ഇത് കൊട്ടിയൂർ തീർത്ഥാടനത്തിന്‍റെ നാളുകളാണ്. കൊട്ടിയൂരിലെത്തി ഒരിക്കലെങ്കിലും വൈശാഖോത്സവത്തിൽ പങ്കെടുക്കുക എന്ന ലക്ഷ്യത്തിൽ കണ്ണൂരിൽ നിന്നുമാത്രമല്ല, സമീപ ജില്ലകളിൽ നിന്നുപോലും വിശ്വാസികൾ ഇവിടേക്ക് വരുന്നു. പ്രത്യേക തീർത്ഥാടന കാലം പരിഗണിച്ച് ഇപ്പോഴിതാ പ്രത്യേക ബസ് സർവീസ് ആരംഭിച്ചിരിക്കുകയാണ് കണ്ണൂർ കെഎസ്ആർടിസി.
ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തിൽ ആഴ്ചയില്‍ രണ്ടു ദിവസമായിരിക്കും കൊട്ടിയൂരിലേക്ക് പ്രത്യേക സർവീസുണ്ടായിരിക്കുക. ജൂൺ 10 ശനിയാഴ്ച മുതല്‍ 28 വരെ ശനി, ഞായർ ദിവസങ്ങളിലായിരിക്കും ഈ യാത്ര. കൊട്ടിയൂരിലേക്ക് ഇപ്പോൾ ദിവസേന നടത്തുന്ന സർവീസിന് പുറമേയായണിതെന്നാണ് അറിയിച്ചിരിക്കുന്നത്.

ശനി, ഞായർ ദിവസങ്ങളില്‍ രാവിലെ 6.00 മണിക്ക് കണ്ണൂരിൽ നിന്നാരംഭിക്കുന്ന യാത്രയിൽ ഇരിക്കൂർ മാമാനത്ത് ക്ഷേത്രം, മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രം, തുടർന്ന് ഉച്ചയ്ക്ക് പുരളിമല ക്ഷേത്രത്തിലെ പ്രസാദ ഭക്ഷണം കഴിച്ച് രണ്ടു മണിയോടെ കൊട്ടിയൂരിലെത്തും. അക്കരെ കൊട്ടിയൂരിലെ ക്ഷേത്ര ദർശനത്തിനു ശേഷം തിരികെ രാത്രി ഏഴരയോടെ കണ്ണൂരിലെത്തുന്ന വിധത്തിലാണ് യാത്ര. ഒരാൾക്ക് 630 രൂപയാണ് ടിക്കറ്റ് നിരക്ക്, സൂപ്പർ എക്സ്പ്രസ് സെമി സ്ലീപ്പർ ബസിലായിരിക്കും യാത്ര. യാത്രയെക്കുറിച്ചും ടിക്കറ്റ് ബുക്കിങ്ങിനെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങള്‍ക്ക് 9496131288, 8089463675 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
കണ്ണൂരിലെ ഏറ്റവും വലിയ തീർത്ഥാടന സ്ഥാനങ്ങളിലൊന്നാണ് കൊട്ടിയൂർ ക്ഷേത്രം. ശബരിമല കഴിഞ്ഞാൽ ഒരു പ്രത്യേ സീസണിൽ ഏറ്റവും കൂടുതല്‍ തീർത്ഥാടരെത്തിച്ചേരുന്ന ക്ഷേത്രം കൂടിയാണിത്. വിശ്വാസങ്ങളിൽ പരാമർശിച്ചിട്ടുള്ള ദക്ഷയാഗം നടന്ന സ്ഥലമാണിതെന്നാണ് കരുതപ്പെടുന്നത്. യാഗസമയത്ത് ശിവനെ മാത്രം ദക്ഷന്‍ ക്ഷണിച്ചില്ല എന്നും ഇതുവകവയ്ക്കാതെ പോയ സതീദേവിയെ ദക്ഷൻ അവഹേളിച്ചെന്നും അതിൽ ദു:ഖിതയായ ദേവി തീയിൽച്ചാടി ജീവത്യാഗം ചെയ്തുവെന്നുമാണ് വിശ്വാസം. ഇതിൽ കലിപൂണ്ട ശിവന്‍ യാഗം പാതിയിൽ മുടക്കിയെന്നും ശിവൻ ദക്ഷന്‍റെ തലയറുത്തുവെന്നുമാണ് വിശ്വസിക്കപ്പെടുന്നത്.
ഇടവ മാസത്തിലെ ചോതി മുതൽ മിഥുനത്തിലെ ചിത്തിര വരെ 27 ദിവസമാണ് നീണ്ടുനിൽക്കുന്നതാണ് കൊട്ടിയൂർ വൈശാഖോത്സവം നടക്കുന്നത്. അക്കരെ കൊട്ടിയൂരിലാണ് വൈശാഖോത്സവത്തിന്റെ ചടങ്ങുകളത്രയും നടക്കുന്നത്. ഈ സമയങ്ങളിൽ ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രത്യേക പൂജകളൊന്നും ഉണ്ടായിരിക്കില്ല. വൈശാഖമാസത്തിലെ ഉത്സവം കഴിഞ്ഞാൽ പിന്നെ വരുന്ന 11 മാസക്കാലവും അക്കരെ കൊട്ടിയൂരിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
വൈശാഖോത്സവം 2023- ഇനി വരുന്ന പ്രധാന തിയതികൾ
*2023 ജൂൺ 8 വ്യാഴം (1198 എടവം 25) തിരുവോണം ആരാധന
*2023 ജൂൺ 9 വെള്ളി (1198 എടവം 26) ഇളനീർ വെയ്പ്പ്
*2023 ജൂൺ 10 ശനി (1198 എടവം 27) ഇളനീരാട്ടം അഷ്ടമി ആരാധന
*2023 ജൂൺ 13 ചൊവ്വ (1198 എടവം 30) രേവതി ആരാധന
*2023 ജൂൺ 17 ശനി (1198 മിഥുനം 2) രോഹിണി ആരാധന
*2023 ജൂൺ 19 തിങ്കൾ (1198 മിഥുനം 4) തിരുവാതിര ചതുശതം
*2023 ജൂൺ 20 ചൊവ്വ (1198 മിഥുനം 5) പുണർതം ചതുശ്ശതം
*2023 ജൂൺ 22 വ്യാഴം (1198 മിഥുനം 7) ആയില്യം ചതുശ്ശതം
*2023 ജൂൺ 24 ശനി (1198 മിഥുനം 9) മകം കലം വരവ്
*2023 ജൂൺ 27 ചൊവ്വ (1198 മിഥുനം 12) അത്തം ചതുശ്ശതം വാളാട്ടം കലശപൂജ
*2023 ജൂൺ 28 ബുധൻ (1198 മിഥുനം 13) തൃക്കലശാട്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











