ഗുജറാത്തിന്റെ തലസ്ഥാനമായ ഗാന്ധിനഗര്‍

സബര്‍മതീ തീരത്തെ മനോഹരമായ നഗരമാണ് ഗാന്ധിനഗര്‍. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വികസനങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളിലൊന്നായ ഗുജറാത്തിന്റെ തലസ്ഥാനം കൂടിയാണ്, സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ഗാന്ധിനഗര്‍. പഴയ ബോംബെ വിഭജിച്ച് മഹാരാഷ്ട്രയും ഗുജറാത്തുമായി മാറിയപ്പോള്‍ ഗാന്ധിനഗര്‍ ഗുജറാത്ത് സംസഥാനത്തിന്റെ ഭാഗമായും പിന്നീട് തലസ്ഥാനമായും മാറുകയായിരുന്നു. റോഡുകളും കെട്ടിടങ്ങളും മാര്‍ക്കറ്റുകളും മറ്റുമായി മനോഹരമായി പ്ലാന്‍ ചെയ്ത് നിര്‍മിക്കപ്പെട്ട നഗരം എന്ന ഖ്യാതിയും ഗാന്ധിനഗറിനുണ്ട്. ചണ്ഡീഗഡിന് ശേഷം ഏറ്റവും പ്ലാന്‍ ചെയ്ത് നിര്‍മിച്ച നഗരമെന്ന പേരും ഗാന്ധിനഗറിനാണ്. എച്ച് കെ മാവ്ദ, പ്രകാശ് എം ആപ്‌തെ എന്നിവരാണ് ഗാന്ധിനഗറിന്റെ ശില്‍പികള്‍ എന്നുവിളിക്കപ്പെടുന്നത്.

ചരിത്രം

പേതാപൂര്‍ എന്നായിരുന്നു പതിമൂന്നാം നൂറ്റാണ്ടില്‍ ഗാന്ധിനഗറിന് പേര് എന്നാണ് കരുതപ്പെടുന്നത്. പേതാസിംഗ് രാജാക്കന്മാരായിരുന്നു അക്കാലത്ത് ഗാന്ധിനഗര്‍ ഭരിച്ചിരുന്നത്. രാഷ്ട്രപിതാവായി മഹാത്മാഗാന്ധിയില്‍ നിന്നാണ് ഗുജറാത്തിന്റെ തലസ്ഥാനനഗരത്തിന് ഗാന്ധിനഗര്‍ എന്ന പേരുലഭിച്ചത്. അഹമ്മദാബാദില്‍ നിന്നും 27 കിലോമീറ്റര്‍ ദൂരമുണ്ട് ഗുജറാത്തിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ സ്ഥിതിചെയ്യുന്ന ഗാന്ധിനഗറിലേക്ക്. പൊതുവേ ചൂട്കൂടിയതും വരണ്ടതുമാണ് ഗാന്ധിനഗറിലെ കാലാവസ്ഥ. ചൂടുകൂടിയ വേനലും താരതമ്യേന നല്ല മഴ ലഭിക്കുന്ന മഴക്കാലവും സന്ദര്‍ശനത്തിന് അനുയോജ്യമായ ശീതളിമയുള്ള ശൈത്യകാലവുമാണ് ഗാന്ധിനഗറിലെ പ്രധാന ഋതുക്കള്‍. ഗാന്ധിനഗറിലെ 95 ശതമാനം ജനങ്ങളും ഹിന്ദുക്കളാണ്. മറ്റുസ്ഥലങ്ങളില്‍ നിന്നും ജോലിക്കായി കുടിയേറിയവരും നിരവധിയുണ്ട് നഗരത്തില്‍.

അഹമ്മദാബാദിലെ സര്‍ദാര്‍ സരോവര്‍ വിമാനത്താവളമാണ് ഗാന്ധിനഗറിന് അടുത്തുള്ളത്. ഗാന്ധിനഗര്‍ മെട്രോ, ബസ് റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം എന്നിവയാണ് ഗാന്ധിനഗറിലെ സഞ്ചാരം എളുപ്പമാക്കുന്ന മറ്റ് ഘടകങ്ങള്‍. മുംബൈയിലേക്ക് നീളുന്ന ദേശീയപാത റോഡ് മാര്‍ഗവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബന്ധിപ്പിക്കുന്ന അഹമ്മദാബാദ് റെയില്‍വേ സ്റ്റേഷന്‍ ട്രെയിന്‍ മാര്‍ഗവും ഗാന്ധിനഗറിനെ മറ്റുഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നു.

മഹാത്മാ മന്ദിര്‍, അക്ഷര്‍ധാം ക്ഷേത്രം, ഇന്ദ്രോദ ദിനോസര്‍ ആന്‍ഡ് ഫോസില്‍ പാര്‍ക്, സരിതാ ഉദ്യാനം തുടങ്ങിയവയാണ് ഗാന്ധിനഗറില്‍ സന്ദര്‍ശിച്ചിരിക്കേണ്ട ചില സ്ഥലങ്ങള്‍.

Please Wait while comments are loading...