മൈസൂര്‍ നഗരത്തില്‍ നിന്നും ഏകദേശം എട്ട് കിലോമീറ്റര്‍ ദൂരെയായാണ് ചാമുണ്ഡി ഹില്‍സ് സ്ഥിതി ചെയ്യുന്നത്. ഈ മലയുടെ മുകളിലാണ് പ്രശസ്തമായ ചാമുണ്ഡേശ്വരി ക്ഷേത്രം. മഹിഷാസുര മര്‍ദ്ദിനിയായ ചാമുണ്ഡിയാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. പാര്‍വ്വതീദേവിയുടെ അവതാരമായ ചാമുണ്ഡി വോഡയാര്‍ രാജവംശത്തിന്റെ ദേവിയാണ്.
ചാമുണ്ഡി ക്ഷേത്രകവാടത്തിനടുത്തായി മഹിഷാസുരന്റെ ഒരു ഭീമാകാര പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. പതിനൊന്നാം നൂറ്റാണ്ടില്‍ പണികഴിപ്പിക്കപ്പെട്ട ക്ഷേത്രം 1827 ല്‍ മൈസൂര്‍ രാജാക്കന്മാര്‍ പുതുക്കിപ്പണിതു. അഞ്ചുമീറ്റര്‍ ഉയരത്തില്‍ ഒറ്റക്കല്ലില്‍ തീര്‍ത്ത നന്ദികേശനാണ് ചാമുണ്ഡി ഹില്‍സിലെ മറ്റൊരു പ്രധാന ആകര്‍ഷണം. 1659 ലാണ് ഇതിന്റെ പണി പൂര്‍ത്തീകരിച്ചത്.
ചാമുണ്ഡേശ്വരി ക്ഷേത്രത്തിനടുത്തായി ഒരു ഹനുമാന്‍ ക്ഷേത്രവുമുണ്ട്. കാലത്ത് ഏഴര മുതല്‍ രണ്ട് മണിവരെയും മൂന്നരമുതല്‍ വൈകുന്നേരം ആറ് മണിവരെയും ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്താം. മൈസൂര്‍ നഗരത്തിന്റെ മനോഹര ദൃശ്യം അപ്പാടെ ചാമുണ്ഡി മലമുകളില്‍ നിന്നും വീക്ഷിക്കാന്‍ കഴിയും.



Click it and Unblock the Notifications