ഓരോ ദിവസം ചെല്ലുംതോറും കൂടുതൽ സഞ്ചാരികളെയും ആരാധകരെയും നേടി കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ അതിന്‍റെ ജൈത്രയാത്ര തുടരുകയാണ്.
ആളുകളുടെ താല്പര്യങ്ങൾക്കും ചിലവിനും യോജിച്ച വിധത്തിൽ വ്യത്യസ്തങ്ങളായ പാക്കേജുകളാണ് കെഎസ്ആർടിസിയുടെ ഓരോ ഡിപ്പോകളും അവതരിപ്പിക്കുന്നത്. നടത്തുന്ന യാത്രകളെല്ലാം വൻവിജയമായതോടെ ബജറ്റ് ടൂറിസം സെല്ലിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല
ഇപ്പോഴിതാ, തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ ഡിപ്പോയിൽ നിന്നും ക്ഷേത്ര ദർശനത്തിന് പ്രാധാന്യം നല്കി പുതിയൊരു പാക്കേജ് പുറത്തിറക്കിയിരിക്കുകയാണ്. ഒരൊറ്റ ദിവസത്തില്‍ ആറു പ്രധാന ക്ഷേത്രങ്ങള്‍ സന്ദർശിച്ച് തിരികെ വരുന്ന പാക്കേജ് ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. മേയ് 12 വെള്ളിയാഴ്ച നടത്തുന്ന തീർത്ഥയാത്രയിൽ കൊല്ലം ജില്ലയിലെ സ്ഥലങ്ങളാണ് പ്രധാനമായും സന്ദർശിക്കുന്നത്.

കൊട്ടാരക്കര ഗണപതി ക്ഷേത്രം, വെട്ടിക്കവല മഹാക്ഷേത്രങ്ങൾ, വാതുക്കൽ ഞാലി കുഞ്ഞ്, പട്ടാഴി ദേവി ക്ഷേത്രം, പുനലൂർ തൂക്കുപാലം, കാനനപാതയിലൂടെ അച്ഛൻകോവിൽ ദർശനം എന്നിവയാണ് തീർത്ഥാടന യാത്രയിൽ പോകുന്ന സ്ഥലങ്ങൾ. 580 രൂപയാണ് ഒരാളിൽ നിന്നും ഈടാക്കുന്നത്. ഇതിൽ ടിക്കറ്റ് നിരക്ക് മാത്രമാണ് ഉൾപ്പെട്ടിരിക്കുന്നത്. ഭക്ഷണം ഉൾപ്പെടെയുള്ള മറ്റു ചിലവുകൾ യാത്രക്കാർ സ്വയം വഹിക്കണം. കൂടുതൽ വിവരങ്ങൾക്കും സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും ഫോൺ:8086360302, 9633732363
കൊട്ടാരക്കര ഗണപതി ക്ഷേത്രം
കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ഗണപതി ക്ഷേത്രങ്ങളിലൊന്നാണ് കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം. യഥാർത്ഥത്തിൽ ശിവന് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമാണെങ്കിലും മകനായ ഗണപതിയുടെ പേരിലാണ് ക്ഷേത്രം അറിയപ്പെടുന്നത്. അനഭിമുഖമായി പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള ശിവനും പാർവ്വതിയും ഇവിടെ കാണാം. ഉണ്ണിയപ്പമാണ് ഇവിടുത്തെ പ്രധാന നിവേദ്യം.
പട്ടാഴി ദേവി ക്ഷേത്രം
കൊല്ലത്തെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ മറ്റൊന്നാണ് പട്ടാഴി ദേവി ക്ഷേത്രം.. ഭദ്രകാളിയെ സരസ്വതി, ലക്ഷ്മി, ദുർഗ്ഗ എന്നീ മൂന്നു സങ്കല്പങ്ങളിൽ ഇവിടെ ആരാധിക്കുന്നു. കുംഭം തിരുവാതിര, മീനത്തിരുവാതിര, കെട്ടുകാഴ്ച, എഴുന്നള്ളിപ്പ്, പൊങ്കാല എന്നിവ ഇവിടെ വളരെ പ്രധാനപ്പെട്ട ചടങ്ങുകളാണ്. ഇവിടെ പൊങ്കാലയർപ്പിച്ചു പ്രാർത്ഥിച്ചാൽ ദേവി മനസ്സറിഞ്ഞു അനുഗ്രഹിക്കുമെന്നാണ് വിശ്വാസം.

അച്ചൻകോവിൽ ക്ഷേത്രം
കേരളത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ശാസ്താ ക്ഷേത്രങ്ങളിലൊന്നാണ് അച്ചൻകോവിൽ ക്ഷേത്രം. കാനനപാതയിലൂടെ അച്ഛൻകോവിൽ ദർശനം ആണ് ഈ യാത്രയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പത്തനാപുരം അലിമുക്കിൽ നിന്നാണ് കാനനയാത്ര ആരംഭിക്കുന്നത്. കേരളത്തിന്‍റെ സുരക്ഷിതത്വത്തിനായി പരശുരാമന്‍ സ്ഥാപിച്ചതാണ് ഈ ക്ഷേത്രമെന്നാണ് വിശ്വാസം. കേരളത്തിൽ നിന്നുള്ളവരേക്കാൾ തമിഴ്നാട്ടില്‍ നിന്നുള്ളവരാണ് ഇവിടെ തീർത്ഥാടനത്തിനായി എത്തുന്നത്.
പുനലൂർ പാലം
കല്ലടയാറിന്റെ രണ്ടുകരകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന തൂക്കുപാലമാണ് പുനലൂർ തൂക്കുപാലം. 400 അടി നീളവും 20 അടി വീതിയുമുള്ള ഈ പാലം 1877 ൽ നിർമ്മാണം പൂർത്തിയാക്കുകയും തുടർന്ന് മൂന്ന് വർഷങ്ങൾക്കു ശേഷം പൊതുജനങ്ങൾക്ക് തുറന്നുനല്കുകയും ചെയ്തു. ആനയെ നടത്തി ശക്തി തെളിയിച്ച ഒരു ചരിത്രവും പുനലൂർ തൂക്കുപാലത്തിനുണ്ട്. തെക്കേ ഇന്ത്യയിലെ ആദ്യ തൂക്കുപാലം കൂടിയാണിത്.

PC:Shijualex
വെട്ടിക്കവല ക്ഷേത്രം
കൊട്ടാരക്കരയ്ക്ക് സമീപമാണ് പ്രസിദ്ധമായ വെട്ടിക്കവല ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിഷുവിനെയും ശിവനെയും തുല്യപ്രാധാന്യത്തിൽ ആരാധിക്കുന്ന രണ്ട് ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്. ശിവക്ഷേത്രം മേലൂട്ട് ക്ഷേത്രമെന്നും വിഷ്ണുക്ഷേത്രം കീഴൂട്ട് ക്ഷേത്രമെന്ന പേരിലുമാണ് അറിയപ്പെടുന്നത്. ക്ഷേത്രത്തിലെ നമസ്കാര മണ്ഡപത്തിലെ ഞാലിക്കുഞ്ഞുദേവിയുയെ പ്രതിഷ്ഠ വളരെ പ്രസിദ്ധമാണ്. വാതുക്കൽ ഞാലിക്കുഞ്ഞ് എന്ന പേരില്‍ ദേവിയുടെ ശിശുരൂപത്തെ ഇവിടെ ആരാധിക്കുന്നു. ഇവിടെയെത്തി പ്രാർത്ഥിച്ചാൽ സന്താനഭാഗ്യം ഉണ്ടാകുമെന്നാണ് വിശ്വാസം. പാവ, തൊട്ടിൽ കരിവള കുടങ്ങിയ വിശ്വാസികൾ ഇവിടെ ദേവിക്ക് സമർപ്പിക്കുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












