മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയിലാണ് തീരപ്രദേശ നഗരമാണ് റെഡി. കശുമാവും തെങ്ങും നിറഞ്ഞ് അറബിക്കടലിന്റെ മനോഹരമായ തീരത്തു സ്ഥിതിചെയ്യുന്ന റെഡിയുടെ ശരിക്കുള്ള പേര് റെഡിപ്പട്ടണം എന്നാണ്. പഴയകാലം മുതല്‍ത്തന്നെ പ്രധാനപ്പെട്ട ഒരു തുറമുഖനഗരമായിരുന്ന റെഡി വെഗുര്‍ല താലൂക്കിന്റെ ഭാഗമാണ്. യശ്വന്ത്ഘട്ട് കോട്ട പോലുള്ള ആകര്‍ഷണങ്ങളും അറബിക്കടലിന്റെ തീരത്തെ മനോഹരവും സ്വച്ഛവുമായ നീളന്‍ ബീച്ചുകളുമാണ് റെഡിയെ വിനോദസഞ്ചാരഭൂപടത്തില്‍ അടയാളപ്പെടുത്തുന്നത്. മുംബൈയില്‍ നിന്നും ഏതാണ്ട് 566 കിലോമീറ്റര്‍ ദൂരത്താണ് റെഡി സ്ഥിതിചെയ്യുന്നത്.
റെഡിയിലെ ടൂറിസം ആകര്‍ഷണങ്ങള്‍
സ്വയംഭൂ ശിവലിംഗ ക്ഷേത്രം, ഗണേശ ക്ഷേത്രം, മൗലി ക്ഷേത്രം, രാംപുരുഷ് ക്ഷേത്രം, നവദുര്‍ഗ ക്ഷേത്രം മുതലായവയാണ് റെഡിയിലെ പ്രധാനപ്പെട്ട ആരാധനാലയങ്ങള്‍. ദുര്‍ഗാദേവിയാണ് നവദുര്‍ഗ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. യശ്വന്ത്ഘട്ട് കോട്ട, ശിരോദ, ആരവലി, തിരാക്കോള്‍ കോട്ട തുടങ്ങിയ ചരിത്ര സ്മാരകങ്ങളും റെഡിയിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു.
മനോഹരമായ കടല്‍ത്തീരമാണ് റെഡിയുടെ മറ്റൊരാകര്‍ഷണം. അറബിക്കടലിന്റെ തീരത്തെ മനോഹരവും സ്വച്ഛവുമായ നീളന്‍ ബീച്ചുകളും കശുമാവും തെങ്ങും നിറഞ്ഞുനില്‍ക്കുന്ന കടല്‍ത്തീരവുമാണ് റെഡിയെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. വെറ്റിലച്ചെടികളും മാവുകളും ഇവിടെ നിരവധിയുണ്ട്. വര്‍ഷം മുഴുവന്‍ മനോഹരമായ കാലാവസ്ഥയാണ് റെഡിയിലുള്ളത്. കനത്ത ചൂടുള്ള വേനല്‍ക്കാലവും തണുത്തുവിറക്കുന്ന ശൈത്യകാലവുമായി ലക്ഷണമൊത്ത ഉഷ്ണമേഖലാ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. മഴക്കാലം മാറിയ ഉടനെയുള്ള മാസങ്ങളാണ് റെഡിയിലേക്ക് യാത്ര പുറപ്പെടാന്‍ ഏറ്റവും അനുയോജ്യം.
റെഡിപ്പട്ടണത്തിന് സ്വന്തമായ വിമാനത്താവളമോ റെയില്‍വേ സ്റ്റേഷനോ ഇല്ല. എന്നാലും റെഡിയിലെത്തുന്നതിന് ഇവ ഒരു തടസ്സമല്ല. ഗോവയിലെ അന്താരാഷ്ട്രവിമാനത്താവളവും സാവന്ത് വാഡിയിലെ റെയില്‍വേ സ്റ്റേഷനുമാണ് സഞ്ചാരികള്‍ക്ക് ഇവിടെയെത്താനുള്ള മാര്‍ഗങ്ങള്‍. അധികം പണച്ചെലവില്ലാതെ യാത്ര ചെയ്യുന്നതിനായി സര്‍ക്കാര്‍ വക വാഹനങ്ങളെ ആശ്രയിക്കുകയായിരിക്കും റോഡ് മാര്‍ഗമുള്ള ഗതാഗതത്തിന് നല്ലത്.