ആലപ്പുഴയുടെ ഭംഗിയും കാഴ്ചകളും പ്രത്യേകിച്ചാരും പറഞ്ഞുതരേണ്ട കാര്യമില്ല. വൈവിധ്യങ്ങൾ നിറഞ്ഞ ഇടങ്ങൾ, ലോകസഞ്ചാരികൾ എത്തിച്ചേരുന്ന ലക്ഷ്യസ്ഥാനങ്ങള്‍, ഗ്രാമീണതയുടെ ഭംഗി അങ്ങനെ എങ്ങനെ നോക്കിയാലും ആലപ്പുഴയിലെ കാഴ്ചകൾ കിടിലൻ തന്നെയാണ്. എന്നാൽ ഇതൊന്നു കണ്ടുതീർക്കുവാൻ ആലപ്പുഴക്കാർക്കു പോലും പറ്റിയിട്ടുണ്ടാവില്ല. അപ്പോൾ പിന്നെ സഞ്ചാരികളുടെ കാര്യം പറയേണ്ടല്ലോ. എവിടേക്ക് തിരിഞ്ഞാലും കുറഞ്ഞത് ഒരു പത്തുമിനിറ്റെങ്കിലും നിന്ന്, കണ്ട് ആസ്വദിച്ചു പോകേണ്ട വിധമാണ് ഇവിടുത്തെ ഭൂപ്രകൃതി. ഇതു കൂടാതെ തീർച്ചയായും കണ്ടിരിക്കേണ്ട വേറെയും ചില സ്ഥലങ്ങൾ കൂടി ഇവിടെയുണ്ട്. അവിടേക്കൊരു യാത്ര പ്ലാൻ ചെയ്താലോ.

ഇതാ ആലപ്പുഴ കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തിൽ ജില്ലയിലെ തിരഞ്ഞെടുത്ത ഇടങ്ങളിലേക്ക് ജില്ലാ യാത്ര സംഘടിപ്പിക്കുന്നു. ആലപ്പുഴ യാത്ര കായലും കടലും കെട്ടുവള്ളവും കണ്ടവസാനിപ്പിക്കുമ്പോള്‍ പൊതുവെ വിട്ടുപോകുന്ന ഇടങ്ങൾ കൂട്ടിയിണക്കിയാണ് ജില്ലാ യാത്ര പോകുന്നത്.
കൃഷ്ണപുരം കൊട്ടാരം: ആലപ്പുഴ ജില്ലയിലെ ഏറ്റവും ചരിത്രപ്രാധാന്യമുള്ള ഇടങ്ങളിലൊന്നാണ് കായംകുളത്തെ കൃഷ്ണപുരം കൊട്ടാരം. തക്കലയിലെ പത്മനാഭപുരം കൊട്ടാരത്തിന്‍റെ മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന ഇത് തിരുവിതാംകൂറിന്റെ ആസ്ഥാനമായും തിരുവിതാംകൂര്‍ രാജാക്കന്‍മാരുടെ വേനല്‍ക്കാല വസതിയുമായും ഉപയോഗിച്ചിട്ടുണ്ട്.
കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ ദേശീയ കാര്‍ട്ടൂണ്‍ മ്യൂസിയം: ലോകപ്രസിദ്ധ കാര്‍ട്ടൂണിസ്റ്റായ കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ പേരില് ഒരുക്കിയിരിക്കുന്ന കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ ദേശീയ കാര്‍ട്ടൂണ്‍ മ്യൂസിയം കാണാം. വരക്കാനായി ശങ്കര്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും ഇവിടെ പ്രദര്‍ശനത്തിനുണ്ട്.

വലിയഴീക്കല്‍ ബീച്ച്, പാലം: ആലപ്പുഴയിലെ ഏറ്റവും മികച്ച കടൽക്കാഴ്ചകളാണ് വലിയഴീക്കൽ ബീച്ച് നല്കുന്നത്. കാറ്റാടിമരങ്ങളും തെങ്ങിൻതോപ്പും നിറഞ്ഞു നിൽക്കുന്ന തീരമാണ് ഇവിടെയുള്ളത്. ഇവിടുത്തെ പാലവും പ്രസിദ്ധമാണ്. തെക്കൻ ഏഷ്യയിലെ ഏറ്റവും നീളമുള്ള 'ബോ സ്ട്രിങ്' ആർച്ച് പാലം ആണിത്. സാൻഫ്രാൻസിസ്കോ ഗോൾഡൻ ഗേറ്റ് പാലത്തിന്റെ പെയിന്റിങ് മാതൃകയാക്കിയാണു വലിയഴീക്കൽ പാലത്തിന് നിറം നൽകിയിരിക്കുന്നത്. ജില്ലയിലെ ഏറ്റവും ഭംഗിയാർന്ന അസ്തമയ കാഴ്ച ഇവിടെ ആസ്വദിക്കാം.
അഞ്ചു വശങ്ങളോടു കൂടിയ ലൈറ്റ് ഹൗസാണ് വലിയഴീക്കലിൽ ഉള്ളത്. രുചിയേറിയ ഭക്ഷണം ലഭിക്കുന്ന ഇടങ്ങളും ഇവിടെയുണ്ട്.
കുമാരകോടി: കുമാരനാശാൻ ബോട്ട് മുങ്ങി മരിച്ച പല്ലനയാറിന് തീരത്താണ് കുമാരകോടിയുള്ളത്. തോട്ടപള്ളിക്ക് സമീപമാണ് കുമാര കോടിയുള്ളത്. ശാന്തമായ അന്തരീക്ഷത്തിൽ ഇവിടെ സമയം ചിലവഴിക്കാം.

തകഴി സ്മാരകവും,മ്യൂസിയവും: തകഴി ശിവശങ്കരപ്പിള്ള താമസിച്ചിരുന്ന ശങ്കരമംഗലമാണ് തകഴി സ്മാരകവും മ്യൂസിയവുമായി പ്രവര്‍ത്തിക്കുന്നത്. തകഴിക്ക് ലഭിച്ച പുരസ്കാരങ്ങളും അദ്ദേഹത്തിന്റെ സ്വകാര്യ വസ്തുക്കളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു.
കരുമാടിക്കുട്ടന്‍: ജില്ലയിടെ പ്രമുഖ ബുദ്ധമത കേന്ദ്രമായ കരുമാടിക്കുട്ടനെയും ഈ യാത്രയിൽ സന്ദർശിക്കുന്നു. 11-ാം നൂറ്റാണ്ടിൽ നിര്‍മ്മിക്കപ്പെട്ടു എന്നു വിശ്വസിക്കുന്ന ഇത് കറുത്ത കരിങ്കല്ലാണ് പഴികഴിപ്പിച്ചിരിക്കുന്നത്.
ഹരിപ്പാട് കെ എസ് ആർ ടി സിയിൽ നിന്ന് ഏപ്രിൽ 6,7,8,9,15,16, 21,22, 23,39 എന്നീ തിയതികളിലും
എടത്വ ഡിപ്പോയിൽ നിന്ന് ഏപ്രില്‍ 4,11,19 തിയതികളിലും
കായംകുളം ഡിപ്പോയിൽ നിന്ന് ഏപ്രില്‍ 6 ,12,25 തിയതികളിലും
ആലപ്പുഴ ഡിപ്പോയിൽ നിന്ന് ഏപ്രില്‍ 5,12,19,26 തിയതികളിലും യാത്ര സംഘടിപ്പിക്കുന്നു.

എടത്വ, കായംകുളം, ഹരിപ്പാട്, ആലപ്പുഴ എന്നീ ഡിപ്പോകളിൽ നിന്നുള്ള യാത്രയ്ക്ക് 360/- രൂപയാണ് നിരക്ക്. യാത്രയിലെ ഭക്ഷണവും, പ്രവേശന ഫീസും സ്വന്തം ചിലവിൽ യാത്രക്കാർ വഹിക്കേണ്ടതാണ്.ബുക്കിങ്ങിന് കായംകുളം ഡിപ്പോ: 9605440234,9400441002,ആലപ്പുഴ : 9895505815 , 9446617832 എടത്വാ: 9846475874, 9947059388.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












