വാസ്തുവിസ്മയമായ ലേപാക്ഷി ക്ഷേത്രം

ഹോം » സ്ഥലങ്ങൾ » ലേപാക്ഷി » ഓവര്‍വ്യൂ

ആന്ധ്രയിലെ അനന്ത്പുര്‍ ജില്ലയിലെ ഒരു ചെറുഗ്രാമാണ് ലേപാക്ഷി.  വിസ്തൃതിയുടെ കാര്യത്തില്‍ ചെറുതാണെങ്കിലും ചരിത്രപരമായും മതപരമായും ഏറെ പ്രത്യേകതകളും കാഴ്ചകളുമുള്ള സ്ഥലമാണിത്. ബാംഗ്ലൂരില്‍ നിന്നും 120 കിലോമീറ്ററും ഹിന്ദ്പൂരില്‍ നിന്നും 15 കിലോമീറ്ററുമാണ് ലേപാക്ഷിയിലേയ്ക്കുള്ള ദൂരം. മൂന്ന് ക്ഷേത്രങ്ങളാണ് ലേപാക്ഷിയെ ടൂറിസം ഭൂപടത്തില്‍ പ്രമുഖ ആകര്‍ഷണകേന്ദ്രമാക്കി മാറ്റുന്നത്. ശിവക്ഷേത്രവും വിഷ്ണുക്ഷേത്രവും വീരഭദ്രക്ഷേത്രവുമാണ് ലേപാക്ഷിയിലെ ഈ പ്രശസ്തമായ മൂന്ന് ക്ഷേത്രങ്ങള്‍.

ലേപാക്ഷിയിലെ മറ്റൊരാകര്‍ഷണം ആമയുടെ രൂപത്തിലുള്ള ഒരു കുന്നാണ്. കൂര്‍മശൈലമെന്ന് പേരുള്ള ഈ കുന്നിന്‍മുകളില്‍ ശ്രീരാമക്ഷേത്രം, രഘുനാഥ ക്,ത്രേം, വീരഭദ്രക്ഷേത്രം, പാപനാഥേശ്വര ക്ഷേത്രം, ദുര്‍ഗാ ക്ഷേത്രം എന്നിവയുമുണ്ട്. വിശ്വകര്‍മ്മ ബ്രാഹ്മണരുടെ കരവിരുതിന്റെ ഉത്തമോദാഹരണങ്ങളാണ് ഈ ക്ഷേത്രങ്ങളെല്ലാം. ക്ഷേത്രത്തിന്റെ കടുത്ത ചുമരുകള്‍ക്കുമേലെ ഇവര്‍ അക്ഷരാര്‍ത്ഥത്തില്‍ കാഴ്ചയുടെ വസ്തമാണ് തീര്‍ത്തിരിക്കുന്നത്.

പ്രശസ്തനായ വിശ്വകര്‍മ്മ ശില്‍പി അമരശില്‍പി ജനകാചാരിയുടെ മേല്‍നോട്ടത്തിലാണ് ക്ഷേത്രങ്ങള്‍ രൂപകല്‍പന ചെയ്തതെന്നാണ് വിശ്വസിക്കപ്പെടുന്നത്. പഴയകാലത്തെ പ്രമുഖ ശില്‍പികളായിരുന്ന കകോജി, മൊറോജു എന്നിവരും ക്ഷേത്രത്തില്‍ ശില്‍പവേലകള്‍ ചെയ്യാന്‍ സഹായങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും കരുതപ്പെടുന്നു.

ക്ഷേത്രച്ചുവരുകളില്‍ ഹൈന്ദവ പുരാണങ്ങളില്‍ നിന്നുള്ള രംഗങ്ങളാണ് കൊത്തിവച്ചിരിക്കുന്നത്. രാമാണത്തിലും മഹാഭാരതത്തിലുമുള്ള കഥാസന്ദര്‍ഭങ്ങള്‍ ക്ഷേത്രച്ചുവരുകളില്‍ കാണാം. പ്രശസ്തമായ ലേപാക്ഷി സാരില്‍ കാണുന്ന ചിത്രപ്പണികളും ക്ഷ്രേച്ചുവരുകളിലുണ്ട്. തൂക്കുസ്തംഭം, പാറകൊണ്ടുള്ള ചങ്ങല, ദുര്‍ഗ പാദം, വാസ്തു പുരുഷന്‍ തുടങ്ങി പലകാഴ്ചകളാണ് ഈ ക്ഷേത്രങ്ങളിലുള്ളത്. പ്രകൃതിദത്തമായ നിറങ്ങളുപയോഗിച്ചാണ് ക്ഷേത്രങ്ങളുടെ മേല്‍ക്കൂരകള്‍ അലങ്കരിച്ചിരിക്കുന്നത്. വീരഭദ്രപ്രതിഷ്ഠയുള്ള ക്ഷേത്രമാണ് ഇവിടുത്തെ ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. തെന്നിന്ത്യയിലെ പ്രമുഖ വീരഭദ്രക്ഷേത്രങ്ങളില്‍ ഒന്നാണിത്.

പൊതുവേ ആന്ധ്രയില്‍ ചൂടേറിയ കാലാവസ്ഥയാണ്, മഴക്കാലത്തുപോലും ചിലയിടങ്ങളില്‍ ചൂടനുഭവപ്പെടാറുണ്ട്. ശീതകാലത്തല്ലാത്തെ ആന്ധ്രയിലെ സ്ഥലങ്ങളിലേയ്ക്ക് വിനോദയാത്രപോവുകയെന്നത് ഒട്ടും സുഖകരമായ അനുഭവമായിരിക്കില്ല നല്‍കുക. എന്നാല്‍ ലേപാക്ഷിയുടെ കാര്യം വ്യത്യസ്തമാണ്. വര്‍ഷത്തില്‍ ഏതാണ്ട് എല്ലാമസയത്തും മനോഹരമായ കാലാവസ്ഥ അനുഭവപ്പെടുന്ന സ്ഥലമാണ് ലേപാക്ഷി.

വേനല്‍ക്കാലം ഒഴിവാക്കിയാല്‍ മറ്റേതുസമയത്തും ഇവിടെ സന്ദര്‍ശനം നടത്താം. റെയില്‍വേ സ്റ്റേഷനോ, വിമാനത്താവളമോ ഇല്ലാത്ത സ്ഥലമാണിത്, റോഡുമാര്‍ഗ്ഗമാണ് ലേപാക്ഷിയില്‍ എത്തേണ്ടത്. വാസ്തുവിദ്യയിലും ചരിത്രത്തിലും താല്‍പര്യമുള്ളവര്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണ് ലേപാക്ഷി എന്ന കാര്യത്തില്‍ സംശയം വേണ്ട.

രാമായണകഥയില്‍ പറയുന്ന ജഡായു രാവണന്റെ ആക്രമണത്തില്‍ പരുക്കേറ്റു വീണ സ്ഥലം ലേപാക്ഷിയാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. സീതയെത്തേടിയെത്തിയ രാമന്‍ വഴിയില്‍ വീണുകിടക്കുന്ന ജഡായുവിനെ കാണുകയും എഴുന്നേല്‍ക്കൂ പക്ഷീ എന്ന അര്‍ത്ഥത്തില്‍ ലേ പക്ഷി എന്നു തെലുങ്കില്‍ പറഞ്ഞുവെന്നും അങ്ങനെയാണ് ഈ സ്ഥലം ലേപാക്ഷിയെന്ന് അറിയപ്പെടാന്‍ തുടങ്ങിയതെന്നുമാണ് പറഞ്ഞുകേള്‍ക്കുന്ന കഥകള്‍.

ആന്ധ്രയിലെ മറ്റ് പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമായ പുട്ടപര്‍ത്തി, പട്ടുനെയ്ത്തിന് പ്രശസ്തമായ ധര്‍മ്മാവരം പരുത്തിവസ്ത്രങ്ങള്‍ക്ക് പ്രശസ്തമായ ഹിന്ദ്പൂര്‍ എന്നീ സ്ഥലങ്ങള്‍ ലേപാക്ഷിയ്ക്ക് അടുത്തുള്ള മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്.

Please Wait while comments are loading...