ക്രിക്കറ്റിന്‍റേയും കേക്കിന്‍റേയും സര്‍ക്കസിന്‍റേയും തലശ്ശേരി

ഹോം » സ്ഥലങ്ങൾ » തലശ്ശേരി » ഓവര്‍വ്യൂ

ക്രിക്കറ്റ്, കേക്ക്, സര്‍ക്കസ് ഇംഗ്ലീഷ് അക്ഷരമാലയിലെ സി എന്ന അക്ഷരത്തില്‍ത്തുടങ്ങുന്ന ഈ മൂന്ന് കാര്യങ്ങളില്‍ നിര്‍വചിക്കാം തലശ്ശേരി എന്ന പട്ടണത്തിനെ. ഇന്ത്യയിലെ ക്രിക്കറ്റിന്റെയും കേക്കിന്റെയും സര്‍ക്കസിന്റെയും ജന്മദേശമായി കരുതപ്പെടുന്നത് തലശ്ശേരിയാണ്. ഉത്തരമലബാറിലെ ഏറ്റവും ജനപ്രിയമായ വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്ന്. കൈ നിരറെയ കാഴ്ചകളും കൊതിയൂറും വിഭവങ്ങളുമായി സഞ്ചാരികളെ സ്വീകരിക്കുന്ന തലശ്ശേരി. ഇംഗ്ലീഷില്‍ ടെലിചേരിയെന്നും വിളിക്കപ്പെടുന്ന കടലോരപട്ടണം.

നിരവധി ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള നഗരമാണ് തലശ്ശേരി. കച്ചവടതാല്‍പര്യം മിന്‍നിര്‍ത്തി ബ്രിട്ടീഷുകാര്‍ 1682 ലാണ് തലശ്ശേരിയിലെത്തുന്നത്. തുടര്‍ന്ന് തലശ്ശേരി എന്ന തീരപ്രദേശ നഗരം വളരെ തിരക്കേറിയ കച്ചവടകേന്ദ്രമായി മാറി. നിരവധി സാംസ്‌കാരിക, സാഹിത്യ കൂട്ടായ്മകളും സംഘടിപ്പിക്കപ്പെട്ട തലശ്ശേരിക്ക് ഉത്തരകേരളത്തിന്റെ സാംസ്‌കാരിക തല്‌സഥാനം എന്നൊരു വിളിപ്പേരുകൂടിയുണ്ട്. മലയാളത്തിലെ ആദ്യത്തെ വര്‍ത്തമാനപ്പത്രമായ രാജ്യസമാചാരവും നോവലും പുറത്തിറങ്ങിയത് ഇവിടെ നിന്നാണ്.

ഇംഗ്ലീഷ് ചര്‍ച്ച്, തലശ്ശേരി കോട്ട, ജുമാ മസ്ജിദ്, ജഗന്നാഥ ക്ഷേത്രം തുടങ്ങിയവയാണ് തലശ്ശേരിയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകര്‍ഷണങ്ങള്‍. ചരിത്രപ്രേമികള്‍ക്ക് പ്രിയങ്കരങ്ങളായ പല കാഴ്ചകളും തലശ്ശേരിയിലുണ്ട്, ആദ്യത്തെ ഇംഗ്ലീഷ് - മലയാളം നിഖണ്ടുവിന്റെ കര്‍ത്താവ് ഹെര്‍മന്‍ ഗുണ്ടര്‍ട്ട് സായിപ്പിന്റെ ബംഗ്ലാവാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഫ്രഞ്ചുകാരുടെ അധീനതയിലായിരുന്ന മാഹിയാണ് തലശ്ശേരിക്ക് സമീപത്തുള്ള മറ്റൊരു ആകര്‍ഷണകേന്ദ്രം. തലശ്ശേരിയില്‍ നിന്നും മാഹിയിലേക്ക് 15 കിലോമീറ്റര്‍ ദൂരമുണ്ട്.

കറുവ തോട്ടം, വെല്ലസ്ലി ബംഗ്ലാവ്, കാത്തലിക് റോസറി ചര്‍ച്ച്, വാമില്‍ ക്ഷേത്രം, ടാഗോര്‍ പാര്‍ക്ക്, ഉദയ കളരി സംഘം, ഓടത്തില്‍ പള്ളി തുടങ്ങിയവയും ആയിരക്കണക്കിന് സഞ്ചാരികളെ തലശ്ശേരിയിലേക്ക് ആകര്‍ഷിക്കുന്നു. കേരളത്തിലെ ഒരേയൊരു ഡ്രൈവ് ഇന്‍ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ചിലേക്ക് തലശ്ശേരി നഗരധ്യത്തില്‍ നിന്നും ഒമ്പത് കിലോമീറ്റര്‍ ദൂരമേയുള്ളൂ. കേക്കിന്റെയും ബേക്കറികളുടെയും ജന്മനാടെന്ന് വിശേഷിപ്പിക്കപ്പെടുന്ന തലശ്ശേരിക്ക് അതിഥിസല്‍ക്കാരത്തിലും രുചിപ്പെരുമയിലും കിടയറ്റ സ്ഥാനമാണുളളത്. റോഡ്, റെയില്‍ മാര്‍ഗങ്ങളില്‍ വളരെ എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന തലശ്ശേരി ചരിത്രവും, പ്രകൃതിക്കാഴ്ചകളും, ബീച്ചും നല്ല ഭക്ഷണവും ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട കേന്ദ്രമാണ്.

Please Wait while comments are loading...