ഗവി, ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ പോകുന്നതും പോകുവാൻ ആഗ്രഹിക്കുന്നതുമായ ഇടങ്ങളിലൊന്ന്. ഓർഡിനറി എന്ന സിനിമയിലൂടെ മനസ്സ് കീഴടക്കിയ ഇടമാണിത്. കാടിന്‍റെ രസകരവും കൗതുകം നിറഞ്ഞതും അതേസമയം വന്യവുമായ കാഴ്ചകളാൽ നിറഞ്ഞു നിൽക്കുന്ന ഇടം. കാടിനുള്ളിലെ ലോകം കാണിക്കുന്ന ഗവിക്ക് കേരളത്തിൽ നിറയെ ആരാധകരാണ്. സാധാരണയായി കെഎസ്ആർടിസിയുടെ ബജറ്റം ടൂറിസം സെൽ നടത്തുന്ന യാത്ര വഴിയാണ് ഗവിയിലേക്ക് സഞ്ചാരികളെത്തുന്നത്. ഇതാ, ഇത്തരം പാക്കേജുകളൊന്നുമില്ലാതെ എങ്ങനെ ഗവി കാണാം എന്നു നോക്കാം

ഗവിയും കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലും
കുറഞ്ഞ ചിലവിൽ സാധാരണക്കാർക്ക് വിനോദയാത്രകൾ ചെയ്യുവാൻ അവസരമൊരുക്കുന്ന കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്‍ വഴിയാണ് കൂടുതലാളുകളും ഗവിയിലേക്ക് പോകുന്നത്. കെഎസ്ആർടിസിയുടെ ഏറ്റവും മികച്ച റോഡ് ട്രിപ്പുകളിലൊന്നും കൂടിയാണിത്. കേരളത്തിലെ മിക്ക ഡിപ്പോകളിൽ നിന്നും ഗവിയിലേക്ക് പ്രത്യേക സർവീസുകൾ നടത്തുകയും ചെയ്യുന്നു. എന്നാൽ ഒരു പാക്കേജായി പോകുവാൻ താല്പര്യമില്ലാത്തവർക്ക് ഗവിയിലേക്ക് സാഘാരണ ബസ് യാത്ര നടത്താം. കുമളിയിൽ നിന്നും പത്തനംതിട്ട ഡിപ്പോയിൽ നിന്നും ഗവിയിലേക്കുള്ള ബസില് കയറിയുള്ള യാത്രയാണിത്. സ്വകാര്യ വാഹനങ്ങളിൽ ഗവിയിലേക്കുള്ള യാത്രയിൽ നിയന്ത്രണങ്ങളുണ്ട്. പാസ് എടുത്ത് നിശ്ചിത എണ്ണം വാഹനങ്ങൾക്കു മാത്രമേ ഒരു ദിവസം ഇതുവഴി സഞ്ചരിക്കുവാൻ സാധിക്കുകയുള്ളു.

PC:Samson Joseph
'ഓർഡിനറി'യിൽ ഗവി യാത്ര
പ്രത്യേക പാക്കേജുകളല്ലാതെ, കെഎസ്ആർടിസി ഗവിയിലേക്ക് നടത്തുന്ന സ്ഥിരം ബസ് സർവീസുകളെയാണ് ഈ ലേഖനത്തിലൂടെ പരിചയപ്പെടുത്തുന്നത്. ഈ ബസുകളിൽ സഞ്ചരിക്കുവാൻ പ്രത്യേക അനുമതി ആവശ്യമില്ല എന്നതും ഒരാകർഷമാണ്. ആറു മണിക്കൂറോളം സമയം വരുന്ന ഈ യാത്ര പെട്ടന്നു യാത്ര പ്ലാൻ ചെയ്യുന്നവർക്കു പറ്റിയ ഒന്നാണ്. പത്തനംതിട്ട, വടശ്ശേരിക്കര, പെരുനാട്, ചിറ്റാർ, സീതാത്തോട്, ആങ്ങമൂഴി, മൂഴിയാർ, കക്കി ഡാം, ഗവി, പുല്ലുമേട്, വണ്ടിപ്പെരിയാർ വഴി കുമളിയിലെത്തുന്ന വിധത്തിലാണ് യാത്രയുടെ റൂട്ട്. കാടുകളുടെ മാത്രമല്ല, ചെറിയ വെള്ളച്ചാട്ടങ്ങൾ. കാടിനുള്ളിലെ അണക്കെട്ടുകൾ, വ്യൂ പോയിന്‍റുകൾ, എന്നിവ കണ്ടുള്ള ഒരു യാത്രയാണിത്. ഭാഗ്യമുണ്ടെങ്കിൽ ഈ യാത്രയിൽ നിങ്ങൾക്ക് വന്യമൃഗങ്ങളെയും കാണാം. രസകരമായ ഒരു ഓഫ് റോഡ് യാത്രാനുഭവം സമ്മാനിക്കുന്ന യാത്രയാകുമിത്.

PC:Sarada C
പത്തനംതിട്ട-കുമളി കെഎസ്ആർടിസി ബസ്
പത്തനംതിട്ടയിൽ നിന്നും രാവിലെ 6.30ന് പുറപ്പെട്ട് ആങ്ങമുഴിയിൽ 8.30, തുടർന്ന് ഗവിയിൽ 11.00 മണിക്ക് എത്തിച്ചേരും. 12.30ന് കുമളി. പത്തനംതിട്ടയിൽ നിന്നു ഗവി വഴി ആദ്യം പുറപ്പെടുന്ന പ്രതിദിന സർവീസ് ആണിത്.
പത്തനംതിട്ടയിൽ നിന്നും ഉച്ചയ്ക്ക് 12.30നാണ് ഗവി വഴിയുള്ള രണ്ടാമത്തെ സർവീസ്. ആങ്ങമുഴിയിൽ 2.30ന് എത്തിച്ചേരുന്ന ബസ് ഗവിയിൽ വൈകിട്ട് 5.00 മണിക്കും കുമളിയിൽ 6.30നും എത്തും.

കുമളി- പത്തനംതിട്ട കെഎസ്ആർടിസി ബസ്
കുമളിയിൽ നിന്നും രാവിലെ 5.30 നാണ് ഗവി വഴിയുള്ള ആദ്യത്തെ പത്തനംതിട്ട ബസ് പുറപ്പെടുന്നത്. ഗവിയിൽ 6.45നും ആങ്ങമൂഴിയിൽ 9.35നും എത്തുന്ന ബസ് പത്തനംതിട്ടയിൽ ചെല്ലുമ്പോഴേയ്ക്കും 11.30 ആകും.
ഇതേ റൂട്ടിലെ രണ്ടാമത്തെ ബസ് സർവീസ് കുമളിയിൽ നിന്നും ഉച്ചയ്ക്ക് 1.10ന് പുറപ്പെടും. ഗവിയിൽ 2.20നും ആങ്ങമൂഴിയിൽ 5.15നും എത്തുന്ന ബസ് പത്തനംതിട്ടയിലെത്തുമ്പോൾ രാത്രി 7.00 മണി ആകും.
പത്തനംതിട്ടയിൽ നിന്നും ഗവി വരെ 153 രൂപയും പത്തനംതിട്ടയിൽ നിന്നും കുമളി വരെ 209 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












