കാസര്‍കോട്ടെ എന്നല്ല, കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങിലൊന്നാണ് ബേക്കല്‍ കോട്ട. ചിറക്കല്‍ രാജവംശത്തിന്റെ കാലം മുതല്‍ ബേക്കല്‍ കോട്ട പ്രശസ്തമാണെന്ന് കരുതുന്നവരുണ്ട്. വിനോദസഞ്ചാരികളെയും ചരിത്രകുതുകികളെയും ഒരുപോലെ ആകര്‍ഷിക്കുന്ന ബേക്കല്‍ കോട്ടയ്ക്ക് ഏറെ നാളത്തെ ചരിത്രം പറയാനുണ്ട്.
നിരവധി സനിമകള്‍ക്ക് ബേക്കല്‍ കോട്ട ലൊക്കേഷനൊരുക്കിയിട്ടുണ്ട്. കടലില്‍ നിന്നും പണിതുയര്‍ത്തിയിരിക്കുന്നതെന്ന് തോന്നിപ്പിക്കുന്ന ബേക്കല്‍ കോട്ടയില്‍ നിന്ന് സമുദ്രത്തിന്റെ ഏതാണ്ട് മൂന്ന് ഭാഗങ്ങളും സുന്ദരമായി കാണാം. ഏകദേശം 40 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ബേക്കല്‍ കോട്ട കേരളത്തിലെ ഏറ്റവും വലിയ കോട്ടകളിലൊന്നാണ്. കേരളത്തിലെ ഏറ്റവും വലുതും നന്നായി സംരക്ഷിക്കപ്പെടുന്നതുമായ ചരിത്ര സ്മാരകമാണിത്.
ബേക്കല്‍ കോട്ടയ്ക്കുള്ളില്‍ ഒരു ഹനുമാന്‍ ക്ഷേത്രവും സമീപത്തായി ടിപ്പു സുല്‍ത്താന്‍ നിര്‍മിച്ചതെന്ന് കരുതപ്പെടുന്ന പഴയ പള്ളിയുമുണ്ട്. വളരെയധികം ചരിത്രപ്രാധാന്യമുള്ള ബേക്കല്‍ കോട്ട നിരവധി രാജവംശങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.



Click it and Unblock the Notifications