എന്നും മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളിലൊന്നാണ് സൈലന്‍റ് വാലി. നിത്യഹരിതയായ മഴക്കാടുകളും നിബിഡ വനത്തിനുള്ളിലെ കാണാക്കാഴ്ചകളും ചേർന്ന് എന്നും മലയാളികളെ ആകർഷിക്കുന്ന ഇടം. അത്ര എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന ഇടമല്ലാത്തതിനാൽ തന്നെ സൈലന്‍റ് വാലിയിലെ കാഴ്ചകൾ ആസ്വദിച്ചിട്ടുള്ളവർ ചുരുക്കമായിരിക്കും. എന്നലിതാ, സൈലൻറ് വാലിയിലേക്ക് ഒരു യാത്ര ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഒരുങ്ങിക്കോ
പാലക്കാട് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ സൈലന്റ് വാലിയിലേക്ക് ജംഗിൾ ഫാരി ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ് ദിവസം 52 പേരുമായി നടത്തിയ ആദ്യ യാത്ര വൻ വിജയമായതോടെ കൂടുതൽ യാത്രകളുമായി വന്നിരിക്കുകയാണ് ബജറ്റ് ടൂറിസം സെൽ. സൈലന്റ് വാലി ദേശീയോദ്യാനവുമായി സഹകരിച്ചുള്ള യാത്രയിൽ താല്പര്യമുള്ളവർക്ക് ബുക്ക് ചെയ്യാം.

PC:Cj.samson
പുലര്‍ച്ചെ 5.00 മണിക്ക് പാലക്കാട് ഡിപ്പോയിൽ നിന്നും പുറപ്പെടുന്ന യാത്ര രണ്ട് മണിക്കൂർ യാത്രയ്ക്കു ശേഷം ഏഴു മണിയോടെ സൈലന്‍റ് വാലിയിലെത്തും. പ്രഭാത ഭക്ഷണം ഇവിടെ ഒരുക്കിയിട്ടുണ്ട്. അത് കഴിച്ച ശേഷം ഇവിടെയുള്ള യാത്രകൾ വനംവകുപ്പിന്‍റെ വാഹനത്തിലാണ് നടത്തേണ്ടത്. കാടിനുള്ളിലൂടെയുള്ള സഫാരി ഒരു മണിക്ക് തീരും. ഉച്ചഭക്ഷണവും വനംവകുപ്പ് തന്നെയാണ് ഒരുക്കിയിരിക്കുന്നത്. യാത്രയിലെ അടുത്ത ലക്ഷ്യസ്ഥാനം കാഞ്ഞിരപ്പുഴ ഡാം ആണ്.
സൈലൻറ് വാലി
നിശബ്ദ താഴ്വര എന്നറിയപ്പെടുന്ന സൈലന്‍റ് വാലി പശ്ചിമഘട്ടത്തിന്റെ ഭാഗമായ ദേശീയോദ്യാനമാണ്. ഏകദേശം 70 ലക്ഷം വർഷങ്ങളുടെ പഴക്കമുള്ള കാടുകളാണ് ഇതിലുള്ളതെന്നാണ് കരുതുന്നത്. സൈരന്ധ്രിക്കാടുകൾ എന്നും ഇവിടുത്തെ വനം അറിയപ്പെടുന്നു. സിംഹവാലൻ കുരങ്ങ് ഉൾപ്പെടെയുള്ളവ കാണപ്പെടുന്ന ഇവിടുത്തെ ജൈവൈവിധ്യം പകരം വയ്ക്കാനാവാത്ത ഒന്നാണ്. ഇനിയും തിരിച്ചറിയപ്പെട്ടിട്ടില്ലാത്ത ജീവജാലങ്ങളും ഇവിടെയുണ്ട്.
സൈലന്‍റ് വാലിയിലൂടെ ഒഴുകുന്ന കുന്തിപ്പുഴയുടെ കൈവഴിയായ കാഞ്ഞിരപ്പുഴയിൽ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ് കാഞ്ഞിരപ്പുഴ ഡാം. ഇതിനോട് ചേർന്ന് കാഞ്ഞിരപ്പുഴ ഉദ്യാനം, ബേബി ഡാമിൽ ബോട്ട് സർവീസ് തുടങ്ങി കാര്യങ്ങൾ ആസ്വദിക്കാം,. വാക്കോടൻ മലയുടെ മനോഹരമായ കാഴ്ചയും ഇവിടെ നിന്നാൽ കാണാം. കൂടാതെ കാഞ്ഞിരപ്പുഴ അണക്കെട്ടിൽ നിന്നും ശിരുവാണി ഡാമിലേക്ക് പോകുവാൻ സാധിക്കുമെങ്കിലും ഇതിന് പ്രത്യേക അനുമതി ആവശ്യമാണ്.
കാഞ്ഞിരപ്പുഴ ഡാം സന്ദർശിച്ച് തിരികെ മടങ്ങുന്ന യാത്ര വൈകിട്ട് ഏഴുമണിയോടെ പാലക്കാട് ഡിപ്പോയിലെത്തും. ജംഗിൾ സഫാരി, കാഞ്ഞിരപ്പുഴ ഡാം, പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം എന്നിവ ഉൾപ്പെടെ 1250 രൂപയാണ് നിരക്ക്. 50 പേർക്കാണ് ഒരു യാത്രയിൽ പങ്കെടുക്കുവാൻ സാധിക്കുക. ജൂൺ 29, 30- വ്യാഴം, വെള്ളി ദിവസങ്ങളിൽ പാലക്കാട് നിന്നും അടുത്ത യാത്ര പുറപ്പെടും.

PC:കാക്കര
എല്ലാ ഡിപ്പോകളിൽ നിന്നും
കേരളത്തിലെ എല്ലാ ഡിപ്പോകളിൽ നിന്നും ബജറ്റ് ടൂറിസത്തിന്റെ നേതൃത്വത്തിൽ സൈലന്റ് വാലി യാത്ര ആരംഭിക്കുവാനാണ് കെഎസ്ആർടിസി ലക്ഷ്യമിടുന്നത്. നിലവില്‍ 120 പേർക്കാണ് സൈലന്‍റ് വാലിയിൽ ഒരു ദിവസം ജംഗിൾ സഫാരി ചെയ്യുവാൻ അനുമതിയുള്ളത്. ഇതിൽ 50 എണ്ണം കെഎസ്ആർടിസിക്ക് നല്കുവാൻ തീരുമാനമായിട്ടുണ്ട്. അതോടെ മറ്റു ജില്ലകളിൽ നിന്നും സൈലന്‍റ് വാലി സർവീസുകൾ ആരംഭിക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












