ഹൈദരാബാദില്‍ നിന്ന് രാജസ്ഥാനില്‍ പോകാനാഗ്രഹിക്കുന്നവര്‍ സന്ദര്‍ശിക്കേണ്ട സ്ഥലമാണ് ധോലാരിധനി. ഹൈദരാബാദ് നഗരത്തില്‍ നിന്ന് 11 കിലോമീറ്റര്‍ ദൂരെ സെക്കന്തരാബാദില്‍ പുരാവിഷ്കരിച്ചിരിക്കുന്ന ഈ പരമ്പരാഗത രാജസ്ഥാനി ഗ്രാമം സന്ദര്‍ശിക്കുന്നവര്‍ക്ക് രാജസ്ഥാനി നാടോടി കഥകളുടെയും സംഗീതത്തിന്‍െറയും ലോകത്തേക്ക് ഇറങ്ങിചെന്ന പ്രതീതിയാണ് ഉണ്ടാവുക. നല്ല ഒരു തീം റെസ്റ്റോറന്റ് കൂടിയാണ് ഇവിടം.
കൊട്ടാരകവാടം കണക്കെയുള്ള പ്രവേശനകവാടത്തിലൂടെയാണ് ഇങ്ങോട് പ്രവേശിക്കേണ്ടത്. രാത്രിയാണ് ധോലാരിധനി പ്രധാനമായും ഉണരുക. 2000ത്തോളം റാന്തല്‍ വിളക്കുകളുടെ പ്രകാശത്തില്‍ ഒട്ടക,കുതിര സവാരികള്‍,നാടോടിനൃത്ത സംഗീത പരിപാടികള്‍,മഴനൃത്തം, ബോട്ടിംഗ് തുടങ്ങിയവ ഇവിടെ നടക്കും. സന്ദര്‍ശകരും ഈ സമയത്ത് ധാരാളമായി എത്താറുണ്ട്. തിരമാലകള്‍ ഉയരുന്ന നീന്തല്‍ക്കുളവും ഇവിടെയുണ്ട്. തെലുങ്ക് സിനിമാ പ്രവര്‍ത്തകരുടെ ഇഷ്ടലൊക്കേഷന്‍ കൂടിയാണ്.