ഉത്തര്‍പ്രദേശ് തലസ്ഥാനമായ കാണ്‍പൂരില്‍ നിന്നും 250 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ചരിത്രപ്രധാനമായ സ്ഥലമാണ് ഗോരഖ്പൂര്‍. മൗര്യ, ഷുന്‍ഗ, കുശാന, ഗുപ്ത സാമ്രാജ്യങ്ങളുടെയെല്ലാം പ്രധാനഭാഗമായിരുന്നു ഗോരഖ്പൂര്‍. ഗോരക്ഷനാഥ് എന്ന സന്യാസിയുടെ പേരില്‍ നിന്നാണത്രേ ഗോരഖ്പൂര്‍ എന്ന സ്ഥലനാമമുണ്ടായത്. യുപിയുടെ കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ സ്ഥലം വടക്കു-കിഴക്കന്‍ റെയില്‍വേയുടെ കേന്ദ്രവും കുശിനഗര്‍, കപിലവസ്തു, നേപ്പാള്‍ എന്നീ സ്ഥലങ്ങളുടെ കവാടവും കൂടിയാണ്.
ഗോരഖ്പൂരില്‍ കാണാനുള്ളത്
ഭഗവത്ഗീത അച്ചടിയ്ക്കുകയും പ്രസദ്ധീകരിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് പ്രശസ്തമാണ് ഈ സ്ഥലം. ഒട്ടേറെ ക്ഷേത്രങ്ങളും തടാകങ്ങളും കാടുകളുമുള്ള സ്ഥലമാണ്. ഇവിടുത്തെ പ്രധാനക്ഷേത്രങ്ങളിലൊന്നാണ് ആരോഗ്യ മന്ദിര്‍, പ്രകൃതി ചികിത്സയിലൂടെ മികച്ച ആരോഗ്യം കൈവരിയ്ക്കുകയെന്നതാണ് ഈ ക്ഷേത്രം നല്കുന്ന സന്ദേശം. ഗോരഖ്പൂര്‍ ക്ഷേത്രമാണ് മറ്റൊരു പ്രധാനപ്പെട്ട ക്ഷേത്രം. 700 ഹെക്ടറോളം സ്ഥലത്ത് പരന്നുകിടക്കുന്ന രാംഗഡ് തടാകമാണ് മറ്റൊരു സുന്ദരമായ കാഴ്ച. സാല്, സെക്വയ മരങ്ങള്‍ നിറഞ്ഞ കുശ്മി കാടും ഇവിടുത്തെ കാഴ്ചകളില്‍ പെടുന്നു. വീര്‍ ബഹാദൂര്‍ സിങ് പ്ലാനറ്റേറിയം, ഇമാംബര, പതിനേഴാം നൂറ്റാണ്ടില്പ്പണിത ഒരു ദര്‍ഗ തുടങ്ങി മറ്റനേകം കാഴ്ചകളും ഇവിടെയുണ്ട്.
ഗോരഖ്പൂരിലേയ്ക്ക് യാത്രപോകുമ്പോള്‍
നവംബറിനും മാര്‍ച്ചിനും ഇടയിലുള്ള കാലമാണ് ഗോരഖ്പൂര്‍ സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം. റെയില്‍, റോഡ്, വിമാനമാര്ഗ്ഗമെല്ലാം സുഖകരമായി എത്തിച്ചേരാന്‍ കഴിയുന്ന സ്ഥലമാണിത്.