ഊട്ടിയില്‍ നിന്ന് 22 കിലോമീറ്റര്‍ അകലെ നീലഗിരി കുന്നുകളിലാണ് ഈ തടാകം വിലയിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഇവിടെയുണ്ടായ കനത്ത ഹിമപാതത്തെ അനുസ്മരിച്ചാണ് തടാകത്തിന് ഈ പേര് കൈവന്നത്. സഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ പ്രിയങ്കരമാണ് ഈ സ്ഥലം. തടാകത്തിന് ചുറ്റും ഇടം പിടിച്ച ഉരുളന്‍ പാറകളും അവയ്ക്ക് മുകളില്‍ വര്‍ഷത്തിലേറെ കാലവും
പുഷ്പിച്ച് നില്ക്കുന്ന മംഗോളിയ വൃക്ഷങ്ങളും കാട്ടുപൂവരശുകളും ഓര്‍ക്കിഡുകളും ഈ പ്രദേശത്തിന് അലൌകികമായ ഭാവം നല്കുന്നു.
തടാകത്തിന് ചുറ്റും ഇളം കാറ്റേറ്റ് സ്വൈരവിഹാരം നടത്തുന്ന ഒരുപാട് സന്ദര്‍ശകരെ ഇവിടെ കാണാം. മത്സ്യസമൃദ്ധമായ തടാകത്തില്‍ ചിലര്‍ ചൂണ്ടയിടുന്നു. കൃത്രിമമായി മത്സ്യ പ്രജനനം നടത്തുന്ന ഒരു ഹാച്ചറി ഇതിന് സമീപത്തായുണ്ട്. ഫിഷിംഗിനാവശ്യമായ ചൂണ്ടയും ഇരയും മറ്റു സാമഗ്രികളും ഇവിടെ നിന്ന് തരപ്പെടുത്താം.
സാഹസികവിനോദ പ്രേമികളായ ചിലര്‍ കായലിനടുത്ത് ടെന്റ് കെട്ടിപ്പൊക്കുന്നതും കായല്‍ കരയില്‍ നേരം പോക്കുന്നതും കാണാം. ട്രെക്കിങ്ങിലും തടിച്ചങ്ങാടത്തിലൂടെയുള്ള യാത്രയിലുമാണ് ചിലര്‍ മുഴുകിയിട്ടുള്ളത്.