ബാരാ ഇമാംബര എന്നാല്‍ വിശാലമായ പ്രാര്‍ത്ഥനാ സ്ഥലം എന്നാണ് അര്‍ത്ഥം. ലക്‌നൗവിലെ നവാബ് ആയിരുന്ന അസഫ്-ഉദ്-ദൗള 1783ല്‍ ഇത് നിര്‍മ്മിച്ചു. അതിനാല്‍ ബാരാ ഇമാംബര അസഫി ഇമാംബരാ എന്നും അറിയപ്പെടുന്നു. ലക്‌നൗവിലെ ഏറ്റവും മനോഹരമായ നിര്‍മ്മിതികളില്‍ ഒന്നാണ് ഈ മന്ദിരം.
പ്രാര്‍ത്ഥനാ സ്ഥലം, ഭൂല്‍ ഭുലയ്യ, പടവുകളോട് കൂടിയ കിണര്‍, നവാബിന്റെ ശവകുടീരം എന്നിവയാണ് ഈ കെട്ടിട സമുച്ചയത്തിലെ പ്രധാന കാഴ്‌ചകള്‍. ഒരു മേലാപ്പിന് അടിയിലായാണ് നവാബിന്റെ ശവകുടീരം സ്ഥാപിച്ചിരിക്കുന്നത്.
മുഗള്‍ ശൈലിയില്‍ രൂപകല്‍പ്പന ചെയ്‌തിരിക്കുന്ന ഈ ഇമാംബരയ്‌ക്ക് പാകിസ്ഥാനിലെ ലാഹോറില്‍ സ്ഥിതി ചെയ്യുന്ന ബദ്‌ഷാഹി പള്ളിയിലെ അലങ്കാരപ്പണികളുമായി സാമ്യമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ പള്ളിയാണ് ബദ്‌ഷാഹി പള്ളി.
ബാരാ ഇമാംബരയുടെ നിര്‍മ്മാണത്തിന് ഇരുമ്പ് ഉപയോഗിച്ചിട്ടില്ല എന്ന പ്രത്യേകതയുമുണ്ട്. മാത്രമല്ല യൂറോപ്യന്‍ നിര്‍മ്മാണശൈലിയുടെ ഒരുവിധ സ്വാധീനവും ഈ മന്ദിരത്തില്‍ കാണാനും കഴിയില്ല. 50 മീറ്റര്‍ നീളവും 16 മീറ്റര്‍ വീതിയും 15 മീറ്റര്‍ ഉയരവുമുള്ള ഇമാംബരയിലെ പ്രധാന ഹാളിന്റെ മച്ച് ഒരു താങ്ങും ഇല്ലാതെയാണ് നില്‍ക്കുന്നത്. തൂണുകളില്ലാതെ നിര്‍മ്മിച്ചിരിക്കുന്ന വിശാലമായ ഈ ഹാള്‍ ആരിലും അത്ഭുതം ഉണര്‍ത്തും. 489 പ്രവേശന കവാടങ്ങളുള്ള ബാരാ ഇമാംബരയ്‌ക്ക് അകത്ത് കടന്നാല്‍ ആര്‍ക്കും വഴി തെറ്റും. അത്രയ്‌ക്ക് ആശയക്കുഴപ്പം ഉണ്ടാക്കുന്നവയാണ് ഇതിലുള്ള എണ്ണമറ്റ ഇടനാഴികളും വാതിലുകളും. ഗോമതി നദിയിലേക്ക് നീളുന്ന ഒരു തുരങ്കം ബാരാ ഇമാംബരയില്‍ ഉള്ളതായി പറയപ്പെടുന്നു. ഒരു മൈല്‍ നീളമുള്ള ഈ തുരങ്കം ഇപ്പോള്‍ അടച്ചിരിക്കുകയാണ്.



Click it and Unblock the Notifications