വിശുദ്ധിയുടെ പടവുകളേറി ശ്രീ ശൈലം

ഹോം » സ്ഥലങ്ങൾ » ശ്രീ ശൈലം » ഓവര്‍വ്യൂ

ആന്ധ്ര പ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ നര്‍മദ കുന്നുകളിലാണ് ഹിന്ദു മത വിശ്വാസികളുടെ പുണ്യ പരിപാവന നഗരമായ ശ്രീ ശൈലം സ്ഥിതി ചെയ്യുന്നത്. ഒട്ടേറെ ക്ഷേത്രങ്ങളുടേയും പുണ്യ സ്ഥലങ്ങളുടേയും നിറ സാന്നിധ്യമാണ് ഈ നഗരത്തിനു ഒരു ആത്മീയ പരിവേഷം ചാര്‍ത്തി നല്‍കിയത്. ആന്ധ്രയുടെ തലസ്ഥാന നഗരമായ ഹൈദരാബാദില്‍ നിന്നും 212 കിലോമീറ്റര്‍ അകലെ തെക്ക് ഭാഗത്തായി കൃഷ്ണ നദിക്കരയിലാണ് ഈ നഗരത്തിന്റെ സ്ഥാനം.

രാജ്യത്തൊട്ടാകെയുള്ള എണ്ണിയാലൊടുങ്ങാത്ത തീര്‍ത്ഥാടകര്‍ വര്‍ഷാവര്‍ഷം ശ്രീ ശൈലം സന്ദര്‍ശിച്ചു മടങ്ങുന്നു. വിശ്വാസികളുടെ മാത്രമല്ല ഒട്ടനേകം വിനോദ സഞ്ചാരികളുടെയും കൂടി ഇഷ്ട കേന്ദ്രമാണ് ഈ നഗരം. ഭ്രമരംബ മല്ലികാര്‍ജുന സ്വാമി ക്ഷേത്രമാണ് ഇവിടുത്തെ ക്ഷേത്രങ്ങളില്‍ വച്ചേറ്റവും പ്രശസ്തം. ഭഗവാന്‍ പരമശിവനും ദേവി പാര്‍വതിയുമാണ്‌ പ്രധാന പ്രതിഷ്ട. പരമശിവനെ മല്ലികാര്‍ജുന സ്വാമിയായും പാര്‍വതിയെ ഭ്രമരംബ ദേവിയുമാണ്‌ ഇവിടെ ആരാധിച്ചു പോരുന്നത്.

ശിവന്‍റെ 12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളിലൊന്നാണ്‌ ഈ ക്ഷേത്രം. അതിനാല്‍ തന്നെ ഹിന്ദുക്കളെ സംബന്ധിച്ചടുത്തോളം വളരെയേറെ പ്രാധ്യാന്യം ഈ മഹാ ക്ഷേത്രത്തിനുണ്ട്. തീര്‍ത്ഥാടകരുടെ മനസിന്‌ ആശ്വാസമേകുന്ന ഈ പട്ടണത്തിലെ മറ്റൊരു പ്രധാന സ്ഥലമാണ് മല്ലേല തീര്‍ത്ഥം. മനുഷ്യന്‍റെ എല്ലാ പാപവും കഴുകി കളയാനുള്ള ശക്തി ഇവിടുത്തെ പുണ്യ ജലത്തിനുണ്ടെന്നാണ് ഭക്തരുടെ വിശ്വാസം.

നഗരത്തിനുള്ളിലായി എയര്‍പോര്‍ട്ടോ റെയില്‍വേ സ്റ്റേഷനോ ഇല്ല. അതിനാല്‍ തന്നെ റോഡു മാര്‍ഗമാണ് ഇവിടെയെത്താന്‍ കൂടുതല്‍ സൗകര്യം. അതി കഠിനമായ ചൂടായതിനാല്‍ തന്നെ വേനല്‍ക്കാലത്ത് ഇവിടേക്കുള്ള യാത്ര അതീവ ദുഷ്കരമാണ്. ശീതകാലമാണ് യാത്രക്ക് പറ്റിയ കാലം. ശീതകാലത്ത് ഉത്തരേന്ത്യയിലെ മറ്റു നഗരങ്ങളെല്ലാം തന്നെ കൊടും തണുപ്പിന്റെ ആലസ്യത്തില്‍ മയങ്ങുമ്പോള്‍  പ്രകൃതിയെ തണുപ്പിന്റെ നേര്‍ത്ത കുളിരണിയിച്ചു കൊണ്ട് ശ്രീ ശൈലം യാത്രികരെ ഇവിടേക്ക് വരവേല്‍ക്കുന്നു.

Please Wait while comments are loading...