കാസർകോഡ് അതിന്‍റെ പ്രകൃതിഭംഗിയും ഭാഷകളിലെ വൈവിധ്യവും കൊണ്ടുമാത്രമല്ല, സംസ്കാരവും രീതികളും ആചാരങ്ങളും സപ്തഭാഷകളുടെ നാടായ കാസർകോഡിനെ വ്യത്യസ്തമാക്കുന്നു. ഇതിൽ പ്രധാന പങ്ക് വഹിക്കുന്നത് ജില്ലയിലെ ക്ഷേത്രങ്ങൾ തന്നെയാണ്. ദേവന്മാരുടെ സംഗമഭൂമി എന്നു കാസർകോഡിനെ വിളിക്കുന്നത് വെറുതേയല്ലെന്ന് ഒരു തവണ ഇവിടുത്തെ കാഴ്ചകളിലൂടെ കടന്നുപോയാൽ മനസ്സിലാകും.
ഈ ദേവഭൂമിയിലെ ക്ഷേത്രങ്ങളിലേക്ക് നമുക്കും ഒരു യാത്ര പോയാലോ.. കാസർകോഡ് ജില്ലലെ പ്രധാന ക്ഷേത്രങ്ങൾ ഉൾപ്പെടുത്തി ഒരു യാത്ര സംഘടിപ്പിരിക്കുകയാണ് കാഞ്ഞങ്ങാട് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. ജാതിമത വ്യത്യാസമില്ലാതെ വിശ്വാസികളും അല്ലാത്തവരും ഒക്കെയെത്തുന്ന കാസർകോഡ് ജില്ലയിലെ ക്ഷേത്രങ്ങളിലേക്ക് ഒരു ബജറ്റ് ടൂർ.

ഫെബ്രുവരി 13 വ്യാഴാഴ്ച രാവിലെ ആറു മണിയോടെ കാഞ്ഞങ്ങാട് ഡിപ്പോയിൽ നിന്ന് കാസർകോഡ് ക്ഷേത്രയാത്ര ആരംഭിക്കും. മല്ലം ക്ഷേത്രം, അനന്തപുരം തടാക ക്ഷേത്രം, മധൂർ ക്ഷേത്രം, തൃക്കണ്ണാട് ക്ഷേത്രം എന്നിവിടങ്ങൾ കണ്ട് വൈകിട്ട് പള്ളിക്കര ബീച്ചിലും പോയി വരുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
മല്ലം ക്ഷേത്രം
മല്ലം ക്ഷേത്രം അഥവാ മല്ലം ദുർഗ്ഗാ പരമേശ്വരി ക്ഷേത്രം ബോവിക്കാനത്തിനടുത്തുള്ള മുളിയാർ എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. നൂറ്റാണ്ടുകൾ പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രത്തിൽ . ദുർഗ്ഗാ പരമേശ്വരി ദേവിയാണ് പ്രധാന പ്രതിഷ്ഠ. മഹാരാഷ്ട്രയിൽ നിന്ന് പലായനം ചെയ്തു വന്ന കരാട ബ്രാഹ്മണർ ആണ് ഇത് നിർമ്മിച്ചതെന്നാണ് വിശ്വാസം. ക്ഷേത്രത്തിന്‍റെ മൂന്നു ഭാഗവും മധുവാഹിനിപ്പുഴ ഒഴുകുന്നു. നവരാത്രി ദിനത്തിലാണ് ഇവിടെ ഏറ്റവും കൂടുതൽ വിശ്വാസികൾ എത്തുന്നത്.
അനന്തപുരം തടാക ക്ഷേത്രം
കാസർകോഡ് ജില്ലയിലെ ഏറ്റവും പ്രസിദ്ധവും ഏറ്റവും കൂടുതൽ ആളുകൾ തിരക്കിയെത്തുന്നതുമായ ക്ഷേത്രമാണ് അനന്തപുരം ശ്രീ അനന്തപത്മനാഭ സ്വാമി ക്ഷേത്രം. തടാകത്തിനു നടുവിലായി ശ്രീകോവിലുള്ള ഈ ക്ഷേത്രം നിർമ്മാണം കൊണ്ടുമാത്രമല്ല, വിശ്വാസങ്ങളും കാഴ്ചകളും ഒക്കെ പ്രത്യേകതയുള്ളതാണ്. തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിൻറെ മൂലസ്ഥാനം ആണിതെന്നും വിശ്വസിക്കപ്പെടുന്നു, കാസർകോഡു നിന്നും പത്മനാഭസ്വാമി തിരുവനന്തപുരത്തെ ക്ഷേത്രം വരെ എത്തിച്ചേർന്ന ഗുഹയുടെ കവാടം ഇവിടെയുണ്ടത്രെ.
മധൂർ ശ്രീ മദനന്തേശ്വര-സിദ്ധിവിനായക ക്ഷേത്രം
ശിവക്ഷേത്രമായി നിർമ്മിക്കപ്പെട്ട് പിന്നീട് ഗണപതിയെ പേരിൽ പ്രസിദ്ധമായ ക്ഷേത്രമാണ് മധൂർ ശ്രീ മദനന്തേശ്വര-സിദ്ധിവിനായക ക്ഷേത്രം. മൊഗ്രാൽ പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം തെക്കേ ഇന്ത്യയിലെ തന്നെ പേരുകേട്ട ഗണപതി ക്ഷേത്രമാണ്. ഇവിടുത്തെ ഗണപതിയുടെ വിഗ്രഹം എന്നും വളരുന്നുണ്ടെന്നാണ് ഒരു വിശ്വാസം.
തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം
കാസർകോഡ്-കാഞ്ഞങ്ങാട് തീരദേശഹൈവേയിൽ ബേക്കലിനടുത്താണ് തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദക്ഷിണ കാശി എന്നു വിളിപ്പേരുള്ള ഈ ക്ഷേത്രം അറബിക്കടലിന് അഭിമുഖമായാണ് സ്ഥിതി ചെയ്യുന്നത്. പരശുരാമൻ സ്ഥാപിച്ച 108 ശിവക്ഷേത്രങ്ങളിൽ ഒന്നുകൂടിയാണിത്. ഗോകർണ കഴിഞ്ഞാലുള്ള പ്രധാന ശിവക്ഷേത്രം എനന് പ്രത്യേകതും ഇതിനുണ്ട്. തുലാം അമാവാസി ഇവിടുത്തെ പ്രധാന ദിവസമാണ്.
പള്ളിക്കര ബീച്ച്
ബേക്കൽ കോട്ടയ്ക്കടുത്തായി സ്ഥിതി ചെയ്യുന്ന പള്ളിക്കര ബീച്ച് വൈകുന്നേരങ്ങൾ ആസ്വദിക്കാൻ പറ്റിയ സ്ഥലമാണ്. ഈ ബീച്ച് സന്ദർശിച്ചാണ് കാഞ്ഞങ്ങാട് കെഎസ്ആർടിസിയുടെ കാസർകോഡ് ക്ഷേത്രയാത്ര സമാപിക്കുന്നത്.
കണ്ടക്ടറടക്കം 51 പേർക്ക് പോകാൻ സാധിക്കുന്ന സൂപ്പർ ഫാസ്റ്റ് ബസിലാണ് യാത്ര. 320 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. ഇതില്‍ ഭക്ഷണം, പ്രവേശന ഫീസ് തുടങ്ങിയവ ഉൾപ്പെടുന്നില്ല എന്ന കാര്യം ഓർക്കുക. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 8075823384, 9745534123 എന്ന നമ്പറുകളിൽ ബന്ധപ്പെടാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












