പാലംപൂരില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെയാണ് ബാജിനാഥ് ശിവ ക്ഷേത്രം. 1204ല്‍ അഹൂക, മന്യൂക എന്നീ രണ്ട് കച്ചവടക്കാരാണ് ഈ ക്ഷേത്രം സ്ഥാപിച്ചത്. ശിവന് സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രത്തില്‍ സ്ഥാപനം മുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ക്ഷേത്ര കവാടത്തില്‍ ലിഖിതങ്ങളില്‍, ക്ഷേത്ര സ്ഥാപനത്തിന് മുമ്പേ ശിവന്റെ സാന്നിധ്യം ഇവിടെ ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. മധ്യകാല ഉത്തരേന്ത്യന്‍ ക്ഷേത്ര നിര്‍മ്മാണ ശൈലിയായ നാഗര ശൈലിയിലാണ് ഈ ക്ഷേത്രവും നിര്‍മ്മിച്ചിരിക്കുന്നത്.
ശിവലിംഗത്തിന്റെ സ്വയംഭൂ രൂപമാണ് ക്ഷേത്രത്തിലെ പ്രതിഷ്‌ഠ. ശ്രീകോവിലിന് മുകളില്‍ വലിയൊരു ഗോപുരം ഉയര്‍ത്തിയിട്ടുണ്ട്. പ്രവേശന കവാടത്തില്‍ നിന്ന് ചെന്നു കയറുന്ന സമചതുരാകൃതിയിലുള്ള മണ്ഡപത്തില്‍ രണ്ട് വിശാലമായ ബാല്‍ക്കണികള്‍ കാണാം. ക്ഷേത്രത്തിന്റെ പുറം ചുമരുകളിലും പുറം വാതിലിലും വിവിധ ദൈവങ്ങളുടെ രൂപങ്ങളും മതപരമായ ലിഖിതങ്ങളും കൊത്തിവച്ചിട്ടുണ്ട്. നാലുതൂണുകളില്‍ ഉയര്‍ത്തിയിരിക്കുന്ന മുഖമണ്ഡപത്തില്‍ ശിവന്റെ വാഹനമായ നന്ദിയുടെ വിഗ്രഹവും പ്രതിഷ്‌ഠിച്ചിരിക്കുന്നു.



Click it and Unblock the Notifications