നളപുര എന്ന പേരിലാണ് പന്ത്രണ്ടാം നൂറ്റാണ്ട് വരെ നര്‍വാര്‍ അറിയപ്പെട്ടിരുന്നത്. മഹാഭാരതവേദത്തിലെ ദമയന്തിയുമായുള്ള പ്രണയഗാഥയിലെ നളന്‍ എന്ന രാജാവിന്റെ പേരുമായി ബന്ധപ്പെട്ട നാമധേയമാണ് പട്ടണത്തിന് ഉണ്ടായിരുന്നത്. രാജകീയമായ അതിര്‍ വരമ്പുകളുടെയും അതിര്‍ത്തി വിപുലീകരണതിന് വേണ്ടിയുള്ള നിരന്തരമായ പോരാട്ടങ്ങളുടെയും പ്രോജ്ജ്വലമായ ചരിത്രസാക്ഷ്യമാണ് നര്‍വാര്‍ കോട്ട. സമുദ്രനിരപ്പില്‍ നിന്ന് അഞ്ഞൂറടി ഉയരത്തില്‍ എട്ട് ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ ഒരു കുന്നിന്റെ മുകളിലാണ് കോട്ട നിലകൊള്ളുന്നത്.
സമൃദ്ധമായ ഭൂതകാലത്തിന്റെയും സുശക്തമായ സാമ്രാജ്യത്വത്തിന്റെയും വീരമുദ്രണങ്ങള്‍ കോട്ടയുടെ ചുവരുകളില്‍ നിന്ന് വായിച്ചെടുക്കാം. കാലവും പ്രകൃതിയും കയ്യേറിയെങ്കിലും കോട്ടയുടെ പ്രതാപവും വാസ്തുശൈലിയും കാലാതിവര്‍ത്തിയായി ഇന്നും നിലകൊള്ളുന്നു. മേല്‍തട്ടിലും ഞ്ഞൊറികള്‍ വിതാനിച്ച തൂണുകളിലും രജപുത്ര നിര്‍മ്മാണകലയുടെ അനര്‍ഘസ്പര്‍ശം പ്രകടമാണ്. ശിവപുരി പട്ടണത്തില്‍ നിന്ന് 42 കിലോമീറ്റര്‍ മാറി കാളിസിന്ധ് നദിയുടെ കിഴക്ക് ഭാഗത്തായിട്ടാണ് നര്‍വാര്‍കോട്ട തന്റെ പൂര്‍വ്വകാല പ്രതാപവും അയവിറക്കി തലയുയര്‍ത്തി നിലകൊള്ളുന്നത്.



Click it and Unblock the Notifications