കോയമ്പത്തൂര്‍ നഗരത്തില്‍ നിന്നും 30 കിലോമീറ്റര്‍ അകലത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മേട്ടുപ്പാളയം ഹൈവേയില്‍ യാത്രചെയ്താല്‍ എളുപ്പത്തില്‍ ക്ഷേത്രത്തിലെത്താം. പ്രകൃതിസുന്ദരമായ സ്ഥലത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. നീല മലകളുടെ പശ്ചാത്തലത്തില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിന്റെ കാഴ്ച മനംമയക്കുന്നതാണ്. തിരുമലൈ നായ്ക്കരാണ് മണ്ഡപങ്ങളും ചുവരുകളും ഏറെയുള്ള ഈ ക്ഷേത്രം നിര്‍മ്മിച്ചത്. ക്ഷേത്രത്തിന്റെ നടത്തിപ്പിനും അറ്റകുറ്റപ്പണികള്‍ക്കുമായി ചോളരാജാക്കന്മാരും മൈസൂര്‍ രാജാവായ കൃഷ്ണരാജ വോഡയാറും സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് ചരിത്രം പറയുന്നു.
ബ്രിട്ടീഷ് ഭരണകാലത്ത് ഒരു ബ്രിട്ടീഷ് എന്‍ജിനീയര്‍ ക്ഷേത്രത്തെ മറികടന്നുകൊണ്ട് ഒരു റെയില്‍വേ ലൈന്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചു. ഇത് ഇവിടുത്തെ ജനങ്ങളില്‍ അതൃപ്തിയുണ്ടാക്കി. ജനങ്ങള്‍ മനമുരുകി പ്രാര്‍ത്ഥിച്ചതിനെത്തുടര്‍ന്ന് രംഗനാഥപ്രഭു എന്‍ജിനീയറുടെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെടുകയും ഒടുവില്‍ എന്‍ജിനീയര്‍ റെയില്‍പാത നിര്‍മ്മിക്കാനുള്ള തീരുമാനം മാറ്റിയെന്നും ഒരു ഐതീഹ്യം പ്രദേശവാസികള്‍ക്കിടയിലുണ്ട്. വെളുത്തകുതിരപ്പുറത്താണത്രേ രംഗനാഥപ്രഭു എന്‍ജിനീയറുടെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടത്, ദൈവത്തില്‍ വിശ്വാസം വന്ന എന്‍ജിനീയര്‍ മരംകൊണ്ടുള്ള ഒരു വെളുത്ത കുതിരയെ നിര്‍മ്മിച്ച് ക്ഷേത്രത്തിന് പുറത്ത് സ്ഥാപിയ്ക്കുകയും ചെയ്തുവത്രേ.