറവകള്‍ വരെ ഇവിടുത്തെ മനോഹാരിതക്ക് മാറ്റു കൂട്ടുന്നു.