തിരുമലയുടെ കവാടമായ കഡപ്പ

ഹോം » സ്ഥലങ്ങൾ » കഡപ്പ » ഓവര്‍വ്യൂ

ആന്ധ്രപ്രദേശിലെ റായലസീമ പ്രദേശത്തു സ്ഥിതിചെയ്യുന്ന സ്ഥലമാണ് കഡപ്പ. മുമ്പ് കുഡ്ഡപ്പയെന്നായിരുന്നു ഈ സ്ഥലം അറിയപ്പെട്ടിരുന്നത്. കവാടം എന്നര്‍ത്ഥം വരുന്ന ഗഡപ്പയെന്ന തെലുങ്കു പദത്തില്‍ നിന്നാണ് കഡപ്പയെന്ന സ്ഥലനാമം രൂപപ്പെട്ടതത്രേ. പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമായ തിരുപ്പതിയുടെ കവാടമെന്ന അര്‍ത്ഥത്തിലാണ് ഈ സ്ഥലം അറിയപ്പെടുന്നത്.

കഡപ്പയുടെ പടിഞ്ഞാറുഭാഗത്തായിട്ടാണ് തിരുമല സ്ഥിതിചെയ്യുന്നത്. ആന്ധ്രപ്രദേശിന്റെ തലസ്ഥാനായി ഹൈദരാബാദില്‍ നിന്നും 412 കിലോമീറ്റര്‍ അകലെയാണ് കഡപ്പ സ്ഥിതിചെയ്യുന്നത്. പെന്ന നദിയ്ക്ക് വളരെ അടുത്താണ് ഈ പ്രദേശം. നല്ലമല, പലകൊണ്ട എന്നീ മലനിരകള്‍ക്കിടയിലാട്ടാണ് കടപ്പ സ്ഥിതിചെയ്യുന്നത്.

പതിനൊന്ന്, പതിനാല് നൂറ്റാണ്ടുകളില്‍ ചോള സാമ്ര്യാജ്യത്തിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നായിരുന്നുവത്രേ കഡപ്പ. പതിനാലാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഈ പ്രദേശം വിജയനഗര സാമ്രാജ്യത്തിനോട് ചേര്‍ക്കപ്പെട്ടു. വിജയനഗരസാമ്രാജ്യത്തിന് കീഴിലായതിന് ശഷം രണ്ട് നൂറ്റാണ്ടുകള്‍ ഈ പ്രദേശം ഭരിച്ചിരുന്നത് ഗണ്ടികോട്ട നായകരായിരുന്നു. കഡപ്പയിലെ ഗവര്‍ണര്‍മാരായിട്ടാണ് ഇവര്‍ ഭരണം നടത്തിയിരുന്നത്.

ഇക്കാലത്താണ് കഡപ്പയില്‍ പല ജലസംഭരണികളും, ക്ഷേത്രങ്ങളുമെല്ലാം പണികഴിച്ചത്. പിന്നീട് 1565ല്‍ ഗോല്‍കൊണ്ടയിലെ മുസ്ലീം ഭരണാധികാരികള്‍ കഡപ്പ പിടിച്ചെടുത്തു. അക്കാലത്തെ രാജാവായിരുന്ന ചിന്ന തിമ്മയെ നായിഡുവിനെ തോല്‍പ്പിച്ച് മിന്‍ ജുംല ഗണ്ടികോട്ട കോട്ട പിടിച്ചെടുത്ത് കൊള്ളയടിച്ചു. പിന്നീട് ഖുത്ബ് ഷഹി ഭരണാധികാരി നെക്‌നാം ഖാന്‍ തന്റെ സാമ്രാജ്യത്തിന്റെ വിസ്തൃതി കഡപ്പയിലേയ്ക്കുകൂടി വ്യാപിപ്പിച്ചു.

അതില്‍പ്പിന്നീട് കഡപ്പ അറിയപ്പെട്ടത് നെക്‌നാമബാദ് എന്നായിരുന്നു. നവാബുമാര്‍ കഡപ്പയുടെ ഉന്നമനത്തിനായി ഒട്ടേറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഒട്ടേറെ മനോഹരമായ പള്ളികളും ദര്‍ഗകളുമെല്ലാംമുണ്ട് കഡപ്പയില്‍ ഇവയെല്ലാം നവാബ് ഭരണകാലത്ത് പണികഴിപ്പിച്ചവയാണ്.

1800ല്‍ ബ്രിട്ടീഷുകാര്‍ കഡപ്പയുടെ ഭരണം ഏറ്റെടുത്തു. അവരുടെ നാലു കളക്ടറേറ്റുകളില്‍ ഒന്നിന്റെ ആസ്ഥാനമായി കഡപ്പയെ മാറ്റുകയും ചെയ്തു. സര്‍ തോമസ് മണ്‍റോയായിരുന്നു കളക്ടറേറ്റിലെ മേധാവി. കഡപ്പയില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ സ്ഥാപിച്ചത് ബ്രിട്ടീഷുകാരാണ്. പിന്നീട് ബ്രീട്ടീഷുകാര്‍ ഇന്ത്യ വിട്ടതില്‍പ്പിന്നെ കഡപ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ രൂപീകരിക്കപ്പെട്ടു.

കഡപ്പയും കിഷ്‌കിന്ധ കാണ്ഡവും

രാമായണത്തിലെ ഏഴ് കാണ്ഡങ്ങളില്‍ ഒന്നായ കിഷ്‌കിന്ധ കാണ്ഡത്തിലെ സംഭവങ്ങളെല്ലാം നടന്നത് കഡപ്പയിലാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. കിഷ്‌കിന്ധ കാണ്ഡത്തിലെ കാര്യങ്ങള്‍ നടന്നുവെന്നു പറയുന്ന വോണ്ടിമിട്ട കഡപ്പ ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. കഡപ്പ നഗരത്തല്‍ നിന്നും 20 കിലോമീറ്ററുണ്ട് ഇവിടേയ്ക്ക്.

കഡപ്പ നഗരത്തിനടുത്തുള്ള ഗണ്ടിയെന്ന ഗ്രാമത്തില്‍ പ്രശസ്തമായ ഒരു ഹനുമാന്‍ ക്ഷേത്രമുണ്ട്. ശ്രീരാമനാണ് ഈ ക്ഷേത്രത്തിലെ ഹനുമാന്‍ പ്രതിമ നിര്‍മ്മിച്ചതെന്നാണ് വിശ്വാസം. സീതാ ദേവിയെ കണ്ടെത്തിയതിന്റെ നന്ദി രേഖപ്പെടുത്തായി ശ്രീരമാന്‍ തന്റെ അമ്പിന്റെ മുന കൊണ്ട് കല്ലില്‍ കൊത്തിയതാണ് ഈ ഹനുമാന്‍ വിഗ്രഹമെന്നാണ് പറയുന്നത്.

ഇപ്പോള്‍ ആന്ധ്ര പ്രദേശിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് കഡപ്പ. അമീന്‍ പീര്‍ദര്‍ഗ്ഗ, ഭഗവാന്‍ മഹാവീര്‍ മ്യൂസിയം, ചന്ദ് ഫിര്‍ ഗുംബാദ്, ദേവുനി കഡപ്പ, മസ്ജിദ് ഇ അസം എന്നുതുടങ്ങി ഒട്ടേറെ ആകര്‍ഷണകേന്ദ്രങ്ങളുണ്ടിവിടെ. വര്‍ഷം മുഴുവന്‍ വരണ്ട കാലാവസ്ഥ അനുഭവപ്പെടുന്ന സ്ഥലമാണിത്. വേനല്‍ക്കാലങ്ങളില്‍ ഇവിടെകടുത്ത ചൂടാണ് അനുഭവപ്പെടുക. കനത്ത മഴ ലഭിയ്ക്കാത്ത സ്ഥലമാണിത്. ശീതകാലത്തില്‍ കുറഞ്ഞതോതില്‍ മാത്രമേ തണുപ്പനുഭവപ്പെടാറുള്ളു.

ആന്ധ്രപ്രദേശിലെ എല്ലാ ഭാഗത്തുനിന്നും ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും റോഡ്, റെയില്‍ മാര്‍ഗ്ഗമെല്ലാം എളുപ്പത്തില്‍ എത്തിച്ചേരാവുന്ന സ്ഥലമാണ് കഡപ്പ. നഗരത്തില്‍ നിന്നും 8 കിലോമീറ്റര്‍ അകലെയാണ് ഇവിടുത്തെ വിമാനത്താവളം. അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം ഹൈദരാബാദിലാണ്. മുംബൈ-ചെന്നൈ റെയില്‍വേയിലാണ് കഡപ്പ സ്റ്റേഷന്‍.

Please Wait while comments are loading...