ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം അനുദിനം യാത്രക്കാരുടെ പ്രിയപ്പെട്ട വിമാനത്താവളമായി മാറിയിരിക്കുകയാണ്. ആഭ്യന്തര അന്താരാഷ്ട്ര യാത്രക്കാർ ബെംഗളൂരു വഴി യാത്ര ചെയ്യുവാന്‍ ഇഷ്ടപ്പെടുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഇവിടെ നിന്നു നേരിട്ടും അല്ലാതെയും സര്‍വീസുകൾ ലഭ്യമാണ്. ഇപ്പോഴിതാ, മറ്റൊരു നേട്ടത്തിലെത്തിരിക്കുകയാണ് ബെംഗളൂരു വിമാനത്താവളം.
ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ് ഉണ്ടായിരിക്കുകയാണ്.
ഒരു കലണ്ടർ വർഷത്തിൽ ബെംഗളൂരു വിമാനത്താവളം വഴി യാത്ര ചെയ്ത ആളുകളുടെ എണ്ണം 40 മില്യൺ കവിഞ്ഞു. കഴിഞ്ഞ വർഷം ആകെ 40.73 ദശലക്ഷം യാത്രക്കാർ ബെംഗളൂരു വിമാനത്താവളം വഴി കടന്നു പോയി. ഇതോടെ എയർപോർട്ട് കൗൺസിൽ ഇന്‍റർനാഷണൽ അനുസരിച്ച് ആഗോള തലത്തിൽ ലാർജ് എയര്‍ പോർട്ട്- വലിയ വിമാനത്താവളം എന്ന വിഭാഗത്തിലേക്ക് ബാംഗ്ലൂർ ഉയരുകയും ചെയ്തു.

യാത്രക്കാരുടെ എണ്ണത്തിൽ മികച്ച, സ്ഥിരമായ വര്‍ധനവാണ് ബെംഗളൂരുവിന് നേടാന്‍ കഴിഞ്ഞതെന്നാണ് കണക്കുകൽ സൂചിപ്പിക്കുന്നത്. 2023 ൽ 37.2 ദശലക്ഷം ആയിരുന്ന യാത്രക്കാരുടെ എണ്ണം 2024 ൽ 40.73 ദശലക്ഷമായി വർദ്ധിച്ചു. 9.5% വർധനവാണിത്. പുതിയ ആഭ്യന്തര- അന്താരാഷ്ട്ര സർവീസുകൾ ആരംഭിച്ചതും വിവിധ ഇടങ്ങളിലേക്ക് ദിനംപ്രതിയുള്ള വിമാന സർവീസുകൾ കൂടിയതുമാണ് യാത്രക്കാരുടെ എണ്ണത്തിലെ വർധനവിന് കാരണം.
ഏറ്റവുമധികം ആളുകൾ യാത്ര ചെയ്തത്
2024 ൽ ഏറ്റവുമധികം ആളുകൾ യാത്ര ചെയ്തത് ഒക്ടോബർ 20-ാം തിയതിയാണ്. ഏറ്റവും തിരക്കേറിയ ഈ ദിവസത്തിൽ 1,26,532 യാത്രക്കാരാണ് ഇതുവഴി കടന്നു പോയത്. അതേസമയം, വിമാനങ്ങളുടെ ലാൻഡിങും ടേക്ക് ഓഫും രേഖപ്പെടുത്തുന്ന എയർ ട്രാഫിക് മൂവ്മെന്‍റ് ഏറ്റവും കൂടുതൽ നടന്നത് ഒക്ടോബർ 17 നാണ് 782 എടിഎം ആണ് ഈ ദിവസം രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ ശരാശരി എയർ ട്രാഫിക് മൂവ്മെന്‌റ് 723 ആണ്.
പുതിയ റൂട്ടുകൾ
2024 ൽ ബെംഗളൂരു വിമാനത്താവളം 75 ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളെയും 30 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളേയും ബന്ധിപ്പിച്ചു. 11 ആഭ്യന്തരവും നാല് അന്താരാഷ്ട്ര റൂട്ടുകളും കഴിഞ്ഞ വര്‍ഷം ആരംഭിച്ചിട്ടുണ്ട്. അയോധ്യ, ഐസ്വാൾ, ദിയോഘർ, നന്ദേഡ് തുടങ്ങിയവയാണ് ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞ വര്‍ഷം പുതിയതായി ആരംഭിച്ച ആഭ്യന്തര റൂട്ടുകൾ. ലങ്കാവി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര റൂട്ടുകളും ഉണ്ട്.
ബെംഗളൂരു വിമാനത്താവളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്ന ആഭ്യന്തര റൂട്ടുകള്‍ ഡൽഹി, മുംബൈ, കൊൽക്കത്ത, ഹൈദരാബാദ്, പൂനെ തുടങ്ങിയവയാണ്. അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിൽ ദുബായ്, സിംഗപ്പൂർ, ദോഹ, അബുദാബി, ലണ്ടൻ ഹീത്രൂ തുടങ്ങിയവയാണ് മുന്നിൽ നിൽക്കുന്നത്.
വിർജിൻ അറ്റ്ലാന്‍റിക്, സലാം എയർ, മാന്‍റ എയർ, ഫ്ലൈ91 തുടങ്ങിയ എയർലൈനുകൾ ബെംഗളൂരുവിൽ നിന്ന് സർവീസ് ആരംഭിച്ചതും കഴിഞ്ഞ വർഷമാണ്. ആഭ്യന്തര വിമാനക്കമ്പനിയായ ഇൻഡിഗോ പ്രതിവാര 46 അന്താരാഷ്ട്ര യാത്രകൾ തുടങ്ങിയിരുന്നു. ഇതോടെ ബെംഗളൂരുവിൽ നിന്നുള്ള അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ 21.1% വർധനവും ഉണ്ടായി.
കാർഗോ സർവീസ്
ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം വഴി കൈകാര്യം ചെയ്യുന്ന കാർഗോയിലും കഴിഞ്ഞ വർഷം വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2024 -ൽ 4,96,227 മെട്രിക് ടൺ കാർഗോ ആണ് ബെംഗളൂരു കൈകാര്യം ചെയ്തത്. 2023 ലേതിനേക്കാൾ 17% വർധനവാണിത്. വിമാനത്താവളം ഏറ്റവും ഉയർന്ന ഒറ്റ ദിവസത്തെ കാർഗോ അളവ് ജൂലൈ 11ന് രേഖപ്പെടുത്തി. 1,884 മെട്രിക് ടൺ ആയിരുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












