പ്രകൃതിയുടെ ലാളനമേറ്റുവാങ്ങി തേക്കടി

ഹോം » സ്ഥലങ്ങൾ » തേക്കടി » ഓവര്‍വ്യൂ

കേരളത്തിലെ ഏറ്റവും ആകര്‍ഷകവും അത്യപൂര്‍വ്വമായ വിസ്മയാനുഭവങ്ങള്‍ സന്ദര്‍ശകന് സമ്മാനിക്കുന്ന ടൂറിസ്റ്റ് കേന്ദ്രവുമാണ് ഇടുക്കി ജില്ലയിലെ തേക്കടി. വിശ്വപ്രസിദ്ധമായ പെരിയാര്‍ വന്യജീവി സംരക്ഷണ മേഖലയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണ ഘടകമെങ്കിലുംഎല്ലാ തരക്കാരുടെയും ഇഷ്ടങ്ങളെ തൃപ്തിപ്പെടുത്താന്‍ തേക്കടി സമ്പന്നമാണ്.

ദുര്‍ഘടയാത്രകള്‍ ഇഷ്ടപ്പെടുനവരെയും പ്രകൃതിസ്‌നേഹികളെയും കാടിനെ നെഞ്ചിലേറ്റുന്നവരെയും സാഹസപ്രിയരെയും ഒരുപോലെ തേക്കടിയിലെ പ്രകൃതി കടാക്ഷിക്കുന്നു. കേരള - തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്നതിനാല്‍ വിശിഷ്ടമായ രണ്ട് സാംസ്‌ക്കാരിക പൈതൃകങ്ങളുടെ സമ്പര്‍ക്കം തേക്കടിയുടെ തുടിപ്പുകളില്‍ കാണാം. ഭൂമിശാസ്ത്രപരമായ ഈ പ്രത്യേകത രണ്ട് സംസ്ഥാനങ്ങളുടെയും സ്വന്തം ഭൂമിയായ് തേക്കടിയെ നിലനിര്‍ത്തുന്നു.

തേക്കടിയിലെ വന്യജീവി സംരക്ഷണ കേന്ദ്രം നാട്ടിലേയും വിദേശത്തെയും ദശലക്ഷം വിനോദസഞ്ചാരികളെ എല്ലാ വര്‍ഷവും തേക്കടിയിലേക്ക് ആകര്‍ഷിക്കുന്നു. മറ്റെങ്ങുമില്ലാത്തവിധം വന്യജീവികളുടെയും വൃക്ഷങ്ങളുടെയും വൈവിധ്യവും ആധിക്യവും തേക്കടിയുടെ സൌന്ദര്യത്തിന് ഒരു കാന്തിക പ്രഭാവം നല്കുന്നു.

സുന്ദരമായ ഒഴിവ് വേള

മറ്റ് സാങ്ച്വറികളില്‍ നിന്ന് തേക്കടിയെ വ്യത്യസ്തമാക്കുന്നത് അതിന്റെ വിശിഷ്ടമായ ഭൂമിശാസ്ത്ര മാതൃകയും പരിസ്ഥിതിയുടെ ഘടനയുമാണ്. കുന്നുകള്‍ നിറഞ്ഞ ഈ സവിശേഷ ഭൂമി നിര്‍മ്മലമായ പ്രകൃതിദൃശ്യങ്ങളാലും അനന്തമായ് പരന്ന് കിടക്കുന്ന തോട്ടങ്ങളാലും അനുഗ്രഹീതമാണ്. കാറ്റില്‍ നിറഞ്ഞുനില്ക്കുന്ന സുഗന്ധവ്യഞ്ജനങ്ങളുടെ കൊതിപ്പിക്കുന്ന മണം സഞ്ചാരികളുടെ അനുഭൂതികള്‍ക്ക് നവചൈതന്യമേകും.

ഒന്നിനോടൊന്ന് ചേര്‍ന്ന് നില്ക്കുന്ന കുന്നുകളുടെ മനോഹര പശ്ചാതലം ഫോട്ടോഗ്രാഫിയില്‍കമ്പമുള്ളവര്‍ക്ക് ഒപ്പിയെടുക്കാന്‍ പാകത്തില്‍ തേക്കടിയിലെ പ്രകൃതി ഒരുക്കിയിരിക്കുന്നു. തണുത്ത കാലാവസ്ഥ, മേത്തരം റിസോര്‍ട്ടുകളുടെയും ഹോം സ്‌റ്റേകളുടെയും സാന്നിദ്ധ്യം എന്നിവ ഹണിമൂണിനും പിക്‌നിക്കിനും പറ്റിയ ഏറ്റവും നല്ല സഞ്ചാരകേന്ദ്രമാക്കി തേക്കടിയെമാറ്റുന്നു.

വളഞ്ഞുപുളഞ്ഞുകിടക്കുന്ന കുന്നിന്‍ചെരിവുകളും ദുര്‍ഘടമായ വനപാതകളും ട്രെക്കിംങ് ഇഷ്ടപ്പെടുന്നവര്‍ക്കും പര്‍വ്വതാരോഹകര്‍ക്കും അവിസ്മരണീയമായ അനുഭവമായിരിക്കും.സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട വേറെയും നേരമ്പോക്കുകള്‍ ഇവിടെയുണ്ട്. ബോര്‍ഡര്‍ ഹൈക്കിംങ്, വൈല്‍ഡ് ലൈഫ് ട്രെയിന്‍, റോക്ക് ക്ലൈംബിങ്, ബാംബൂ റാഫ്റ്റിങ്ങ് എന്നിവ അതില്‍ ചിലതാണ്.

പാവന ഭൂമി

തേക്കടിയിലെ പ്രശസ്തമായ പെരിയാര്‍ നാഷണല്‍ പാര്‍ക്ക് അഥവാ വന്യജീവി സാങ്ച്വറിയാണ് ലോകഭൂപടത്തില്‍ തേക്കടിക്ക് വിഖ്യാതമായ സ്ഥാനം നിര്‍ണ്ണയിച്ച്‌കൊടുത്തത്. നിത്യഹരിത വനങ്ങളുടെ നിബിഢതയ്‌ക്കൊപ്പം നാനാജാതി മൃഗങ്ങളും സന്ദര്‍ശകരെ ആവേശഭരിതരാക്കും. ആനകള്‍, കടുവകള്‍, കലമാനുകള്‍, കാട്ടുപന്നികള്‍, സിംഹവാലന്‍ കുരങ്ങുകള്‍, വരയാടുകള്‍, കരിങ്കുരങ്ങുകള്‍, മലബാര്‍ ജയന്റ് സ്‌കിറള്‍ എന്ന അപൂര്‍വ്വയിനം അണ്ണാനുകള്‍ എന്നിങ്ങനെ വിവിധയിനം മൃഗങ്ങളെയും ജീവജാലങ്ങളെയും ഉള്‍ക്കൊള്ളുന്ന ഈ ആരണ്യകം സഞ്ചാരികള്‍ തേടിനടന്ന ഇടം തന്നെയെന്ന പ്രതീതി അവരിലുളവാക്കും.

പെരിയാര്‍ വന്യജീവി സംരക്ഷണ കേന്ദ്രത്തിന് 1978 ല്‍ കടുവാ സംരക്ഷണ മേഖലയെന്ന പദവി സിദ്ധിച്ചു. പരിസ്ഥിതി സൌഹാര്‍ദ്ദത്തില്‍ അധിഷ്ടിതമായ വേറെയും എക്കോ ടൂറിസം പദ്ധതികള്‍ക്ക് ഈ മേഖല പിന്നീടും സാക്ഷിയായി. വെള്ളം കുടിക്കാനും നീരാടാനും കായലോരത്തെത്തുന്ന ആനക്കൂട്ടങ്ങള്‍ സഞ്ചാരികള്‍ക്ക് ഏറെ വിസ്മയമുളവാക്കുന്ന കാഴ്ചയാണ്.

കാഴ്ചകളുടെ വിരുന്ന്

തേക്കടിയിലെ പ്രകൃതിദൃശ്യങ്ങളും വിനോദമേഖലകളും ഒട്ടനവധിയാണ്. വന്യജീവി സംരക്ഷണ കേന്ദ്രത്തിന് പുറമെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന വേറെയും സ്ഥലങ്ങള്‍ ഇവിടെയുണ്ട്. മുരിക്കാടി(സുഗന്ധ വ്യഞ്ജന, കാപ്പി തോട്ടങ്ങള്‍), അബ്രഹാമിന്റെ സ്‌പൈസ് ഗാര്‍ഡന്‍, കടത്തനാടന്‍ കളരി കേന്ദ്രം ( ലോകപ്രശസ്ത ആയോധന കലയായ കളരിപ്പയറ്റിനെ പരിചയപ്പെടുത്തുന്ന സ്ഥാപനം ), മംഗള ദേവീ ക്ഷേത്രം എന്നിവ അവയില്‍ ചിലതാണ്.

തേക്കടിക്കടുത്ത് വണ്ടന്‍മേടെന്ന ചെറുഗ്രാമം ലോകപ്രശസ്തമാണ്. ലോകത്തില്‍ ഏറ്റവുമധികം ഏലക്ക ഉത്പാദിപ്പിക്കുന്ന തോട്ടങ്ങള്‍ ഇവിടെയാണുള്ളത്. മുന്തിയ ഇനം സുഗന്ധവ്യഞ്ജനങ്ങളുടെ വിളനിലമാണ് തേക്കടി. സന്ദര്‍ശകര്‍ക്ക് ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ഇവിടെനിന്ന് വാങ്ങാം. കറുവപ്പട്ട, ഉലുവ, വെള്ളയും പച്ചയും കുരുമുളകുകള്‍, ഏലയ്ക്ക, ജാതിയ്ക്ക,  കറിയാമ്പൂ, തക്കോലം, മല്ലി എന്നീ സുഗന്ധവിളകള്‍ കലര്‍പ്പേതുമില്ലാതെ ശുദ്ധപ്രകൃതിയില്‍ ഇവിടെ നിന്ന് ലഭിക്കും. പരമ്പരാഗതമായ് തയ്യാറാക്കപ്പെടുന്ന കറിക്കൂട്ടുകളും ഇവിടെനിന്ന് വാങ്ങാന്‍ കഴിയും. കേരളത്തിന്റെ സ്വന്തം രുചിക്കൂട്ടുകള്‍ ഭക്ഷണത്തിന് മുമ്പെങ്ങുമില്ലാത്തആസ്വാദ്യത നല്കും.

സുഖദായകമായ കാലാവസ്ഥയും സുഗമമായ യാത്രയും

സന്ദര്‍ശകരെ തേക്കടിയിലേക്ക് ആകര്‍ശിക്കുന്ന ഘടകങ്ങള്‍ ഒട്ടനവധിയുണ്ടെങ്കിലും അവയിലേറ്റവും പ്രധാനം അവിടത്തെ കാലാവസ്ഥയും സുഗമമായ ലക്ഷ്യപ്രാപ്തിയുമാണ്. ഇവിടത്തെ തണുത്ത കാലാവസ്ഥ സന്ദര്‍ശകര്‍ക്ക് ഏറെ പ്രിയങ്കരമാണ്. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും നിരന്തരം ബസ്സ് സര്‍വ്വീസുകള്‍ തേക്കടിയിലേക്കുണ്ട്. മധുര, കുംഭം, കൊച്ചി(165 കിലോമീറ്റര്‍), കോട്ടയം(120 കിലോമീറ്റര്‍), എറണാകുളം, തിരുവനന്തപുരം(250 കിലോമീറ്റര്‍) എന്നീ നഗരങ്ങളില്‍ നിന്നും സമീപ പട്ടണങ്ങളില്‍ നിന്നും ധാരാളം ബസ്സ് സര്‍വ്വീസുകള്‍ തേക്കടിയിലേക്കുണ്ട്.

ടൂറിസ്റ്റുകളുടെ പ്രിയഭൂമിയായ തേക്കടിയില്‍ താമസസൌകര്യങ്ങളും ടൂര്‍പാക്കേജുകളും ഒരുപാടുണ്ട്. മിതമായ നിരക്കില്‍ ഹോട്ടലുകളും ഒഴിവുകാല റിസോര്‍ട്ടുകളും സന്ദര്‍ശകര്‍ക്ക് ഇവിടെലഭിക്കും. പരിസ്ഥിതിയുടെ സുഖശീതളിമയില്‍ സ്വാഭാവിക രുചിക്കൂട്ടുകളുമായി ഭക്ഷണത്തിന്റെ ആസ്വാദ്യത കേമമാക്കാം. സാഹസിക വിനോദങ്ങളോ, അലക്ഷ്യമായ ചുറ്റിക്കാണലുകളോ, ഒഴിവ് വേളയോ ആനന്ദ മേളയോ ഒരവധിക്കാല സന്ദര്‍ശനത്തിന് വേണ്ടതെല്ലാം തേക്കടിയിലുണ്ട്.

Please Wait while comments are loading...