കാന്‍ഗ്ര ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് അന്താരാഷ്ട്ര ഹിമാലയന്‍ മഹോത്സവം. എല്ലാ വര്‍ഷവും ഡിസംബറില്‍ മക് ലിയോഡ് ഗഞ്ചില്‍ നടക്കുന്ന അന്താരാഷ്ട്ര ഹിമാലയന്‍ മഹോത്സവം ഇന്‍ഡോ- തിബറ്റന്‍ ഫ്രണ്ട്ഷിപ്പ് സൊസൈറ്റി, ഹിമാചല്‍പ്രദേശ് വിനോദസഞ്ചാര വകുപ്പ്, തിബറ്റന്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേഷന് എന്നിവ സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. 1985ല്‍ ദലൈ ലാമയ്ക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചതിന്റെ ഓര്‍മ്മ പുതുക്കലാണ് ഈ ആഘോഷം.
തിബറ്റന്‍ ജനതയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ആഘോഷമാണിത്. ദലൈ ലാമയുടെ നേതൃത്വത്തില്‍ നടക്കുന്ന സമാധാനശ്രമങ്ങള്‍ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിക്കുന്ന പിന്തുണയുടെ പ്രതീകമായാണ് ഇത് കണക്കാക്കപ്പെടുന്നത്. ഹിമാചല്‍പ്രദേശിലെ ജനങ്ങളും തിബറ്റുകാരും തമ്മിലുള്ള സാഹോദര്യം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യവും മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ഈ ആഘോഷങ്ങള്‍ക്കുണ്ട്. തിബറ്റന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പെര്‍ഫോമിംഗ് ആര്‍ട്സിലെ കലാകാരന്മാര്, പ്രദേശവാസികള്‍, കുട്ടികള്‍ എന്നിവരുടെ കലാപരിപാടികള്‍, സാംസ്കാരിക പരിപാടികള്‍ എന്നിവ ഇതിന്റെ ഭാഗമായി ഉണ്ടാകും.