ന്യൂ ഇയർ വന്നെത്താൻ വലിയ താമസമൊന്നുമില്ല. കൂട്ടുകാർക്കൊപ്പം പാർട്ടിയും പിന്നെയൊരു യാത്രയും ഇല്ലെങ്കിൽ പുതുവർഷാഘോഷത്തിന് ഒരു 'ഗുമ്മില്ല' എന്നതാണ് ഇപ്പോഴത്തെ ഒരു ട്രെൻഡ്! പുതിയ സ്വപ്നങ്ങളും ആഗ്രഹങ്ങളും എല്ലാമായി പുതുവർഷത്തെ ആഘോഷിക്കാൻ ഒരു കിടിലൻ യാത്ര പോയാലോ.. വാഗമണ്ണിന്‍റെ കുളിരില്‍ ക്യാപും ഡിജെയും ഒക്കെയായി ന്യൂ ഇയറിനെ സ്വാഗതം ചെയ്യാം.
തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ ബജറ്റ് ടൂറിസം സെല്ലാണ് ന്യൂ ഇയർ സ്പെഷ്യല‍് വാഗമൺ- പരുന്തുംപാറ ദ്വിദിന യാത്ര ഒരുക്കിയിരിക്കുന്നത്. വാഗമണ്ണിന്റെ കുളിരിൽ ക്യാംഫയറിനു ചുറ്റുമിരുന്ന് പുതിയ വർഷത്തെ സ്വാഗതം ചെയ്യാന്‍ താല്പര്യമുള്ളവർക്ക് കുറഞ്ഞ നിരക്കിൽ കിടിലൻ യാത്രയാണ് ഡിപ്പോ വാഗ്ദാനം ചെയ്തിരിക്കുന്നത്.

തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ നിന്നും 2023 ഡിസംബർ 31 ഞായറാഴ്ച രാവിലെ 04.00 മണിക്ക് യാത്ര ആരംഭിക്കും.കേശവദാസപുരം - വെഞ്ഞാറമൂട്- കിളിമാനൂർ- ആയൂർ-കൊട്ടാരക്കര - അടൂർ വഴി പത്തനംതിട്ട എത്തും. ഇവിടുന്ന് ഒന്ന് ഫ്രഷായി റാന്നി- എരുമേലി -കാഞ്ഞിരപ്പള്ളി വഴി മുണ്ടക്കയം എത്തും. ഇവിടെയാണ് പ്രഭാത ഭക്ഷണം കഴിക്കാൻ സൗകര്യം ഒരുക്കിയിരിക്കുന്നത് (പ്രഭാത ഭക്ഷണം കൊണ്ടുവരുന്നവർക്കു കഴിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്).
ഇവിടുന്ന് പ്രസിദ്ധമായ വളഞ്ഞങ്ങാനം വെള്ളച്ചാട്ടം കണ്ട് കുട്ടിക്കാനം - എലപ്പാറ വഴി വാഗമൺ അഡ്വഞ്ചർ പാർക്കിൽ എത്തുന്നു. ഇവിടെ കാഴ്ചകളം വിനോദങ്ങളും ആസ്വദിച്ച ശേഷം തങ്ങള് പാറയിലേക്ക് പോകുന്നു. ഇവിടുന്ന് നേരെ ഉച്ചഭക്ഷണം കഴിച്ച ശേഷം വാഗമണ്ണിലെ ഏറ്റവും മനോഹരമായ കാഴ്ചകളുള്ള ഫോട്ടോജെനിക് ഇടമായ മൂന്നാർ ടീ ലേക്ക് കാണാനായി പോകും. തുടർന്ന് വാഗമൺ മൊട്ടകുന്നുകൾ കണ്ട്, തവള പാറ വ്യൂ പോയിന്റിൽ നിന്നുമുള്ള സൂര്യസ്തമയവും കണ്ട് റൂമിൽ എത്തുന്നു.

റൂമിലെത്തി ഒന്നു വിശ്രമിച്ച ശേഷം പുതുവർഷത്തെ സ്വീകരിക്കാനായി ഒരുങ്ങാം.
ക്യാമ്പ് ഫയറും ആടി തിമിർക്കാൻ ഡിജെയും ഭക്ഷണവും ഒക്കെയായി ന്യ ഇയറിനെ സന്തോഷത്തോടെ വരവേൽക്കാം.
പിറ്റേന്ന്, ജനുവരി 1-ാം തിയതി പ്രഭാത ഭക്ഷണം കഴിച്ച ശേഷം ആദ്യം ഓഫ് റോഡ് സഫാരിയാണ്. ഉളുപ്പുണ്ണി ഓഫ് റോഡ് ജീപ്പ് സഫാരി കഴിഞ്ഞ് ചീന്തലാർ വെള്ളച്ചാട്ടം കണ്ട് നേരെ ചെകുത്താൻ പള്ളി എന്ന് അറിയപ്പെടുന്ന ലൂസിഫർ സിനിമ ഷൂട്ട് ചെയ്ത ലൂസിഫർ ചർച്ചിലേക്ക് പോകും. കട്ടപ്പനയ്ക്ക് സമീപമുള്ള ഉപ്പുതറയ്ക്കടുത്ത് ലോൺട്രി രണ്ടാം ഡിവിഷനില്‍ ചീന്തലാര്‍ എന്ന സ്ഥലത്താണ് ഈ ദേവാലയമുള്ളത്.
തുടർന്ന് സ്ഥിരം യാത്രകളിലൊന്നും കടന്നുവരാത്ത ഇടുക്കിയിലെ മനോഹരമായ വഴികളിലൂടെ ടാഗോർ പാറ എന്ന് അറിയപ്പെടുന്ന പരുന്തും പാറയിലേക്ക് പോകും. മഞ്ഞിൽ പൊതിഞ്ഞു നിൽക്കുന്ന പാറകളും മലനിരകളും കണ്ട് അസ്തമയം ആസ്വദിച്ച് തിരികെ സിറ്റി ഡിപ്പോയിലേക്ക് മടങ്ങും. മുണ്ടക്കയത്തു വന്ന് ലഘു ഭക്ഷണം കഴിച്ചു ഏകദേശം 11 മണിയോടുകൂടി തിരിച്ചു സിറ്റി ഡിപ്പോയിൽ എത്തിച്ചേരുന്നു .
യാത്ര നിരത്ത്, ഓഫ് റോഡ് ജീപ്പ് സഫാരി,വിവിധ ഇടങ്ങളിലേക്കുള്ള പ്രവേശന ഫീസുകൾ,ഭക്ഷണം,താമസം,ക്യാമ്പ് ഫയർ, ഡിജെ എന്നിവ ഉൾപ്പടെ 1920 രൂപ മാത്രമാണ് നിരക്ക്. പുറപ്പെടുന്ന ദിവസത്തെ രാവിലത്തെ ഫുഡ് തിരികെ വരുമ്പോൾ ഉള്ള രാത്രിയിലെ ഫുഡ് പാക്കേജിൽ ഉൾപ്പെട്ടിട്ടില്ല
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













