ക്ഷേത്രനഗരമായ ബേലൂര്‍

ഹോം » സ്ഥലങ്ങൾ » ബേലൂര്‍ » ഓവര്‍വ്യൂ

സഞ്ചാരികളുടെ പറുദീസയാണ് കര്‍ണാടകം. ഏത് തരത്തിലുള്ള യാത്രകള്‍ ആഗ്രഹിക്കുന്നവരെയും തൃപ്തിപ്പെടുത്താന്‍ പോന്ന സ്ഥലങ്ങള്‍ കര്‍ണാടകത്തിലുണ്ട്. ചരിത്രം തേടിയെത്തുന്നവരാകട്ടെ, തീര്‍ത്ഥാടനമെന്ന ആഗ്രഹവുമായെത്തുന്നവരാകട്ടെ, പുത്തന്‍ നഗരാനുഭവങ്ങള്‍ തേടിയെത്തുന്നവരാകട്ടെ കര്‍ണാടകത്തിലെ ഓരോ ജില്ലകളിലുമുണ്ടാകും ഇതിനുള്ള സാധ്യതകള്‍. പോയകാലത്തിന്റെ സ്മൃതികളില്‍ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്ന പല ചരിത്ര സ്മാരകങ്ങളും നമുക്ക് കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണാന്‍ കഴിയും. പഴയ ഭരണാധികാരികള്‍ നടത്തിയ നിര്‍മ്മാണങ്ങളും അമ്പരപ്പിക്കുന്ന പുരാതന നഗരപദ്ധതികളുമെല്ലാം പലേടത്തും കാണാം. ഇത്തരത്തിലൊരു സ്ഥലമാണ് ഹാസ്സന്‍ ജില്ലയിലെ ബേലൂര്‍. ക്ഷേത്രനഗരമെന്ന് ബേലൂരിനെ വിശേഷിപ്പിക്കാം. ഹൊയ്‌സാല സാമ്രാജ്യത്തിന്റെ ഭരണകാലത്ത് പണിതുയര്‍ത്തിയ ക്ഷേത്രങ്ങളും അനുബന്ധ കെട്ടിടങ്ങളുമാണ് ബേലൂരിനെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്.

ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും 220 കിലോമീറ്റര്‍ അകലെയായാണ്‌ ബേലൂര്‍ സ്ഥിതി ചെയ്യുന്നത്. താമസത്തിനും ഭക്ഷണത്തിനുമെല്ലാം ഇവിടെ വേണ്ടും വിധമുള്ള സൗകര്യങ്ങളുണ്ട്. നേരത്തേ ബുക്ക് ചെയ്തും അല്ലാതെയുമെല്ലാം താമസസൗകര്യം ലഭ്യമാണ്. യാഗച്ചി നദീതീരത്തുള്ള ബേലൂരിനെ ദക്ഷിണ ബനാറസ് എന്നാണ് വിശേഷിപ്പിക്കുന്നത്. പ്രകൃതിഭംഗിയും നിറയെ ക്ഷേത്രങ്ങളുമാണ് ഈ വിശേഷണത്തിന് കാരണം.

ചരിത്രപ്രാധാന്യം

ഹൊയ്‌സാല സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഒരുകാലത്ത് ബേലൂര്‍. അവരുടെ മറ്റൊരു തലസ്ഥാനഗരമായിരുന്ന ഹാലേബിഡിലേയ്ക്ക് ബേലൂരില്‍ നിന്നും വെറും പതിനാറ് കിലോമീറ്റര്‍ അകലം മാത്രമേയുള്ളു. അതായത് ബേലൂര്‍ സന്ദര്‍ശിയ്ക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഹാലേബിഡ് കൂടി കാണണം എന്നുതന്നെ. രണ്ടുനഗരങ്ങളും ഹൊയ്‌സാല വാസ്തുവിദ്യയുടെ മഹിമ വിളിച്ചോതുന്ന കെട്ടിടങ്ങളാലും ക്ഷേത്രങ്ങളാലും അനുഗ്രഹീതമാണ്. ബേലൂരിലെ ഏറ്റവും വലിയ ക്ഷേത്രം ചെന്നകേശവ ക്ഷേത്രമാണ്. വിഷ്ണുവാണ് ഇവിടെ പ്രതിഷ്ഠ. അമ്പരപ്പിക്കുന്ന കൊത്തുപണികളും അലങ്കാരവേലകളുമാണ് ക്ഷേത്രത്തിലുള്ളത്. കൊത്തിവച്ചിരിക്കുന്ന രൂപങ്ങളില്‍ പലതിനും ജീവനുണ്ടോയെന്ന് സംശയം തോന്നിപ്പോകും. ഒരു നൂറ്റാണ്ടിലേറെക്കാലമാണത്രേ  ക്ഷേത്രനിര്‍മ്മാണം നീണ്ടുനിന്നത്.ബേലൂരിലെ മറ്റൊരു പ്രധാനക്ഷേത്രം ദൊഡ്ഡഗഡവള്ളിയിലുള്ള ലക്ഷ്മി ദേവി ക്ഷേത്രമാണ്. കൂടാതെ ശ്രാവണബലഗോളയിലെ ഗോമടേശ്വര പ്രതിയും കണ്ടിരിക്കേണ്ടതുതന്നെ.

ബേലൂരിലെത്തുകയെന്നത് ഒട്ടും പ്രയാസമുള്ളകാര്യമല്ല. 38കിലോമീറ്ററകലെയുള്ള ഹാസ്സനാണ് സമീപ റെയില്‍വേ സ്‌റ്റേഷന്‍. കര്‍ണാടകത്തിലെ പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം ബേലൂരേയ്ക്ക് സര്‍ക്കാര്‍ ബസ് സര്‍വ്വീസുകളുണ്ട്.

Please Wait while comments are loading...