നിർത്താതെ വീശിയടിക്കുന്ന കാറ്റ്, എവിടെ നോട്ടം നിർത്തണമെന്നറിയാത്തത്രയും ദൂരത്തിൽ പരന്നു കിടക്കുന്ന കൃഷിഭൂമികൾ, കേരളത്തിന്‍റെയും തമിഴ്നാടിന്‍റെയും കാഴ്ചകൾ ഒറ്റഫ്രെയിമിൽ പകർത്തിവരുവാൻ ഒരു യാത പോയാലോ... അതുമാത്രമല്ല, വെള്ളച്ചാട്ടങ്ങളും അണക്കെട്ടും അതിമനോഹര കാഴ്ചകളുള്ള വ്യൂ പോയിന്‍റും ഒപ്പം ഗ്യാപ് റോഡും കൂടി കാണാം. ഇപ്പോൾ ഇടുക്കിയിലേക്കാണ് യാത്രയെന്ന് പിടികിട്ടിയില്ലേ..
കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ മൂലമറ്റം ഡിപ്പോയിൽ നിന്നും നടത്തിയ ആദ്യ യാത്രയുടെ പ്രത്യേകതകളാണിത്. ചതുരംഗപ്പാറയും മൂന്നാറും കണ്ടു വന്ന ആദ്യ യാത്ര വമ്പൻ ഹിറ്റായിരുന്നുവെന്ന് പ്രത്യേകം പറയേണ്ടല്ലോ അല്ലേ.. യാത്രാപ്രേമികള്‍ക്കായി ഇതുപോലെ ഇഷ്ടംപോലെ യാത്രകളാണ് മൂലമറ്റം യൂണിറ്റ് ഈ മാസം ഒരുക്കിയിരിക്കുന്നത്.

ഡിപ്പോയിൽ നിന്നും രാവിലെ ആരംഭിച്ച യാത്രയിൽ ചതുരംഗപ്പാറ മാത്രമല്ല കേട്ടോ കണ്ടുവന്നത്. ഇടുക്കി യാത്രയിൽ ഓഫ്ബീറ്റ് ഇടങ്ങൾ തേടുന്നവർക്ക് പറ്റിയ കല്ലാര്‍കുട്ടി അണക്കെട്ട്, എസ്എൻപുരം വെള്ളച്ചാട്ടം, പൊന്മുടി ഡാം, കള്ളിമാലി വ്യൂ പോയിന്‍റ് എന്നീ സ്ഥലങ്ങളാണ് ആദ്യം കാണുന്നത്. ഒന്നിനൊന്ന് മെച്ചമാണ് ഈ ഇടങ്ങളെല്ലാം എന്ന കാര്യത്തിൽ സംശയമില്ല.
ഇതിൽ മിക്കയിടങ്ങളും നേരത്തെ കേട്ടിട്ടുണ്ടെങ്കിലും കള്ളിമാലി വ്യൂ പോയിന്‍റ് അറിയുന്നവർ കുറവായിരിക്കും, പൊന്മുടി അണക്കെട്ടിന്‍റെ ക്യാച്മെന്‍റ് ഏരിയാ ആണ് കള്ളിമാലി. ഇവിടുത്തെ വ്യൂ പോയിന്‍റിൽ നിന്ന് നോക്കിയാൽ പൊന്മുടി ഡാമിന്‍റെ റിസർവോയറിന്‍റെയും അതിലെ ചെറിയ ദ്വീപുകളുടെയും മനോഹരമായ കാഴ്ചകൾ കാണാം. കൂടാതെ അണക്കെട്ടിന്‍റെ ഒരു ആകാശകാഴ്ചയും ഇവിടെയുണ്ട്
കള്ളിമാലിയിൽ നിന്നിറങ്ങി പൂപ്പാറ വഴിയാണ് ചതുരംഗപ്പാറയിലേക്ക് പോകുന്നത്. അടുക്കിവെച്ചതുപോലെ മനോഹരമായ തേയിലത്തോട്ടങ്ങൾ ഈ യാത്രയിൽ കാണാം. ചതുരംഗപ്പാറയിലെ കാഴ്ചകൾ എന്തൊക്കെയാണെന്ന് പ്രത്യേകം പറയേണ്ടല്ലോ അല്ലേ. കാറ്റാടി യാത്രങ്ങളും അവ കൂടിനിൽക്കുന്ന കാറ്റാടിപ്പാടങ്ങളും ഇവിടെ കാണാം. നിർത്താതെ വീശുന്ന കാറ്റിൽ വിശ്രമമില്ലാതെ കറങ്ങുന്ന കാറ്റാടിമരങ്ങൾ ക കൗതുകം നിറഞ്ഞ ഒരു കാഴ്ചയാണ്.
കാറ്റും തണുപ്പും കോടയും എല്ലാം ഒന്നിച്ചെത്തുന്ന ഇടമാണ് ചതുരംഗപ്പാറ. കുമളി- മൂന്നാര്‍ സംസ്ഥാനപാതയില്‍ ഉടുമ്പൻചോലയിൽ നിന്നും 10 കിലോമീറ്റർ അകലെയായാണ് ചതുരംഗപ്പാറ സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ട കാഴ്ചകൾക്ക് ഇത്രയധികം ഭംഗിയോ എന്നു തോന്നിപ്പിക്കുന്ന വിധത്തിലാണ് ഇവിടെ കാണാൻ സാധിക്കുക. ഇത് കൂടാതെ ട്രെക്കിങ് ചെയ്യാനും ഇവിടെ സൗകര്യമുണ്ട്. ട്രെക്കിങ് ചെയ്യുന്നവർ പൂപ്പാറ എത്തുന്നതിന് മുൻപ് ചതുരംഗപ്പാറ ജംഗ്ഷനിൽ നിന്ന് രണ്ട് കിലോമീറ്റർ ട്രെക്ക് ചെയ്യുകയാണ് വേണ്ടത്.
കാറ്റാടിപ്പാടങ്ങളെ വിട്ടു നോട്ടം താഴേക്ക് മാറ്റിയാൽ തമിഴ്നാടൻ ഗ്രാമങ്ങളെ കാണാം. തനിനാടൻ ഗ്രാമങ്ങളും അവിടുത്തെ കൃഷിയുമെല്ലാം ചേരുന്ന കാഴ്ചയാണ് ഇവിടെയുള്ളത്. ഇവിടുന്ന് നേരെ മൂന്നാർ ഗ്യാപ് റോഡിലേക്കാണ് പോകുന്നത്. സ്വര്‍ഗ്ഗം ഭൂമിയിലേക്ക് ഇറങ്ങിവന്നതുപോലെ തോന്നിക്കുന്ന ഈ റോഡും ഇവിടുത്തെ കാഴ്ചകളും കാണാൻ പറ്റിയ ഒരവസരം കൂടിയാണ് ഈ പാക്കേജ്. 830 രൂപയാണ് ടിക്കറ്റ് നിരക്ക്
അടുത്ത ചതുരംഗപ്പാറ പാക്കേജ് മേയ് 1 ബുധനാഴ്ചയാണ് മൂലമറ്റത്തു നിന്നും പുറപ്പെടും. കൂടാതെ മേയ് 11 ന് മൂലമറ്റം- മലക്കപ്പാറ യാത്ര പോകും. പാക്കേജുകളെക്കുറിച്ച് അറിയുവാനും ബുക്കിങ്ങിനും ഫോൺ നമ്പർ - 9447287735.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











