ഓരോ ദിവസവും യാത്ര പോകാൻ പ്രേരിപ്പിക്കുന്നതാണ് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ പാക്കേജുകൾ. നാടു മുഴുവൻ കറങ്ങി വന്നാലും പോക്കറ്റ് കാലിയാവില്ല എന്നതാണ് കെഎസ്ആർടിസിക്ക് ഒപ്പമുള്ള യാത്രകളുടെ പ്രത്യേകത. ട്രെക്കിങ്, തീർത്ഥയാത്രകൾ, ക്ഷേത്രങ്ങൾ, ക്രൂസ് പാക്കേജ് എന്നിങ്ങനെ തരാതരംയാത്രകൾ എല്ലാ മാസവും ബജറ്റ് ടൂറിസം സെൽ ഓരോ ഡിപ്പോകളിൽ നിന്നായി നടത്തുന്നു. ഒറ്റ ദിവസത്തിൽ പോയി വരാൻ സാധിക്കുന്ന യാത്രയും രണ്ടും മൂന്നും ദിവസമെടുക്കുന്ന പാക്കേജുകളും ആളുകൾ സ്വീകരിച്ചിട്ടുണ്ട്.
നവംബർ മാസത്തിലും എല്ലാ ഡിപ്പോകളിൽ നിന്നും നിരവധി പാക്കേജുകളാണ് അവതരിപ്പിച്ചിട്ടുള്ളത്. മൂന്നാർ, അതിരപ്പിള്ളി, മാങ്കുളം, വയനാട്, കണ്ണൂർ, വാഗമൺ, മലക്കപ്പാറ എന്നിങ്ങനെ ആളുകൾ പോകാന്‍ ആഗ്രഹിക്കുന്ന ഇടങ്ങളിലേക്കെല്ലാം കുറഞ്ഞ നിരക്കിൽ യാത്രകൾ ഉണ്ട്. ഇത്തവണയും പോക്കറ്റ് കാലിയാക്കാതെ നിസാര ചെലവിൽ പോയി വരാൻ സാധിക്കുന്ന നിരവധി യാത്രകളാണ് മലപ്പുറം, പെരിന്തല്‍മണ്ണ ഡിപ്പോകളിൽ നിന്നുള്ളത്.
മലപ്പുറം ഡിപ്പോ നവംബർ 2024 യാത്രകൾ
മാമലക്കണ്ടം- മൂന്നാർ യാത്ര
കേരളത്തിലെ സ്വയംപര്യാപ്ത നേടിയ, ഇടുക്കിയുടെ വശ്യമനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന മാമലക്കണ്ടം കൂടി മൂന്നാർ കണ്ടു വരുന്ന പാക്കേജാണിത്. ഒരു രാത്രി താമസം കൂടി ഉൾപ്പെടുത്തി മൂന്നാറിലെയും മാങ്കുളത്തെയും പ്രധാന സ്ഥലങ്ങളെല്ലാം സന്ദര്‍ശിച്ച് മടങ്ങിവരാം,
നവംബർ 2, 9, 24 എന്നീ തിയതികളിൽ പുലര്‌ച്ചെ 4.00 മണിക്ക് മലപ്പുറത്ത് നിന്ന് പുറപ്പെടും. ഫാസ്റ്റ് പാസഞ്ചർ ബസിലാണ് യാത്ര. 1630 രൂപയാണ് നിരക്ക്.
നെല്ലിയാമ്പതി യാത്ര
കാഴ്ചകളുടെ കാര്യത്തിൽ ഇടുക്കിയോട് കട്ടയ്ക്ക് നിൽക്കുന്ന പാലക്കാട് നെല്ലിയാമ്പതിയിലേക്കും യാത്രയുണ്ട്. ഒറ്റ ദിവസത്തെ യാത്രകൾ നോക്കുന്നവർക്ക് കണ്ടുവരാൻ പറ്റിയ സ്ഥലമാണിത്. പോത്തുണ്ടി ഡാം, കേശവൻ പാറ, സീതാർകുണ്ട്, ഓറഞ്ച് ഫാം, തേയിലത്തോട്ടങ്ങൾ എന്നിങ്ങനെ നിരവധി കാഴ്ചകൾ ഇവിടെ കാണാം. നവംബര്‍ 3 നാണ് യാത്ര. രാവിലെ 5.00 മണിക്ക് കെഎസ്ആർടിസി ഓർഡിനറി ബസിൽ പുറപ്പെടും. 830 രൂപയാണ് ഒരാൾക്കുള്ള നിരക്ക്.
കണ്ണൂർ- പൈതൽമല യാത്ര
കൈത്തറിയുടെയും കോട്ടകളുടെയും നാടായ കണ്ണൂരിലേക്കും മലപ്പുറത്ത് നിന്ന് യാത്രയുണ്ട്. രണ്ട് ദിവസത്തെ യാത്രയിൽ ബീച്ച്, ട്രെക്കിങ്, കണ്ണൂരിലെ ചരിത്രക്കാഴ്ചകൾ, വെള്ളച്ചാട്ടം എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. നവംബർ 16 ന് രാവിലെ 5.00 മണിക്ക് ഈ യാത്ര പുറപ്പെടും. സൂപ്പർ ഡീലക്സ് ബസിലുള്ള യാത്രയ്ക്ക് 1370 രൂപയാണ് നിരക്ക്.
വാഗമൺ ഇടുക്കി യാത്ര
മലപ്പുറത്ത് നിന്ന് വാഗമണ്ണിന്‍റെയും ഇടുക്കിയുടെയും കാഴ്ചകൾ കണ്ടുവരാൻ ആർക്കാണ് ആഗ്രഹമില്ലാത്തത് അല്ലേ. അങ്ങനെയൊരു യാത്രയും കെഎസ്ആർടിസി ഒരുക്കുന്നുണ്ട്. വാഗമണ്‍ മലനിരകളും പൈൻമരക്കാടും വ്യൂ പോയിന്‍റും മൊട്ടക്കുന്നും പിന്നെ ഇടുക്കിയും സന്ദര്‍ശിച്ച് വരുന്ന യാത്രയാണിത്. നവംബര്‍ 23 ന് രാത്രി പത്ത് മണിക്ക് പുറപ്പെടുന്ന രണ്ട് ദിവസ യാത്രയ്ക്ക് ഒരാള്‍ക്ക് 3100 രൂപയാണ് നിരക്ക്.
വയനാട് യാത്ര
ഒറ്റ ദിവസത്തിൽ വയനാട്ടിലെ പ്രധാന കാഴ്ചകളെല്ലാം കണ്ടുവരുന്ന പാക്കേജും മലപ്പുറത്ത് നിന്നുണ്ട്. ചുരം കയറി വയനാടിന്‍റെ തണുപ്പിൽ ബാണാസുരയും വെള്ളച്ചാട്ടങ്ങളും നടത്തവും സന്ധ്യയും ആസ്വദിച്ച് മടങ്ങാം. നവംബർ 10ന് രാവിലെ 10.00 മണിക്ക് ഈ യാത്ര പുറപ്പെടും.
അതിരപ്പിള്ളി- മലക്കപ്പാറ യാത്ര
അതിരപ്പിള്ളി, വാഴച്ചാൽ, തുമ്പൂർമുഴി, മലക്കപ്പാറ, കാട്ടിലൂടെയുള്ള യാത്ര, അപ്രതീക്ഷിതമായ കാഴ്ചകള്‍ എന്നിങ്ങനെ പലതു ചേരുന്ന മനോഹരമായ പാക്കേജാണ് അതിരപ്പിള്ളി- മലക്കപ്പാറ യാത്ര. നവംബര്‍ 3, 10, 17, 24 എന്നീ തിയതികളിൽ രാവിലെ 4.00 മണിക്ക് ഡിപ്പോയില്‍ നിന്ന് യാത്ര ആരംഭിക്കും. ഓർഡിനറി ബസിലുള്ള യാത്രയ്ക്ക് ഒരാൾക്ക് 920 രൂപയാണ് നിരക്ക്.
ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും- 8547109115, 9447386308,
പെരിന്തൽമണ്ണ ഡിപ്പോ നവംബർ യാത്രകൾ
നവംബർ 3 ന് ഏകദിന അതിരപ്പിള്ളി- മലക്കപ്പാറ യാത്ര. രാവിലെ 5.00 മണിക്ക് യാത്ര പുറപ്പെടും. ടിക്കറ്റ് നിരക്ക് 860 രൂപ.
നവംബർ 3ന് ഏകദിന നെല്ലിയാമ്പതി യാത്ര. രാവിലെ 5.30 മണിക്ക് യാത്ര പുറപ്പെടും. ടിക്കറ്റ് നിരക്ക് 740 രൂപ.
നവംബർ 3ന് ദ്വിദിന മാമലക്കണ്ടം- മൂന്നാർ യാത്ര. രാവിലെ 5.00 മണിക്ക് യാത്ര പുറപ്പെടും. ടിക്കറ്റ് നിരക്ക് 1600 രൂപ.
നവംബർ 23ന് ദ്വിദിന ഇടുക്കി- വാഗമണ്‍ യാത്ര. രാവിലെ 5.00 മണിക്ക് യാത്ര പുറപ്പെടും. ടിക്കറ്റ് നിരക്ക് 2720 രൂപ.
ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും- 7560858046, 7907318433
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications















