പേരുപോലെതന്നെ ദില്ലിയിലെ രാജപാതയാണ് രാജ്പഥ്. രാഷ്ട്രപതിഭവന് സമീപത്തുനിന്നും തുടങ്ങി വിജയ് ചൗക്ക്, ഇന്ത്യ ഗേറ്റ് വഴി ദില്ലി നാഷണല്‍ മ്യൂസിയം വരെ നീളുന്നതാണ് ഈ പാത. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട പാതയെന്നുതന്നെ ഇതിനെ പറയാം. മരങ്ങള്‍ നിരന്നുനില്‍ക്കുന്ന ഇരുവശങ്ങളിലും കുളങ്ങളും മനോഹരമായ പുല്‍ത്തകിടികളുമുള്ള പാത മനോഹരമായ കാഴ്ചതന്നെയാണ്.
ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തില്‍ ഈ പാതയിലൂടെയാണ് പരേഡുകള്‍ നടക്കുക. പ്രമുഖരായ രാഷ്ട്രീയ നേതാക്കള്‍ മരിയ്ക്കുമ്പോള്‍ അവരുടെ അന്ത്യയാത്ര നടക്കുന്നതും ഈ പാതയിലാണ്. റെയ്‌സിന ഹില്ലിനടുത്തുകൂടി വരുന്ന പാത അവസാനിയ്ക്കുന്നത് രാഷ്ട്രപതി ഭവന്റെ ഗേറ്റിന് മുന്നിലാണ്. കോണാട്ട് പ്ലേസില്‍ നിന്നുവരുന്ന പാത രാജ്പഥിന്റെ വടക്കുഭാഗത്തായി വന്നുചേരുന്നുണ്ട്.
സെക്രട്ടേറിയറ്റ് കെട്ടിടങ്ങള്‍, രാഷ്ട്രപതി ഭവന്‍, വിജയ് ചൗക്ക്, ഇന്ത്യ ഗേറ്റ് തുടങ്ങിയവയെല്ലാമാണ് രാജ്പഥിലെ പ്രധാനപ്പെട്ട കെട്ടിടങ്ങള്‍. സംരക്ഷിതമേഖലയായ ഇവിടെ സദാസമയവും സുരക്ഷാ ജീവനക്കാരുടെ നിരീക്ഷണത്തിലായിരിക്കും. ബ്രിട്ടീഷ് വാസ്തുശില്‍പിയായിരുന്ന എഡ്വിന്‍ ലൂട്ടിയന്‍സ് ആയിരുന്നു ദില്ലി നഗരത്ിതന്റെ പദ്ധതി തയ്യാറാക്കിയത്, രാജ്പഥിന് ഏറെ പ്രാധാന്യം നല്‍കിയാണ് അദ്ദേഹം നഗരത്തിന്റെ പ്ലാന്‍ തയ്യാറാക്കിയത്. രാജ്പഥിന്റെ പരിസരത്തുള്ള ഏതാണ്ട് എല്ലാ കെട്ടിടങ്ങളുടെയും രൂപരേഖ തയ്യാറാക്കിയതും ഇദ്ദേഹവും ഹെര്‍ബര്‍ട് ബെക്കര്‍ എന്ന മറ്റൊരു വാസ്തുശില്‍പിയുമാണ്.



Click it and Unblock the Notifications