കേരളത്തിലെ പഴക്കംചെന്ന ഭഗവതി ക്ഷേത്രങ്ങളില്‍ ഒന്നാണ് പാറമേക്കാവ് ഭഗവതിക്ഷേത്രം. തൃശ്ശൂരില്‍ സ്വരാജ് റൌണ്ടിന്റെ കിഴക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന പാറമേക്കാവ് ഭഗവതിക്ഷേത്രം തൃശ്ശൂര്‍ പൂരത്തിന്റെ മുഖ്യ പങ്കാളികളില്‍ ഒന്ന് കൂടിയാണ്. തൃശ്ശൂരിന്റെ ആദ്ധ്യാത്മിക ചൈതന്യത്തിലും സാംസ്‌കാരിക വളര്‍ച്ചയിലും നിര്‍ണായക സ്ഥാനം ചെലുത്തുന്ന പാറമേക്കാവ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ദുര്‍ഗ്ഗാ ഭഗവതിയാണ്.
വലതുകാല്‍ മടക്കിവച്ച് ഇടതുകാല്‍ തൂക്കിയിട്ട് പീഠത്തില്‍ ഇരിക്കുന്ന രൂപത്തില്‍ പടിഞ്ഞാറ് ദിക്കിലേക്ക് തിരിഞ്ഞാണ് പ്രതിഷ്ഠ. വാള്‍, ത്രിശൂലം, യമദണ്ഡ്, മണിനാഗം, ചിലമ്പ്, ദാരികശിരസ്സ്, ഓട്ടുമണി, കൈവട്ടക എന്നിവ ധരിച്ച എട്ടു കൈകളോടുകൂടിയ പ്രതിഷ്ഠയാണ് പാറമേക്കാവ് ഭഗവതിക്ഷേത്രത്തിലേത്. കാലത്ത് നാലര മുതല്‍ പത്തര വരെയും വൈകിട്ട് അഞ്ച് മണിമുതല്‍ എട്ടരവരെയും ക്ഷേത്രത്തില്‍ ദര്‍ശനം സാധ്യമാണ്.



Click it and Unblock the Notifications