യാത്രക്കാരുടെ സൗകര്യത്തിനും ആവശ്യകകതകൾക്കും അനുസരിച്ച് കെഎസ്ആർടിസി പുതിയ റൂട്ടുകൾ അവതരിപ്പിക്കാറുണ്ട്. കുറച്ച ദിവസങ്ങൾ പരീക്ഷണമെന്ന നിലയിൽ ഓടി പ്രതികരണവും യാത്രാ സാധ്യതകളും മനസ്സിലാക്കിയ ശേഷം സർവീസ് തുടരണമോ എന്നു തീരുമാനിക്കുകകയാണ് ചെയ്യുന്നത്. അത്തരത്തിൽ യാത്രക്കാർ ആവശ്യപ്പെട്ട ഒരു റൂട്ടിൽ പരീക്ഷണഓട്ടം ഓടുവാൻ ഒരുങ്ങുകയാണ് കർണ്ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി).
കർണ്ണാടകയിലെ പ്രധാന തുറമുഖ നഗരമായ മംഗളൂരുവിനെ ചരിത്രങ്ങളും കഥകളും ഏറെയുള്ള കാർക്കല എന്ന നഗരവുമായി ബന്ധിപ്പിക്കുന്നതിനായാണ് പുതിയ സർവീസ് ആരംഭിക്കുക. കർണ്ണാടക കെഎസ്ആർടിസിയുടെ മംഗളൂരു- കർക്കല ബസ് ഡിസംബർ 12 വ്യാഴാഴ്ച മുതൽ പരീക്ഷണ ഓട്ടം തുടങ്ങും. നിലവിൽ സ്വകാര്യ ബസുകൾ മാത്രം സര്‍വീസ് നടത്തുന്ന റൂട്ടിൽ സർക്കാർ ബസ് വേണമെന്ന ആവശ്യം കുറേക്കാലമായി നിലനിൽക്കുന്നു. കർണ്ണാടക സർക്കാർ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ശക്തി സ്കീം ആരംഭിച്ച ശേഷം ഈ ആവശ്യം ശക്തമാവുകയായിരുന്നു.
ഇതേത്തുടർന്ന് എംഎൽസി ഇവാൻ ഡിസൂസ ഡെപ്യൂട്ടി കമ്മീഷണർ, ആർടിഒ, കർണ്ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോർട്ട് കോർപ്പറേഷൻ ഉദ്യോഗസ്ഥർ എന്നിവരുമായി അടുത്തിടെ ചർച്ച നടത്തിയിരുന്നു. ഇതേത്തുടർന്നാണ് സർക്കാർ ഭാഗത്തു നിന്നും അനുകൂലമായ ഒരു തീരുമാനം വന്നിരിക്കുന്നത്. തുടർന്ന് മംഗളൂരു- കർക്കല റൂട്ടിൽ നാല് മാസത്തേയ്ക്ക് ബസ് സര്‍വീസ് നടത്തുവാൻ കെഎസ്ആർടിസിക്ക് താത്കാലിക പെർമിറ്റ് നല്കി. മംഗലാപുരത്ത് നിന്ന് രണ്ട് ബസുകളും കാർക്കളയിൽ നിന്ന് രണ്ട് ബസുകളും ഈ റൂട്ടിൽ സർവീസ് നടത്തും.
ബസുകൾ മംഗളൂരുവിലെ ബേജായിയിലുള്ള കെ എസ് ആർ ടി സി ബസ് സ്റ്റേഷനിൽ നിന്ന് നന്തൂർ, ഗുർപൂർ, കൈകമ്പ, മൂഡ്ബിദ്രി, കാർക്കള എന്ന റൂട്ടിൽ ഓടും. മാത്രമല്ല, ശക്തി സ്കീമിൽ സ്ത്രീകൾക്ക് ഈ റൂട്ടിൽ സൗജന്യ യാത്ര സാധ്യമാവുകയും ചെയ്യും. നിരവധി സ്ത്രീകളാണ് ജോലി ആവശ്യങ്ങൾക്കും മറ്റുമായി ഈ റൂട്ടിൽ യാത്ര ചെയ്യുന്നത്. പുതിയ ബസ് സർവീസ് വരുന്നതോടെ അവർക്കും ശക്തി സ്കീമിന്‍റെ ഭാഗമായി സൗജന്യമായി യാത്ര ചെയ്യാം. കെഎസ്ആർടിസി ബസ് സർവീസ് ഇല്ലാതിരുന്നതിനാൽ മംഗളൂരു- മൂഡ്ബിദ്രി- കാർക്കല റൂട്ടിൽ ശക്തി സ്കീം ലഭ്യമായിരുന്നില്ല.
കഴിഞ്ഞ മാസം നടന്ന റീജണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗത്തിൽ കെഎസ്ആർടിസി സർവീസ് നിർദേശിച്ചെങ്കിലും സ്വകാര്യ ബസുടമകൾ എതിർപ്പ് ഉന്നയിച്ചിരുന്നു.റീജണൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയിൽ എതിർപ്പുകൾ ഫയൽ ചെയ്യാൻ 15 ദിവസത്തെ സമയം സ്വകാര്യ ബസുടമകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
മംഗളൂരുവിനും കാർക്കളയ്ക്കുമിടയിൽ എട്ട് ട്രിപ്പുകൾ വേണമെന്നായിരുന്നു ആവശ്യമെങ്കിലും നിലവിൽ മൂന്ന് ട്രിപ്പുകൾക്കാണ് അധികൃതർ അനുമതി നൽകിയിരിക്കുന്നത്.
കാർക്കല
ഉഡുപ്പി ജില്ലയുടെ ഭാഗമായ കാർക്കല ചരിത്രപ്രാധാന്യമുള്ള ഇടമാണ്. ജൈനമതത്തിന്‍റെ ധാരാളം ശേഷിപ്പുകൾ ഇന്നും സൂക്ഷിക്കുന്ന ഈ നാട് പണ്ട് അറിയപ്പെട്ടിരുന്നത് പാണ്ഡ്യനാട് എന്നാണ്. ഗോമതേശ്വരന്‍റെ 42 അടി ഉയരത്തിലുള്ള ഒറ്റക്കൽ പ്രതിമ യാണ് ഇവിടുത്തെ പ്രധാന ആകർഷണം. ജൈന ക്ഷേത്രമായ ചതുർമുഖ ബസതി ഇവിടെയെത്തുന്നവർ വിടാതെ കാണേണ്ട കാഴ്ചയാണ്. കർക്കലയിലെ ഏറ്റലും പേരുകേട്ട നിർമ്മിതികളിലൊന്നു കൂടിയാണിത്. പശ്ചിമഘട്ടത്തിന്റെ അടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന കാർക്കലയുടെ പ്രകൃതിയും അതിമനോഹരമാണ്. സംസ്ഥാനത്തെ ജൈന ടൂറിസം സർക്യൂട്ടിലെ ഏറ്റവും പ്രധാന ഇടം കൂടിയാണിത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














