അഹമ്മദാബാദ് - വ്യത്യസ്തതകളുടെ സങ്കലനം

നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യന്‍ ചിന്തയുടെ ഏറ്റവും മികച്ച ഉദാഹരണമാണ് അഹമ്മദാബാദ്. ഒരു വശത്ത് രാജ്യത്തെ തന്നെ ഏറ്റവും സമര്‍ത്ഥരും കൗശലക്കാരുമായ കച്ചവടക്കാരുടെ പേരും പെരുമയും മറുവശത്ത് പരമസാത്വികനായ രാഷ്ട്രപിതാവിന് ജന്മം നല്‍കിയ നാടെന്ന ഖ്യാതിയും. സബര്‍മതി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന അഹമ്മദാബാദിന്റെ പരസ്പരബന്ധമില്ലാത്ത വിശേഷണങ്ങളാണ് ഇവ. ഇന്ത്യയിലെ ഏഴാമത്തെ വലിയ നഗരം കൂടിയാണ് അഹമ്മദാബാദ്.

രാജ്യത്തെ ഏറ്റവും വികസിക്കപ്പെടുന്ന നഗരങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് അഹമ്മദാബാദ് ജില്ലയുടെ ഭരണസിരാകേന്ദ്രമായ അഹമ്മദാബാദ്. ഗുജറാത്തിലെ ഏറ്റവും വലിയ നഗരമാണ് അഹമ്മദാബാദ്. 1960 മുതല്‍ 1970 വരെ ഗുജറാത്ത് സംസ്ഥാനത്തിന്റെ തലസ്ഥാനവും ഈ നഗരം ആയിരുന്നു. അതിനുശേഷം തലസ്ഥാനം ഗാന്ധി നഗറിലേക്ക് മാറ്റിയെങ്കിലും ഗുജറാത്തിന്റെ സാമ്പത്തിക തലസ്ഥാനമെന്ന് ഇപ്പോഴും അഹമ്മദാബാദിനെ വിളിക്കാം. ഗാന്ധിനഗറില്‍ നിന്നും 32 കിലോമീറ്റര്‍ ദൂരമുണ്ട് അഹമ്മദാബാദിലേക്ക്. സോളങ്കി രാജാവായിരുന്ന കര്‍ണദേവിന്റെ ഓര്‍മയ്ക്ക് കര്‍ണാവതി എന്ന പേരിലും പണ്ട് അഹമ്മദാബാദ് അറിയപ്പെട്ടിരുന്നു. ഗുജറാത്തിലെ ചിലയിടങ്ങളില്‍ ഇപ്പോളും ഈ നഗരം അംദാവാദ് എന്നും സൂചിപ്പിക്കപ്പെടാറുണ്ട്.

ചരിത്രത്തിലേക്ക്

അഹമ്മദാബാദിനെ ആക്രമണങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനായി സുല്‍ത്താന്‍ അഹമ്മദിന്റെ ചെറുമകനായ മഹ്മൂദ് ബേഗ്ഡ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു വലിയ മതില്‍ പണിതീര്‍ത്തു. പന്ത്രണ്ട് ഗേറ്റുകളും 189 കൊത്തളങ്ങളും മറ്റും അടങ്ങിയതാണ് ഇത്. ബാല്‍ക്കണികളും മനോഹരമായ കൊത്തുപണികളും നിറഞ്ഞതാണ് മിക്ക ഗേറ്റുകളും. മുഗള്‍ ഭരണകാലത്ത് സുല്‍ത്താന്‍ അക്ബര്‍ ഈ പ്രദേശം കീഴടക്കി. എന്നാലും ഷാഹിബാഗിലെ മോത്തി ഷാഹി മഹല്‍ നിര്‍മിച്ച ഷാജഹാന്റെ അടയാളങ്ങള്‍ അഹമ്മദാബാദില്‍ കാണാം.

ഗാന്ധിജിയുടെ നഗരം

മഹാത്മാഗാന്ധിയുടെ സാന്നിധ്യമാണ് അഹമ്മദാബാദിന്റെ ഏറ്റവും വലിയ പ്രാധാന്യം. ഗാന്ധിജി നയിച്ച സമരങ്ങളും മുന്നേറ്റങ്ങളും സ്വാതന്ത്രസമരക്കാലത്ത് അഹമ്മദാബാദിന് വലിയ പ്രശസ്തി നല്‍കി. സബര്‍മതി തീരത്ത് ഗാന്ധിജി സ്ഥാപിച്ച സത്യാഗ്രഹ ആശ്രമമാണ് പിന്നീട് സബര്‍മതി ആശ്രമം എന്നപേരില്‍ പ്രശസ്തമായത്. അഹമ്മദാബാദില്‍ ഗാന്ധിജി സ്ഥാപിച്ച മറ്റൊരു ആശ്രമമാണ് കൊച്‌റാബാ ആശ്രമം. സ്വദേശി പ്രസ്ഥാനത്തിന്റെ കാലത്ത് അഹമ്മദാബാദ് ഏറെ ശ്രദ്ധിക്കപ്പെട്ടു. ബ്രിട്ടീഷ് ഭരണകാലത്ത് മാഞ്ചസ്റ്റര്‍ ഓഫ് ദ ഈസ്റ്റ് എന്നായിരുന്നു ഈ നഗരം അറിയപ്പെട്ടിരുന്നത്.

നിരവധി ഷോപ്പിംഗ് മാളുകളും സിനിമാ തീയറ്റര്‍ കോംപ്ലക്‌സുകളും നിറം പകരുന്നതാണ് അഹമ്മദാബാദിന്റെ കാഴ്ചകള്‍. ഹട്ട്‌സീയിംഗ് ജെയിന്‍ ക്ഷേത്രം, സിദ്ധി സയീദ് മസ്ജിദ്, സ്വാമിനാരായണക്ഷേത്രം, ജുമാ മസ്ജിദ്, മഹൂദി ജെയിന്‍ ക്ഷേത്രം, അക്ഷര്‍ദ്ധാം, റാണി നോ ഹജീറോ, ബാദ്ഷാ നോ ഹജീറോ, സര്‍ഖജ് റോസ, ദാദ ഹരീര്‍ വാവ്, ആദ്‌ലാജ് സ്‌റ്റെപ് വെല്‍ എന്നിങ്ങനെ പോകുന്നു അഹമ്മദാബാദിലെ ആകര്‍ഷണങ്ങള്‍. മ്യൂസിയങ്ങളും ഇക്കോ ഫോറസ്റ്റുകളും തടാകങ്ങളും അഹമ്മദാദിലെ കാഴ്ചകളില്‍പ്പെടുന്നു.

ജനസംഖ്യ

നാല്‍പ്പത്തഞ്ച് ലക്ഷമാണ് അഹമ്മദാബാദിലെ ജനസംഖ്യ. ഇതില്‍ കൂടുതലും കച്ചവടം തൊഴിലാക്കിയ വാണിയ സമുദായക്കാരാണ്. വൈഷ്ണവ ഹിന്ദൂയിസവും ജൈനമതവുമാണ് പ്രധാന മതങ്ങള്‍. ഇന്ത്യയിലെ പാര്‍സി വിഭാഗക്കാരില്‍ ഒരു വലിയ ശതമാനം അഹമ്മദാബാദിലാണ് താമസം. മുസ്ലിങ്ങളും നിരവധിയുണ്ട് ഇവിടെ. ഗുജറാത്തിയാണ് ഭാഷയെങ്കിലും കച്ചവടക്കാരുള്‍പ്പെടെ ഒരു നല്ല ശതമാനം ആളുകള്‍ ഹിന്ദിയും സംസാരിക്കുന്നു.

വേനല്‍ക്കാലം, മഴക്കാലം, ശീതകാലം എന്നിവയാണ് ഇവിടത്തെ പ്രധാന ഋതുക്കള്‍. മണ്‍സൂണൊഴികെയുള്ള കാലത്ത് അഹമ്മദാബാദ് പൊതുവെ വരണ്ടിരിക്കും. ജനുവരിയാണ് താരതമ്യേന ഏറ്റവും തണുപ്പേറിയ മാസം. വ്യത്യസ്തമായ സംസ്‌കാരങ്ങളും ജീവിത രീതിയുമാണ് അഹമ്മദാബാദിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ ഇവിടത്തെ ആഘോഷങ്ങളും ഉത്‌സവങ്ങളും വ്യത്യസ്തമാണ്. ഒമ്പത് ദിവസത്തെ നവരാത്രിയാണ് ഇവിടത്തെ ഏറ്റവും പ്രശസ്തമായ

ആഘോഷം. ഒപ്പം ദീപാവലി, ഹോളി, ഗണേശ ചതുര്‍ത്ഥി, മുഹറം, ഈദുല്‍ ഫിതര്‍, ക്രിസ്തുമസ് എന്നിങ്ങനെ പോകുന്നു  ഗുജറാത്തിലെ പ്രധാന ആഘോഷങ്ങള്‍. ബസ്സുകളും റിക്ഷകളുമാണ് അഹമ്മദാബാദ് നഗരത്തിലെ പ്രധാന യാത്രാമാര്‍ഗങ്ങള്‍. എഎംടിഎസ് അഥവാ അഹമ്മദാബാദ് മുനിസിപ്പല്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസ്സുകളും ലഭ്യമാണ്. കാലുപൂര്‍ റെയില്‍വേ സ്റ്റേഷനാണ് നഗരത്തിലെ പ്രധാന റെയില്‍വേ സ്റ്റേഷന്‍. മണിനഗര്‍, ഗാന്ധിനഗര്‍, കാളിഗ്രാം, വസ്ത്രപൂര്‍, സബര്‍മതി തുടങ്ങിയവയാണ് മറ്റ് പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍. സമീപത്തുതന്നെയാണ് ബസ് സ്റ്റേഷന്‍. സര്‍ദാര്‍ പട്ടേല്‍ ഇന്റര്‍ നാഷണല്‍ വിമാനത്താവളമാണ് അഹമ്മദാബാദിന് സമീപത്തുള്ള എയര്‍പോര്‍ട്ട്.

റിയല്‍ എസ്റ്റേറ്റ്, ഓട്ടോമോബൈല്‍, പെട്രോളിയം, ഐടി, ഐഐഎം പോലുള്ള എണ്ണം പറഞ്ഞ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിങ്ങനെ പോകുന്നു വികസനമേഖലയില്‍ അഹമ്മദാബാദിന്റെ വിശേഷങ്ങള്‍. സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് ഇന്ന് അഹമ്മദാബാദ്. വരൂ അഹമ്മദാ വിശേഷങ്ങളിലേക്ക്.

Please Wait while comments are loading...