പൊഖ്‌റാന്‍ -  5 മരീചികകളുടെ നഗരം

രാജസ്ഥാനിലെ ജയ്‌സാല്‍മീര്‍ ജില്ലയിലെ അതായത് താര്‍ മരുഭൂമിയിലെ ഒരു ഹെറിറ്റേജ് നഗരമാണ് പൊഖ്‌റാന്‍. അഞ്ച് കൂറ്റന്‍ ഉപ്പുപാറകളാല്‍ ചുറ്റപ്പെട്ട പൊഖ്‌റാനെ അഞ്ച് മരീചികകളുടെ സ്ഥലമെന്നാണ് വിശേഷിപ്പിക്കുന്നത്. ബുദ്ധന്‍ ചിരിക്കുന്നുവെന്ന പേരിട്ട് നടത്തിയ ഇന്ത്യയുടെ ആണവപരീക്ഷണങ്ങള്‍ക്ക് പിന്നാലെയാണ് പൊഖ്‌റാന്‍ എന്ന സ്ഥലനാമം പ്രശസ്തമായത്.

1974 മെയ് 18നാണ് പൊഖ്‌റാനില്‍ ഇന്ത്യ ആദ്യമായി ആണവപരീക്ഷണം നടത്തിയത്.  ഇന്ത്യന്‍ ആര്‍മി ബേസായ പൊഖ്‌റാന്‍ പരീക്ഷണ റേഞ്ചിലായിരുന്നു ഈ പരീക്ഷണം നടന്നത്. പിന്നീടങ്ങോട്ട് പൊഖ്‌റാന്‍ എന്ന സ്ഥലം വാര്‍ത്തകളില്‍ നിറയുകയായിരുന്നു.

രാജസ്ഥാനിലെ പരമ്പരാഗത നഗരങ്ങളില്‍ കാണാന്‍ കഴിയുന്ന പലകാഴ്ചകളുമുള്ള സ്ഥലമാണ് പൊഖ്‌റാന്‍. ഹവേലികള്‍, വളരെ പഴക്കം ചെന്ന കെട്ടിടങ്ങള്‍, ക്ഷേത്രങ്ങള്‍ തുടങ്ങിയ കാഴ്ചകളെല്ലാം പൊഖ്‌റാനിലുണ്ട്. ബാബ രാംദേവ് ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണകേന്ദ്രങ്ങളിലൊന്ന്. പൊഖ്‌റാന്‍ നഗരത്തില്‍ നിന്നും 12 കിലോമീറ്റര്‍ മാറി രാംദേവ്ര ഗ്രാമത്തിലാണ് ഈ ആരാധനാലയം സ്ഥിതിചെയ്യുന്നത്. രാജസ്ഥാനിലെ ഒരു ഹൈന്ദവ ആത്മീയ നേതാവായിരുന്ന രാംദേവ്ജിയുടെ സമാധി ഇവിടെയാണുള്ളത്. രാംദേവ്ര മേളയുടെ സമയത്ത് വര്‍ഷാവര്‍ഷം ഇവിടെ ഒട്ടേറെ ഭക്തജനങ്ങള്‍ സന്ദര്‍ശനത്തിനെത്താറുണ്ട്.

ബാലഗഡ് എന്ന് അറിയപ്പെടുന്ന പൊഖ്‌റാന്‍ കോട്ടയാണ് മറ്റൊരു പ്രധാന ആകര്‍ഷണം. പതിനാലാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ഈ കോട്ട ചമ്പാവവത് വിഭാഗക്കാരുടെ അധീനതയിലാണ്. മനോഹരമായ വാസ്തിവിദ്യയും സുവര്‍ണമായ ചരിത്രവുമാണ് ഈ കോട്ടയെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. രജപുത് കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍, ആയുധങ്ങള്‍, പാത്രങ്ങള്‍ തുടങ്ങിയവയെല്ലാം പ്രദര്‍ശിപ്പിക്കുന്ന ഒരു മ്യൂസിയവും ഇവിടെയുണ്ട്.

മനോഹരമായ ഒട്ടേറെ രാജകീയ ഭവനങ്ങ(ഹവേലി)ളുണ്ട് ഈ നഗരത്തില്‍. ഇവയില്‍ ചിലതെല്ലാം തീര്‍ച്ചയായും കണ്ടിരിക്കേണ്ടതാണ്. സലിം സിങ് കി ഹവേലി, പ്ട്‌വണ്‍ ജി കി ഹവേലി, നഥ്മല്‍ജി കി ഹവേലി എന്നിവയാണ് ഹവേലികളില്‍ പ്രധാനപ്പെട്ടവ. ഇന്ത്യയുടെ ഏത് ഭാഗത്തുനിന്നും വിമാനമാര്‍ഗ്ഗവും റെയില്‍, റോഡുമാര്‍ഗ്ഗവുമെല്ലാം പൊഖ്‌റാനില്‍ എത്തിച്ചേരാം. ജോധ്പൂര്‍ വിമാനത്താവളമാണ് പൊഖ്‌റാന് തൊട്ടടുത്തുള്ളത്. അടുത്തുള്ള റെയില്‍വേ സ്‌റ്റേഷനും ജോധ്പൂരില്‍ത്തന്നെയാണ്. ജയ്പൂര്‍, ജോധ്പൂര്‍, ബിക്കാനീര്‍, ജെയ്‌സാല്‍മീര്‍ എന്നീ നഗരങ്ങളില്‍ നിന്നെല്ലാം പൊഖ്‌റാനിലേയ്ക്ക് ബസ് സര്‍വ്വീസുകളുമുണ്ട്.

താര്‍ മരുഭൂമിയില്‍ സ്ഥിതിചെയ്യുന്നതിനാല്‍ത്തന്നെ വര്‍ഷം മുഴുവനും കടുപ്പമേറിയ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് പൊഖ്‌റാന്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യം. ഈ സമയത്ത് പ്രസന്നമായ ചൂട് അധികമില്ലാത്ത കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടാറുള്ളത്.

Please Wait while comments are loading...