കാസർകോഡ് ജില്ലയിലെ സഞ്ചാരികളുടെ നീണ്ട കാത്തിരിപ്പിനിതാ അവസാനമാകുന്നു. കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെല്ലിന്റെ കാസർകോഡ് നിന്നുള്ള യാത്രകളിതാ ഇവിടെ തുടങ്ങുകയാണ്. കുറഞ്ഞ ചിലവിൽ നാടു കാണുവാൻ സാധാരണക്കാർക്ക് അവസരമൊരുങ്ങുന്ന ബജറ്റ് ടൂറിസം യാത്രകൾ കേരളമൊന്നാകെ ഏറ്റെടുത്തതാണ്.

കാസർകോഡ്-വയനാട് യാത്ര
കാസർകോഡ് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്‍റെ ആദ്യ യാത്ര വയനാട്ടിലേക്കാണ് പോകുന്നത്. രണ്ടു പകലും ഒരു രാത്രിയും നീണ്ടു നിൽക്കുന്ന യാത്രയിൽ വയനാട്ടിലെ ഏറ്റവും മികച്ച കുറേ കാഴ്ചകളും യാത്രാനുഭവങ്ങളും സ്വന്തമാക്കാം.
ഫെബ്രുവരി 25 ശനിയാഴ്ച പുലർച്ചെ 5.30ന് കാസര്‍കോഡ് നിന്നു പുറപ്പെടുന്ന യാത്രയിൽ ആദ്യ സ്റ്റോപ്പ് ശ്രീകണ്ഠപുരത്താണ്. പ്രഭാത ഭക്ഷണത്തിനായി 45 മിനിറ്റാണ് ഇവിടെ നിർത്തുന്നത്. തുടർന്ന് നേരെ മാനന്തവാടിയിലെ പഴശ്ശി ശവകുടീരത്തിലേക്ക് 11.45 ന് എത്തിച്ചേരുന്ന വിധത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. 45 മിനിറ്റാണ് കുടീരവും അവിടുത്തെ പ്രധാന കാഴ്ചകളും കാണുന്നതിനായി അവസരമുള്ളത്. പിന്നീട് ഉച്ചയ്ക്ക് ഒരു മണിയോടു കൂടി പ്രസിദ്ധമായ ബാണാസുര സാഗർ അണക്കെട്ടിലെത്തും. ഉച്ചഭക്ഷണം ഇവിടെ നിന്നും കഴിക്കാം. ആകെ രണ്ടു മണിക്കൂറാണ് ബാണാസുരയിൽ ചിലവഴിത്തുന്നത്. നാലുമണിയോടു കൂടി ഇവിടെ നിന്നിറങ്ങി കർലാട് ലേക്കിലേക്ക് പോകും. ഒരു മണിക്കൂർ സമയമാണ് ഇവിടെ ചിലവഴിക്കുവാനുള്ളത്.
വയനാട്ടിലെത്തുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങളിലൊന്നായി വളരെ വേഗത്തിൽ മാറിയ കർലാടിൽ പുതുതായി ഒരുപാട് കാര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ബോട്ടിങ്, സിപ് ലൈന്‍, കയാക്കിങ് , കുട്ടികളുടെ പാര്‍ക്ക്, ഫ്‌ളോട്ടിങ് ബ്രിഡ്ജ്, എണ്‍പത് അടി ഉയരത്തിലുള്ള ജല ധാര തുടങ്ങി ആകർഷകമായ നിരവധി കാര്യങ്ങൾ ഇവിടെയുണ്ട്.
കർലാട് നിന്നും അഞ്ചരയോടെ സുൽത്താൻ ബത്തേരിയിലേക്ക് മടങ്ങി ആറരയോടെ എത്തിച്ചേരും. രാത്രി ഭക്ഷണവും താമസവും ബത്തേരിയിലാണ് ഒരുക്കിയിട്ടുള്ളത്.
രണ്ടാം ദിവസം
26-ാം തിയതി ഞായറാഴ്ച രാവിലെ തന്നെ യാത്രകളിലേക്ക് കടക്കും. പുലർച്ചെ അഞ്ച് മണിയോടു കൂടി ജംഗിൾ സഫാരിക്കായി ഇറങ്ങും. അറുപത് കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ജംഗിൾ സഫാരി കാടിനുള്ളിലെ രസകരമായ കാഴ്ചകളിലേക്ക് കൊണ്ടുപോകും. തിരികെയെത്തി സുൽത്താൻ ബത്തേരിയിലാണ് പ്രഭാതഭക്ഷണം ഒരുക്കിയിരിക്കുന്നത്.
ശേഷം എടക്കൽ ഗുഹ കാണുവാനായി പോകും. സുൽത്താൻ ബത്തേരിക്ക് സമീപം സ്ഥിതി ചെയ്യുന്ന എടക്കൽ ഗുഹ ചരിത്രകാരന്മാർക്കും സഞ്ചാരികൾക്കും ഒരുപോലെ ആനന്ദം നല്കുന്ന കാഴ്ചകളാണ് ഉള്ളത്. പാറകളിൽ കൊത്തിയിട്ടുള്ള ചിത്രങ്ങൾ, കൊത്തുപണികൾ തുടങ്ങിയവ ഇവിടെ കാണാം. 12 മണിക്ക് ഇവിടെ നിന്നുമിറങ്ങും.
ഇവിടെ നിന്നും നേരെ ഹെറിറ്റേജ് മ്യൂസിയത്തിലേക്ക് പോകും. തുടർന്ന് അമ്പലവയൽ അഗ്രിക്കൾച്ചറൽ ഫാം, എന്നിവ കാണും. തുടർന്ന് ഉച്ചഭക്ഷണം,. അമ്പലവയലിൽ നിന്നും നേരെ കാരാപ്പുഴ ഡാമിലേക്കാണ് പോകുന്നത്. 3.30 മണിക്ക് ഇവിടെ നിന്നിറങ്ങി അഞ്ച് മണിക്ക് കാസർകോഡിന് പുറപ്പെടും. രാത്രി 12.30ന് തിരികെ കാസർകോഡ് എത്തിച്ചേരുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക് 1920 രൂപയാണ്. ഭക്ഷണം ഒഴികെയുള്ള ടിക്കറ്റ് നിരക്കാണിത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













