സായി ബാബയുടെ ജന്മനാടായ പുട്ടപര്‍ത്തി

പുട്ടപര്‍ത്തിയെന്ന പേര് കേള്‍ക്കാത്തവരുണ്ടാകില്ല, ആന്ധ്രപ്രദേശിലെ വളരെ ചെറിയൊരു സ്ഥലമായിരുന്ന പുട്ടപര്‍ത്തി ആഗോള പ്രശസ്തിനേടിയത് ആത്മീയ ഗുരുവായ സത്യസായി ബാബയുടെ പേരിലാണ്. ഇന്ന് പുട്ടപര്‍ത്തി ഇന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. ആയിരക്കണക്കിന് ആളുകളാണ് സത്യസായി ബാബ ജീവിച്ചിരുന്ന സ്ഥലം കാണാന്‍ ഇവിടെയെത്തുന്നത്.

ആന്ധ്രയിലെ അനന്തപുര്‍ ജില്ലയില്‍ ചിത്രവതി നദിയുടെ കരയിലാണ് പുട്ടപര്‍ത്തി സ്ഥിതിചെയ്യുന്നത്. പുട്ടപര്‍ത്തിയെന്ന തീര്‍ത്ഥാടന കേന്ദ്രത്തിന്റെ ചരിത്രമെന്ന് പറയുന്നത് സത്യസായി ബാബയെന്ന ആത്മീയ ഗുരുവിന്റെ ജീവിതകഥകൂടിയാണ്. ഗൊല്ലപ്പള്ളിയെന്ന ചെറിയൊരു കാര്‍ഷിക ഗ്രാമമായിരുന്നു മുമ്പ് ഈ സ്ഥലം. 1926 നവംബര്‍ 23നാണ്  പെദ്ദ വെങ്കപ്പ, ഈശ്വരമ്മ എന്നീ ദമ്പതിമാരുടെ പുത്രനായി സത്യനാരായണ രാജു ജനിയ്ക്കുന്നത്.

കുഞ്ഞായിരുന്നപ്പോള്‍ മുതലുള്ള ആസാധാരണസംഭവങ്ങള്‍ കാരണം ജനങ്ങള്‍ സത്യനാരായണ രാജു ഷിര്‍ദ്ദിയിലെ സായി ബാബയുടെ പുനരവതാരമാണെന്ന് വിശ്വസിക്കാന്‍ തുടങ്ങുകയും സത്യസായി ബാബയെന്ന പേരില്‍ വിളിയ്ക്കാന്‍ തുടങ്ങുകയും ചെയ്തു. വളര്‍ച്ചയുടെ പലഘട്ടങ്ങളിലും രാജു താന്‍ വെറുമൊരു മനുഷ്യനല്ലെന്ന് തെളിയ്ക്കുന്ന തരത്തിലുള്‌ല കാര്യങ്ങളായിരുന്നു ചെയ്തുകൊണ്ടിരുന്നത്.

ഇദ്ദേഹത്തിന്റെ പ്രശസ്തി പരക്കുകയും ജനങ്ങള്‍ അദ്ദേഹത്തെ ആരാധിയ്ക്കാന്‍ തുടങ്ങുകയും ചെയ്തു. സത്യം, സ്‌നേഹം, സമാധാനം എന്നീ തത്വങ്ങളില്‍ അധിഷ്ഠിതമായിരുന്നു സത്യനാരായണ രാജുവിന്റെ അനുശാസനങ്ങള്‍, ഇവ പിന്നീട് ലോകശ്രദ്ധയാകര്‍ഷിയ്ക്കുന്നവയായി മാറി. അങ്ങനെ സത്യസായി ബാബ ജീവിയ്ക്കുന്ന സ്ഥലവും പതിയെ തീര്‍ത്ഥാടനകേന്ദ്രമായിമാറുകയായിരുന്നു.

1950ല്‍ പ്രശാന്തിനിലയം എന്ന പേരിലുള്ള ആത്മീയ കേന്ദ്രം സ്ഥാപിയ്ക്കപ്പെട്ടു. ഈ ആശ്രമമാണ് പുട്ടപര്‍ത്തിയെ ലോകമാകെ ഉറ്റുനോക്കുന്ന തീര്‍ത്ഥാടനകേന്ദ്രമായും മികച്ച നഗരമായും വളര്‍ത്തിയത്. പ്രശാന്തിനിലയം വന്നതില്‍പ്പിന്നെ പുട്ടപര്‍ത്തിയില്‍ വികസനവും കടന്നുവന്നു, വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, ആധുനിക സജ്ജീകരണങ്ങളുള്ള ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി പുട്ടപര്‍ത്തിയെന്ന കൊച്ചുസ്ഥലം മികച്ച സൗകര്യങ്ങളുള്ള ഒരു നഗരമായി വികസിച്ചു.

2011 ഏപ്രില്‍ 24നാണ് സത്യസായി ബാബ സമാധിയായത്. ബാബയുടെ ദേഹവിയോഗത്തിന് ശേഷവും ഇവിടെയെത്തുന്ന ഭക്തരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടില്ല. മുമ്പ് ഭക്തര്‍ക്ക് ദര്‍ശനം നല്‍കാനായി ബാബ എത്തിയിരുന്ന പ്രശാന്തി നിലയത്തിലെ കുല്‍വന്ത് ഹാളിലാണ് അദ്ദേഹത്തിന്റെ സമാധി സ്ഥാനം.

പ്രശാന്തിനിലയം കൂടാതെ മറ്റു പലആകര്‍ഷണങ്ങളുമുണ്ട് പുട്ടപര്‍ത്തിയില്‍. ഹനുമാന്‍ ക്ഷേത്രം, മുസ്ലീം പള്ളി, സത്യഭാമ ക്ഷേത്രം, ശിവക്ഷേത്രം, ചിത്രവതി നദിക്കര എന്നിവയെല്ലാം പുട്ടപര്‍ത്തിയിലെ കാഴ്ചകളില്‍ ചിലതുമാത്രം.

യാത്രയും കാലാവസ്ഥയും

ആന്ധ്രയുടെ ഏത് ഭാഗത്തുനിന്നും എളുപ്പത്തില്‍ എത്തിച്ചേരാവുന്ന സ്ഥലമാണ് പുട്ടപര്‍ത്തി. ഇവിടെയെത്തിക്കഴിഞ്ഞുള്ള സ്ഥലങ്ങള്‍ കാണലും താമസവുമെല്ലാം ഓര്‍ത്ത് ആശങ്കപ്പെടേണ്ടതുതന്നെയില്ല, വളരെ മികച്ച പദ്ധതിപ്രകാരം വളര്‍ത്തിയെടുത്തൊരു നഗരം പോലെയാണ് പുട്ടപര്‍ത്തി. ഇക്കാര്യത്തില്‍ ഈ സ്ഥലം കടപ്പെട്ടിരിക്കുന്നത് സത്യസായി ബാബയോടും പ്രശാന്തി ആശ്രമത്തോടുമാണെന്നകാര്യത്തില്‍ തര്‍ക്കത്തിന് വകയില്ല.

ശ്രീ സത്യസായി എയര്‍പോര്‍ട്ട് എന്നാണ് ഇവിടുത്തെ വിമാനത്താവളത്തിന്റെ പേര്. പ്രശാന്തി നിലയത്തില്‍ നിന്നും 4 കിലോമീറ്റര്‍ അകലമേയുള്ളു ഇങ്ങോട്ട്. ചെന്നൈ, മുംബൈ പോലുള്ള നഗരങ്ങളില്‍ നിന്നെല്ലാം ഇങ്ങോട്ട് വിമാനസര്‍വ്വീസുകളുണ്ട്. പുട്ടപര്‍ത്തിയ്ക്ക് അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം ബാംഗ്ലൂരിലാണ്, ഇവിടേയ്ക്ക് 131 കിലോമീറ്ററാണ് ദൂരം. സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലമാണ് പുട്ടപര്‍ത്തി സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം. വേനല്‍ക്കാലത്ത് ഇവിടെ നല്ല ചൂട് അനുഭവപ്പെടാറുണ്ട്. ആത്മീയമായ അനുഭവങ്ങള്‍ തേടിയുള്ളവര്‍ക്ക് സന്ദര്‍ശിയ്ക്കാന്‍ പറ്റിയ സ്ഥലമാണ് പുട്ടപര്‍ത്തി.

Please Wait while comments are loading...