വളർച്ചയുടെയും സൗകര്യങ്ങളുടെയും കാര്യത്തിൽ ഇന്ത്യയിലെ മറ്റെല്ലാ നഗരങ്ങളെയും കടത്തിവെട്ടാൻമാത്രം ശക്തമാണ് ബെംഗളുരു. തൊഴിൽ സാധ്യതകളും മെച്ചപ്പെട്ട ജീവിതവും മാത്രമല്ല ഇന്നലെകളെ ഇന്നോട് ചേര്‍ത്തു പിടിക്കുന്ന നഗരവും കൂടിയാണിത്. ഇന്നും ഏറ്റവും മികച്ച രീതിയിൽ സംരക്ഷിപ്പെടുന്ന ഇവിടുത്തെ ചരിത്രയിടങ്ങള്‍ മാത്രം മതി അതിനുള്ള സാക്ഷ്യം നല്കുവാൻ.
ബാംഗ്ലൂരിന്‍റെ പഴമയേയും സംസ്കാരത്തെയും മാതൃകാപരമായ രീതിയിൽ സൂക്ഷിക്കുന്ന ഇടങ്ങളിലൊന്നാണ് ബാംഗ്ലൂർ അർബൻ ഏരിയ. ബാംഗ്ലൂരിലെ ഏറ്റവും ജനസംഖ്യ കൂടിയ ഇടമായ ഇവിടെ യാണ് ബെംഗളുരുവിലെ എടുത്തുപറയത്തക്ക പ്രധാന ഇടങ്ങൾ സ്ഥിതി ചെയ്യുന്നത്. അതിനൊപ്പം തന്നെ പ്രാധാന്യം ഇവിടുത്തെ പൈതൃക ചരിത്ര ഇടങ്ങൾക്കും നല്കിയിട്ടുണ്ട്. ഇതാ ബെംഗളുരു അർബന്‍റെ ഭാഗമായ പ്രധാനപ്പെട്ട പൈതൃക ഇടങ്ങള്‍ പരിചയപ്പെടാം.

1. വിധാന സൗധ
ബെംഗളുരുവിന്‍റെ അഭിമാന നിര്‍മ്മിതികളിലൊന്നാണ് കർണാടക സംസ്ഥാന നിയമസഭയുടെ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിധാന സൗധ. 1956-ൽ നിർമ്മാണം പൂർത്തീകരിച്ച വിധാന സൗധ അന്നത്തെ മൈസൂരു സംസ്ഥാന മുഖ്യമന്ത്രി ശ്രീ കെംഗൽ ഹനുമന്തയ്യയുടെ നിർദ്ദേശമനുസരിച്ചാണ് നിര്‍മ്മിച്ചത്. രാഷ്ട്രത്തിനായി സമർപ്പിച്ച ക്ഷേത്രം എന്നാണ് ജവഹർലാൽ നെഹ്റു വിധാൻ സൗധയെ വിശേഷിപ്പിച്ചത്.
ബെംഗളുരുവിൻറെ ശ്വാസകോശമായ കബ്ബൺ പാർക്കിന് സമീപം സാംപൻഡി രാമനഗറിൽ ഡോ. അംബേദ്കർ വീഥിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സംസ്ഥാന നിയമസഭയും കർണാടക സെക്രട്ടേറിയറ്റും ഇതിലാണ് പ്രവർത്തിക്കുന്നത്. നവ-ദ്രാവിഡ വാസ്തുവിദ്യയിലാണ് വിധാൻസൗധ നിർമ്മിച്ചിട്ടുള്ളത്. ദക്ഷിണേന്ത്യയിലെ താജ്മഹൽ എന്നും ഇതിന് വിളിപ്പേരുണ്ട്. 60 ഏക്കർ വിസ്തൃതിയിൽ പരന്നുകിടക്കുന്നതാണ് വിധാൻ സൗധ.
2. ഫ്രീഡം പാർക്ക്
ബെംഗളുരുവിന്‍റെ ചരിത്രത്തോട് ചേർന്നു നിൽക്കുന്ന നിർമ്മിതികളിലൊന്നാണ് ഫ്രീഡം പാർക്ക്. സെന്‍ട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിന്‍റെ ഭാഗമായ ഇവിടം ഒരുകാലത്ത് നഗരത്തിലെ സെൻട്രൽ ജയിൽ ആയിരുന്നു. 1975ൽ ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ അടൽ ബിഹാരി വാജ്‌പേയി, എൽ കെ അദ്വാനി തുടങ്ങിയവരെ ഇവിടെ വെച്ചാണ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ഇന്ന് സെൻട്രൽ ജയിൽ നവീകരിച്ച് 21 ഏക്കർ സ്ഥലത്ത് പാർക്കായി പരിഷ്കരിച്ചു.
ലൈബ്രറി, മ്യൂസിയം, ജോഗേഴ്സ് സ്ട്രെച്ച്, ആംഫി തിയേറ്റർ, കുട്ടികളുടെ കളിസ്ഥലം തുടങ്ങിയ സൗകര്യങ്ങളോടെയാണ് 2008 നവംബറിൽ പൊതുജനങ്ങൾക്കായി പാർക്ക് തുറന്നു കൊടുത്തത്. കൂടാതെ അതിൻ്റെ ഒരു ഭാഗം പ്രതിഷേധങ്ങൾക്കും പൊതുയോഗങ്ങൾക്കും വേണ്ടി നീക്കിവച്ചിരിക്കുന്നു. കൂടാതെ ഇവിടെയിപ്പോൾ ഒരേസമയം 1350 വണ്ടികൾ പാർക്ക് ചെയ്യാൻ സാധിക്കുന്ന മൾട്ടി ലെവൽ കാർ പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
3. ബാംഗ്ലൂർ പാലസ്
ബെംഗളുരു അർബന്‍റെ ഭാഗമായ മറ്റൊരു പ്രധാന ഇടമാണ് ഇംഗ്ളണ്ടിലെ വിൻഡ്‌സർ കാസിലിൻ്റെ മാതൃകയിൽ നിർമ്മിച്ച ബാംഗ്ലൂർ പാലസ്. 1887-ൽ ചാമരാജ വാദിയാർ രാജാവ് ആണിത് പണികഴിപ്പിച്ചത്.
പൂന്തോട്ടങ്ങളും വലിയ മുറ്റവും കൊട്ടാരം കെട്ടിടത്തിനുള്ളിൽ വൈസ്രോയിമാരുടെയും മഹാരാജാക്കന്മാരുടെയും മറ്റ് പ്രശസ്ത വ്യക്തികളുടെയും വിശിഷ്ടമായ കൊത്തുപണികൾ, പെയിന്‍റിംഗുകൾ, ഫോട്ടോഗ്രാഫുകൾ എന്നിവ കാണാം. കൊട്ടാര സമുച്ചയത്തിനുള്ളിൽ ഫൺ വേൾഡ് എന്നറിയപ്പെടുന്ന ഒരു അമ്യൂസ്മെന്‍റ് പാർക്ക് ഉണ്ട്.
4. ടിപ്പു സുൽത്താൻ പാലസ്
ബെംഗളുരു അർബനിലെ മറ്റൊരു പ്രധാന ചരിത്രയിടമാണ് ടിപ്പു സുൽത്താൻ പാലസ്. ന്തോ-ഇസ്ലാമിക് വാസ്തുവിദ്യയിൽ നിർമ്മിച്ച ഈ കൊട്ടാരം ടിപ്പു സുൽത്താൻ്റെ വേനൽക്കാല വസതിയായിരുന്നു. ഇന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലാണ് ഇവിടമുള്ളത്, പൂർണ്ണമായും തേക്ക് കൊണ്ട് നിർമ്മിച്ച ഈ കൊട്ടാരത്തിൽ ഇന്ന് ഒരു മ്യൂസിയം പ്രവർത്തിക്കുന്നു.
5. അട്ടാര കച്ചേരി
വിധാന സൗധയ്ക്ക് എതിർവശത്ത് ഡോ. ബി.ആർ. അംബേദ്കർ റോഡിൽ സ്ഥിതി ചെയ്യുന്ന അട്ടാര കച്ചേരിബംഗളൂരുവിലെ ഏറ്റവും പഴക്കമുള്ള പൊതു കെട്ടിടവും സംസ്ഥാന ഹൈക്കോടതിയും ആണ്. ഗ്രേക്കോ-റോമൻ വാസ്തുവിദ്യാ ശൈലിയിലുള്ള ഈ ചുവന്ന ഇഷ്ടികയും കല്ലും കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഈ പൈതൃക നിർമ്മിതി സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ജുഡീഷ്യൽ അതോറിറ്റിയായ കർണാടക ഹൈക്കോടതിയുടെ പ്രിൻസിപ്പൽ ബെഞ്ചിന്‍റെ ആസ്ഥാനമാണ്. മുമ്പ് മൈസൂർ നാട്ടുരാജ്യത്തിൻന്‍റെയും പിന്നീട് സ്വതന്ത്ര ഇന്ത്യയുടെ മൈസൂർ സംസ്ഥാനത്തിന്‍റെറെയും സെക്രട്ടേറിയറ്റും ഇവിടെ പ്രവർത്തിച്ചിരുന്നുവെന്നാണ് ചരിത്രം പറയുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













