നിർത്താതെ കോരിച്ചൊരിയുന്ന മഴയിൽ പുറത്തിറങ്ങാൻ തന്നെ മടിയാകും. വീടിന്‍റെ ചൂടിൽ നിന്നു പുറത്തുകടക്കാനേ തോന്നില്ല. എന്നാൽ ഇനിയൊന്ന് ഇറങ്ങിയാലോ.. മഴയത്ത് കയറി വരാനാവും പാട്. മഴക്കാലം തുടങ്ങിയതോടെ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ഇഷ്ടംപോലെ യാത്രകളാണ് ഒരുക്കിയിരിക്കുന്നത്. മഴയുടെ ഭംഗി ആസ്വദിച്ച് പോകാൻ പറ്റിയ ട്രിപ്പുകൾ കേരളത്തിനകത്തും പുറത്തും ഉണ്ട്.
ഇത്തവണ ഈ ജൂലൈ മാസത്തിൽ കണ്ണൂർ ബജറ്റ് ടൂറിസം സെല്ലും നിരവധി യാത്രകളാണ് ഒരുക്കിയിട്ടുള്ളത്. മഴയാത്രാ പ്രേമികളെയും കൊണ്ട് വയനാട് ചുരം കയറുവാനും കൊല്ലൂർ മൂകാംബികയിൽ ചെന്ന് ക്ഷേത്രവും കൊടചാദ്രി മലനിരകളും കണ്ടു വരുവാനും കേരളത്തിന്‍റെ ഊട്ടിയായ റാണിപുരത്ത് ഒരു മഴ ട്രെക്കിങ് നടത്താനുമുള്ള അവസരവും കണ്ണൂർ ഒരുക്കുന്നു. ഇതു മാത്രമല്ല, മൂന്നാറും പൈതൽ മലയും തൃശൂരിലെ നാലമ്പലങ്ങളും ജൂലൈ യാത്രയിൽ ഉൾപ്പെട്ടിട്ടുണ്ട്.
കൊല്ലൂര്‍ യാത്ര
കണ്ണൂർ ബജറ്റ് ടൂറിസം സെല്ലിന്‍റെ ജൂലൈ മാസ യാത്രകൾ ആരംഭിക്കുന്നത് കൊല്ലൂർ യാത്രയോടെയാണ്. ജൂൺ 5 വെള്ളിയാഴ്ച രാത്രി 8.30 ന് പുറപ്പെട്ട് ഞായറാഴ്ച രാത്രി 7.30ന് എത്തിച്ചേരുന്ന വിധത്തിലാണ് ക്രമീകരണം. കൊല്ലൂർ മൂകാംബിക ക്ഷേത്രം, കൊടചാദ്രി ട്രെക്കിങ്, ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം, മധൂർ ക്ഷേത്രം, അനന്തപുര തടാക ക്ഷേത്രം എന്നിവയാണ് സന്ദർശിക്കുന്നത്. ടിക്കറ്റ് നിരക്കിൽ താമസം മാത്രമാണ് ഉൾപ്പെട്ടിരിക്കുന്നത്.
ജൂലൈ 5, 12,19, 26 എന്നീ തിയതികളിൽ കണ്ണൂർ- കൊല്ലൂർ യാത്രയുണ്ട്.
വയനാട് യാത്ര
കോഴിക്കോട് തുഷാരഗിരി വെള്ളച്ചാട്ടം, എൻ ഊര്, ഹണി മ്യൂസിയം, പൂക്കോട് തടാകം എന്നിവ കമ്ടു വരുന്ന ഏകദിന യാത്രാ പാക്കേജാണിത്. ഞായറാഴ്ച രാവിലെ 6.30ന് പുറപ്പെട്ട് രാത്രി 9.00 മണിക്ക് മടങ്ങിയെത്തും. ടിക്കറ്റിൽ ഭക്ഷണവും വിവിധ സ്ഥലങ്ങളിലേക്കുള്ള പ്രവേശന നിരക്കും ഉൾപ്പെടുന്നു.
ജൂലൈ 7, 14,21, 28 എന്നീ തിയതികളിൽ കണ്ണൂർ- വയനാട് യാത്രയുണ്ട്.
കോഴിക്കോട്
കോഴിക്കോട് ജില്ലയിലെ പച്ചത്തുരുത്തുകൾകണ്ടുള്ള മഴയാത്രയാണ് മറ്റൊരു ആകർഷണം. ജാനകിക്കാട്, പെരുവണ്ണാമൂവി ഡാം, തോണിക്കടവ് ടവർ, കരിയത്തുംപാറ എന്നിവിടങ്ങളാണ് ഏകദിന യാത്രയിൽ സന്ദർശിക്കുന്നത്. ഞായറാഴ്ച രാവിലെ 7.00 മണിക്ക് പുറപ്പെട്ട് രാത്രി 9.30ന് മടങ്ങിയെത്തും.
ജൂലൈ 7, 14,21, 28 എന്നീ തിയതികളിൽ കണ്ണൂർ- കോഴിക്കോട് യാത്രയുണ്ട്.
പൈതൽമല
കണ്ണൂരിലെ ഏറ്റവും മികച്ച മഴക്കാല ഡെസ്റ്റിനേഷനുകളിലൊന്നായ പൈതൽമലയിലേക്ക് കണ്ണൂരിൽ നിന്ന് ഏകദിന യാത്രയുണ്ട്. ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയം തട്ട് എന്നിവിടങ്ങളും യാത്രയിൽ സന്ദർശിക്കും. ഞായറാഴ്ച രാവിലെ 6.30 ന് പുറപ്പെട്ട് രാത്രി 9.00 ന് മടങ്ങിയെത്തും.
ജൂലൈ 14, 28 എന്നീ തിയതികളിൽ കണ്ണൂർ- പൈതൽമല യാത്രയുണ്ട്.
മൂന്നാർ, കാന്തല്ലൂർ, മറയൂർ
കണ്ണൂരിൽ നിന്നും മഴക്കാല യാത്രകളിൽ ഏറെ ജനപ്രീതിയുള്ള മൂന്നാർ, കാന്തല്ലൂർ, മറയൂർ യാത്രയും ഉണ്ട്. ജൂലൈയിൽ ഈ ഷെഡ്യൂളിൽ രണ്ട് യാത്രകൾ മാത്രമാണുള്ളത്. വെള്ളിയാഴ്ച രാത്രി 7.00 മണിക്ക് ആരംഭിച്ച് തിങ്കളാഴ്ച രാവിലെ 6.00 മണിക്ക് എത്തുന്ന വിധത്തിലാണ് ക്രമീകരണം. ഭക്ഷണം, പ്രവേശന ഫീസ്, താമസം എന്നിവ നിരക്കിൽ ഉൾപ്പെടുന്നു.
ജൂലൈ 12,26 എന്നീ തിയതികളിലാണ് യാത്ര,
നാലമ്പലം യാത്ര
ജൂലൈ 16 ന് ആരംഭിക്കുന്ന കർക്കടക മാസത്തിൽ അതിവിശിഷ്ടമായ നാലമ്പല യാത്രയും കണ്ണൂരിൽ നിന്നുണ്ട്. തൃശൂർ ജില്ലയിലെ തൃപ്രയാർ, കൂടൽമാണിക്യം, മൂഴിക്കുളം, പായമ്മൽ ക്ഷേത്രങ്ങളാണ് ഈ യാത്രയിൽ സന്ദർശിക്കുന്നത്. രാവിലെ 8.30 ന് പുറപ്പെട്ട് പിറ്റേന്ന് രാത്രി 8.00 മണിയോടെ മടങ്ങിയെത്തും. ജൂലൈ 16, 20, 27 എന്നീ തിയതികളിലാണ് യാത്ര.
വാഗമണ്‍
ഏഷ്യയുടെ സ്കോട്ലൻഡ് ആയ വാഗമണ്ണും കാറ്റാടിപ്പാടങ്ങളുടെ ചതുരംഗപ്പാറയും കണ്ണൂരിൽ നിന്ന് സന്ദർശിക്കുന്നു. വെള്ളിയാഴ്ച രാത്രി 7.00 മണിക്ക് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 6.00 മണിയോടെ മടങ്ങിയെത്തും.
ജൂലൈ 19 നാണ് കണ്ണൂർ- വാഗമൺ യാത്ര.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications
















